പട്ടിണിയെ ആയുധമാക്കുന്നത് കുറ്റകരമെന്ന് ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍: പട്ടിണി അവസാനിപ്പിക്കുകയെന്നത് ഏവരുടെയും ധാര്‍മ്മികമായ ഒരു ഉത്തരവാദിത്വമാണെന്നും, ഇന്നും ലക്ഷക്കണക്കിനാളുകള്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കേണ്ടിവരുന്നത് നാമുള്‍പ്പെടുന്ന മാനവികതയുടെ പരാജയമാണെന്നും ലിയോ പതിനാലാമന്‍ പാപ്പാ.
ലോകത്ത് പട്ടിണിക്കെതിരെ പോരാടുവാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ രൂപം നല്‍കിയ 'ഭക്ഷ്യ കാര്‍ഷിക സംഘടന' യുടെ റോമിലുള്ള കേന്ദ്രത്തില്‍ ഒക്ടോബര്‍ 16 വ്യാഴാഴ്ച രാവിലെ നടത്തിയ തന്റെ പ്രഭാഷണത്തില്‍ പട്ടിണിയും പോഷകാഹാരക്കുറവും പോലെയുള്ള തിന്മകള്‍ അവസാനിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പാ ആഹ്വാനം ചെയ്തു.
ലോകഭക്ഷ്യദിനത്തിന്റെയും ഫാവോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഭക്ഷ്യ കാര്‍ഷിക സംഘടന സ്ഥാപിക്കപ്പെട്ടതിന്റെ എണ്‍പതാം വാര്‍ഷികത്തിന്റെയും കൂടി പശ്ചാത്തലത്തിലാണ് പാപ്പാ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
ലോകത്ത് ശുദ്ധജലവും ഭക്ഷണവും ചികിത്സയും സുരക്ഷിതമായ പാര്‍പ്പിടവും വിദ്യാഭ്യാസവും ലഭിക്കാത്ത അനേകലക്ഷം ജനങ്ങളുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ഇത്തരം ആളുകളുടെ നിരാശയും കണ്ണീരും ദുരിതവും കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാകില്ലെന്ന് പ്രസ്താവിച്ചു.
പട്ടിണിയെ ഒരു യുദ്ധ ആയുധമായി കണക്കാക്കി മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഉക്രൈന്‍, ഗാസ, ഹൈറ്റി, അഫ്ഗാനിസ്ഥാന്‍, മാലി, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, യമന്‍, തെക്കന്‍ സുഡാന്‍ തുടങ്ങി വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും മൂലം സഹനത്തിനും മരണത്തിനും വിധിക്കപ്പെട്ട് കഴിയുന്ന ജനതകളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ഇത്തരം വേദനകളുടെയും ദുരിതങ്ങളുടെയും മുന്നില്‍ അന്താരാഷ്ട്രസമൂഹത്തിന് കണ്ണടച്ചിരുട്ടാക്കാനാകില്ലെന്ന് പാപ്പാ പ്രസ്താവിച്ചു.
ലോകത്ത് നിലനില്‍ക്കുന്നതും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതുമായ പട്ടിണിക്കും പോഷകാഹാരക്കുറവിനും പരിഹാരം കണ്ടെത്തുകയെന്നത് വ്യവസായികളുടെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും ചുരുക്കം ചില ആളുകളുടെയും മാത്രം ചുമതലയല്ലെന്നും, അതില്‍ നാമെല്ലാവരും പങ്കുചേരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ദാരിദ്ര്യമനുഭവിക്കുന്നവരെ സഹോദരതുല്യം കണ്ട് സഹായിക്കാനും പാപ്പാ ഉദ്ബോധിപ്പിച്ചു. ലോകത്ത് ഏതാണ്ട് അറുപത്തിയേഴ് കോടിയിലധികം ജനങ്ങളാണ് വിശന്ന് കിടന്നുറങ്ങാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
സമൂഹങ്ങളിലും രാഷ്ട്രങ്ങളിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കും, അവരുടെ പ്രാധാന്യവും, അന്താരാഷ്ട്രസഹകരണത്തെയും നമ്മുടെ ജീവിതശൈലിയെയും കുറിച്ചുള്ള വിചിന്തനത്തിന്റെ ആവശ്യം, ആരെയും അവഗണിക്കാത്ത നീതിപൂര്‍ണ്ണമായ സാമൂഹ്യവ്യവസ്ഥിതി, പങ്കുവയ്ക്കലിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും തന്റെ സുദീര്‍ഘമായ പ്രഭാഷണത്തില്‍ പാപ്പാ പരാമര്‍ശിച്ചു.
ലോകഭക്ഷ്യദിനത്തിന്റെയും ഫാവോയുടെ എണ്‍പതാം വാര്‍ഷികത്തിന്റെയും പശ്ചാത്തലത്തില്‍ നടന്ന ഈ ചടങ്ങില്‍, ഇറ്റലിയുടെ പ്രധാനമന്ത്രി ജ്യോര്‍ജ്യ മെലോണി ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രെട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഫാവോയുടെ ജനറല്‍ ഡയറക്ടര്‍ ക്യു ദോന്ഗ്യൂ തുടങ്ങി ആയിരത്തി ഇരുന്നൂറോളം പേര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.