തൊഴില്‍മേഖലയില്‍ മനുഷ്യാന്തസ്സും സുരക്ഷയും ഉറപ്പുവരുത്തണം: ലിയോ പതിനാലാമന്‍ പാപ്പാ

 
LEO



വത്തിക്കാന്‍: ഇറ്റലിയിലെ തൊഴില്‍മേഖലയില്‍ വിദഗ്‌ദോപദേശങ്ങള്‍ നല്‍കുന്ന ആളുകളുടെ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അവരുടെ പ്രസ്ഥാനത്തിന്റെ അറുപതാം സ്ഥാപനവര്‍ഷികത്തില്‍ തൊഴില്‍ മേഖലകളില്‍ മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും, തൊഴില്‍ ദാതാക്കള്‍ക്കും തൊഴിലാളികള്‍ക്കുമിടയിലുള ഇടനിലക്കാര്‍ എന്ന ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിര്‍വ്വഹിക്കാനും തൊഴിലിടങ്ങളില്‍ ഏവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനും പാപ്പാ ആഹ്വാനം ചെയ്തു.

ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട് തൊഴില്‍ മേഖലയില്‍ മുടക്കിയിരിക്കുന്ന മുതലിനോ, കച്ചവടനിയമങ്ങള്‍ക്കോ, ലാഭത്തിനോ എന്നതിനേക്കാള്‍ വ്യക്തികള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും നന്മയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ആഹ്വാനം ചെയ്ത പാപ്പാ, അതുവഴി തൊഴിലാളികളുടെ അന്തസ്സ് ഉറപ്പുവരുത്താനും, അവരുടെ ആവശ്യങ്ങളില്‍ സഹായമേകാനും സാധിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു.

പുതിയ കുടുംബങ്ങള്‍, കൊച്ചുകുട്ടികളുള്ള മാതാപിതാക്കള്‍, വയോധികരോ രോഗികളോ ആയ വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് നല്‍കേണ്ട പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.

 നിര്‍മ്മിതബുദ്ധി പോലെയുള്ള സാങ്കേതികവിദ്യകളുടെ ഇക്കാലത്ത്, മനുഷ്യ-സാഹോദര്യ സമൂഹമെന്ന നിലയില്‍ കമ്പനികള്‍ക്കുള്ള ചുമതലകള്‍ അവര്‍ ശരിയായി നിര്‍വ്വഹിക്കുന്നുവെന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

തൊഴില്‍ ദാതാക്കളും, തൊഴിലാളികളും തമ്മിലുള്ള ബന്ധത്തിനിടയില്‍ നില്‍ക്കുന്നവര്‍ എന്ന നിലയില്‍, ഇരുകൂട്ടരുടെയും നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അസോസിയേഷന്റെ ഉത്തരവാദിത്വവും ഓര്‍മ്മിപ്പിച്ച പാപ്പാ, ഏതെങ്കിലും ഒരു കൂട്ടര്‍ക്കൊപ്പം നിന്ന് അമിതമായ അധികാര ഉപയോഗത്തെയോ, യാഥാര്‍ത്ഥ്യബോധത്തില്‍നിന്നകന്ന അവകാശവാദങ്ങളെയോ പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. 

സ്വന്തം ആവശ്യങ്ങള്‍ അവതരിപ്പിക്കാനോ, തന്റെ താത്പര്യങ്ങള്‍ മാനിക്കപ്പെടുന്നത് ഉറപ്പാക്കാനോ കഴിവില്ലാത്ത ആളുകള്‍ക്ക് ഒപ്പം നില്‍ക്കാനും നീതിയുടെയും കാരുണ്യത്തിന്റെയും മനോഭാവം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകാനും പാപ്പാ ആഹ്വാനം ചെയ്തു.

തൊഴില്‍ മേഖലയിലുണ്ടാകേണ്ട സുരക്ഷയുമായി ബന്ധപ്പെട്ട് സംസാരിക്കവെ, തൊഴിലാളികള്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളില്‍നിന്ന് രക്ഷപെടുന്നതിനും, അവ ഒഴിവാക്കുന്നതിനും വേണ്ട മുന്‍കരുതല്‍ ഉറപ്പാക്കാന്‍ സഹായിക്കുന്ന പരിശീലനത്തിന്റെ ആവശ്യം എടുത്തുപറഞ്ഞു. 

ഇപ്പോഴും പല തൊഴിലിടങ്ങളിലും ആളുകള്‍ മരിക്കുന്നുണ്ടെന്ന കാര്യം അനുസ്മരിച്ച പാപ്പാ, തൊഴിലാളികള്‍ തങ്ങളുടെ ദിവസത്തിന്റെ ഏറിയ പങ്കും ചിലവിടുന്ന തൊഴിലിടങ്ങള്‍ മരണത്തിന്റെ ഇടങ്ങളാകരുതെന്ന് ഓര്‍മ്മിപ്പിച്ചു. പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു. 

Tags

Share this story

From Around the Web