പാരമ്പര്യം മാത്രമല്ല, സഭയിലാണെന്ന തിരിച്ചറിവും പ്രധാനപ്പെട്ടത്: ലിയോ പതിനാലാമന്‍ പാപ്പാ

 
LEO PAPA 111



വത്തിക്കാന്‍സിറ്റി: മതബോധനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയും പാരമ്പര്യത്തിന്റെയും ശീലത്തിന്റെയും പേരില്‍ മാത്രം ക്രൈസ്തവരാകാതെ ക്രിസ്തുവിന്റെ ജീവിക്കുന്ന ശരീരമാകുന്ന സഭയില്‍ അംഗങ്ങളാണെന്ന തിരിച്ചറിവോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കിയും ലിയോ പതിനാലാമന്‍ പാപ്പാ. 


'വിശുദ്ധ പത്രോസിന്റെ ചത്വരം' എന്ന മാസികയില്‍, വായനക്കാരുടെ കത്തുകള്‍ക്കുള്ള മറുപടി നല്‍കുന്നതിന്റെ ഭാഗമായാണ് സജീവമായ വിശ്വാസജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചത്.

താന്‍, വിശ്വാസത്തിന്റെ വിത്തുകള്‍ വിതയ്ക്കുമ്പോഴും അതിന്റെ ചെടികള്‍ വളരാന്‍ ബുദ്ധിമുട്ടുന്നുവെന്നും കുട്ടികളും കുടുംബങ്ങളും സ്‌പോര്‍ട്‌സും ആഘോഷങ്ങളുമാണ് കൂടുതല്‍ തിരഞ്ഞെടുക്കുന്നതെന്നും എഴുതിയ സ്വിറ്റസര്‍ലണ്ടില്‍നിന്നുള്ള നൂണ്‍സിയ എന്ന മതബോധാനാദ്ധ്യാപികയുടെ കത്തിന് മറുപടി നല്‍കിയ പാപ്പാ വിശ്വാസികളുടെ എണ്ണം അപ്രധാനമല്ലെങ്കിലും തങ്ങള്‍ സഭയുടെ ഭാഗമാണെന്ന തിരിച്ചറിവാണ് കൂടുതല്‍ പ്രധാനപ്പെട്ടതെന്ന് എഴുതി.

നൂണ്‍സിയ എന്ന മതാദ്ധ്യാപിക ഉയര്‍ത്തുന്ന ചോദ്യവും സംശയവും, അതിന് പിന്നിലെ യാഥാര്‍ത്ഥ്യവും പുരാതനക്രൈസ്തവപരമ്പര്യമുള്ള മറ്റു രാജ്യങ്ങളിലും വ്യത്യസ്തമല്ലെന്നും പാപ്പാ ഓര്‍മ്മപ്പിച്ചു. 

മതബോധന ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെങ്കിലും മതാദ്ധ്യാപനത്തിന് വേണ്ടി ചിലവഴിക്കുന്ന മണിക്കൂറുകള്‍ ഒരിക്കലും പാഴാക്കിക്കളഞ്ഞ സമയമല്ലെന്നും പാപ്പാ പ്രസ്താവിച്ചു.

വിശുദ്ധമായവയുടെയും, കൂദാശകളുടെയും വെറും സ്വീകര്‍ത്താക്കള്‍ എന്ന നിലയിലോ, ശീലം കൊണ്ടോ മാത്രമോ വിശ്വാസികളായി തുടരുന്നതിലെ അപാകത പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി.

 ക്രൈസ്തവര്‍ എന്ന നിലയില്‍ നമുക്കേവര്‍ക്കും പരിവര്‍ത്തനത്തിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ഇത് സഭയിലെ അംഗങ്ങളെന്ന നിലയില്‍ നാം ഒരുമിച്ച് തേടേണ്ടതുണ്ട്. 

വിശ്വാസത്തിന്റെ യഥാര്‍ത്ഥ വാതില്‍ എല്ലായ്പ്പോഴും നമുക്കായി തുറന്നിരിക്കുന്ന ക്രിസ്തുവിന്റെ ഹൃദയമാണെന്നും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു.

വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായുടെ ചിന്തകളെ അടിസ്ഥാനമാക്കി ക്രിസ്തുവിന്റെ സുവിശേഷം നല്‍കുന്ന ആനന്ദത്തിന്റെയും പുതുജീവിതത്തിന്റെയും പുനരുത്ഥാനത്തിന്റെയും സാക്ഷ്യമേകാനും ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തന്റെ മറുപടി അവസാനിപ്പിച്ചത്.

സമാധാനവുമായി ബന്ധപ്പെട്ട ചിന്തകളാണ് ഇത്തവണത്തെ 'വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുള്ളത്' ഐക്യരഷ്ട്രസഭാ സെക്രെട്ടറി ജനറല്‍ അന്തോണിയോ ഗുത്തേരെസ് സമാധാനവുമാണ് ബന്ധപ്പെട്ട് പങ്കുവയ്ക്കുന്ന ചിന്തകള്‍, പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന്റെ അവസാനം, ക്രൈസ്തവികതയുടെ കേന്ദ്രത്തില്‍നിന്ന്, വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍നിന്നുയരുന്ന സമാധാനത്തിനായുള്ള നിലവിളി തുടങ്ങിയവയാണ് ജനുവരി മാസത്തിലെ മാസികയിലുള്ളത്. ഫാ. എന്‍സോ ഫൊര്‍ത്തുണാത്തോയാണ് ഈ മാസികയുടെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.
 

Tags

Share this story

From Around the Web