പരിസ്ഥിതി സംരക്ഷണം നരകുലത്തിന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് ലിയോ പതിന്നാലാമന്‍ പാപ്പ

വത്തിക്കാന്‍:പരിസ്ഥിതി സുസ്ഥിരതയും സൃഷ്ടിയുടെ സംരക്ഷണവും മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമായ പ്രതിബദ്ധതകളാണെന്നും നമ്മുടെ സമൂഹങ്ങളുടെ സംവിധാനത്തിലും സമാധാനപരവും സുദൃഢവുമായ മാനവസഹവര്‍ത്തിത്വം സാധ്യമാക്കുന്നതിലും അവയ്ക്ക് പ്രത്യക്ഷ സ്വാധീനമുണ്ടെന്നും പാപ്പാ.
''സൃഷ്ടിയും പ്രകൃതിയും പരിസ്ഥിതിയും സമാധാനപരമായ ലോകത്തിന്'' എന്ന ശീര്‍ഷകത്തില്‍ ദൈവവിജ്ഞാനീയ പൊന്തിഫിക്കല്‍ അക്കാദമി സെപ്റ്റംബര്‍ 11,12 തീയതികളില്‍ വത്തിക്കാനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചര്‍ച്ചായോഗത്തില്‍ സംബന്ധിച്ചവരടങ്ങിയ നൂറ്റിമുപ്പതോളം പേരുടെ ഒരു സംഘത്തെ പതിമൂന്നാം തീയതി ശനിയാഴ്ച പേപ്പല്‍ ഭവനത്തിലെ ക്ലെമെന്റെയിന്‍ ശാലയില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമന്‍ പാപ്പാ.
നമ്മുടെ ലോകത്തിലെ പാരിസ്ഥിതികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും എല്ലാവരുടെയും പരിശ്രമം ആവശ്യമാണെന്നും, പ്രാദേശിക, ദേശീയ, സാംസ്‌കാരിക, മതപരമായ പ്രതിബന്ധങ്ങളെയും പരിമിതികളെയും മറികടക്കുന്ന ഐക്യദാര്‍ഢ്യത്തിന്റെയും സഹകരണത്തിന്റെയും മനോഭാവത്തില്‍ ഓരോരുത്തരും അവരവരുടെ പങ്ക് നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു.
ദൈവശാസ്ത്രത്തെക്കുറിച്ചും പാപ്പാ പരമാര്‍ശിച്ചു. ദൈവശാസ്ത്രം തീര്‍ച്ചയായും സഭയുടെ പ്രേഷിത സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളുടെ ഘടനാപരമായ ഒരു മാനമാണെന്നും അതിന്റെ വേരുകള്‍ സുവിശേഷത്തിലും അതിന്റെ ആത്യന്തിക ലക്ഷ്യമായ ദൈവവുമായുള്ള കൂട്ടായ്മയിലുമാണെന്നും ഈ കൂട്ടായ്മയാണ് ക്രിസ്തീയ സന്ദേശത്തിന്റെ ലക്ഷ്യമെന്നും പാപ്പാ വിശദീകരിച്ചു.
അതിനാല്‍ ദൈവവിജ്ഞാനീയം, ശാസ്ത്രങ്ങളുമായും തത്ത്വചിന്ത, കല, ആകമാന മനുഷ്യാനുഭവങ്ങള്‍ എന്നിവുമായുള്ള സംഭാഷണത്തിലൂടെ ഉപരിവിശാലമായ അസ്തിത്വ ചക്രവാളങ്ങള്‍ തുറക്കുന്ന ജ്ഞാനമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ദൈവശാസ്ത്രജ്ഞനോ ദൈവശാസ്ത്രജ്ഞയോ, വിശ്വാസത്തിന്റെ 'അറിവും' 'സ്വാദും' എല്ലാവരുമായും പങ്കുവയ്ക്കുകയെന്ന ഔത്സുക്യം ജീവിക്കുന്ന ഒരു പ്രേഷിത വ്യക്തിയാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മിതബുദ്ധിയുള്‍പ്പടെയുള്ള സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും പരമാര്‍ശിക്കുന്ന പാപ്പാ കൃത്രിമബുദ്ധിയുടെ സങ്കീര്‍ണ്ണമായ ലോകത്തോടുള്ള ഒരു പ്രത്യേക ധാര്‍മ്മിക സമീപനം മാത്രം പോരായെന്നും ധാര്‍മ്മിക പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നരവംശശാസ്ത്ര ദര്‍ശനം ആവശ്യമാണെന്നും വ്യക്തമാക്കി.
അതുകൊണ്ടുതന്നെ, ക്രിസ്തുവുമായുള്ള വ്യക്തിപരവും പരിവര്‍ത്തനാത്മകവുമായ ഒരു കൂടിക്കാഴ്ചയില്‍ അധിഷ്ഠിതമായ ഒരു ദൈവശാസ്ത്രം വളര്‍ത്തിയെടുക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു