സമര്‍പ്പിതര്‍ സാഹോദര്യം വളര്‍ത്തുന്നവരാകണം: ലിയോ പതിനാലാമന്‍ പാപ്പാ

​​​​​​​

 
papa ewww

വത്തിക്കാന്‍: സഭയ്ക്ക് സമര്‍പ്പിതരെ ആവശ്യമാണെന്നും, വൈവിധ്യമാര്‍ന്ന അവരുടെ സേവനങ്ങള്‍ സഭയില്‍  അത്യന്താപേക്ഷിതമാണെന്നുമുള്ള ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ എടുത്തു പറഞ്ഞുകൊണ്ട്, സമര്‍പ്പിതരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലെ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട്, ലിയോ പതിനാലാമന്‍ പാപ്പാ സന്ദേശം നല്‍കി. 


സമര്‍പ്പിതരുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിനെ സ്ഥാപിച്ചാല്‍, ലോകത്തെ ഉണര്‍ത്തുന്നതില്‍ അവര്‍ക്ക്  സംഭാവന നല്‍കുവാന്‍ സാധിക്കുമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

കര്‍ത്താവില്‍ വേരൂന്നിയ സമര്‍പ്പിതജീവിതം നയിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്നതും പാപ്പാ ഓര്‍മ്മപ്പെടുത്തി. അപ്രകാരം മാത്രമേ, സമര്‍പ്പിതരുടെ ദൗത്യം ഫലപ്രദമായ രീതിയില്‍ നിര്‍വഹിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.

മനുഷ്യരാശിക്ക് വേണ്ടി ദൈവം പുലര്‍ത്തുന്ന സമാധാനത്തിന്റെയും രക്ഷയുടെയും മഹത്തായ പദ്ധതിയില്‍ ഒരു പ്രകാശമാനമായ പാത കണ്ടെത്തണമെന്നും, അതിനാല്‍ 'ഹൃദയത്തിലേക്ക് മടങ്ങുക' എന്ന ഊഷ്മളമായ ആഹ്വാനം താന്‍ വീണ്ടും അഭിസംബോധന ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. 

ആത്മാഭിമാനവും ആത്മസമര്‍പ്പണവുമെല്ലാം ഹൃദയത്തിലാണ് സൃഷ്ടിക്കപെടുന്നതെന്നു പറഞ്ഞ പാപ്പാ, പ്രാര്‍ത്ഥനയിലും ദൈവവുമായുള്ള കൂട്ടായ്മയിലും വളര്‍ത്തിയെടുക്കപ്പെട്ട ആന്തരികതയിലാണ് നന്മയുടെ വേരുകള്‍ ഉറപ്പിക്കുവാന്‍ സാധിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അഭിഷേകം ചെയ്യപ്പെട്ടവര്‍ തങ്ങളുടെ ജീവിതം കൊണ്ടാണ് ആ ചൈതന്യത്തിന്റെ വാഹകരും, സാക്ഷികളുമാകുവാന്‍ ആഗ്രഹിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തി. വാക്കിലൂടെയും മാതൃകയിലൂടെയും ഐക്യത്തിന്റെ പ്രചാരകരായി മറുവാനും പാപ്പാ ആഹ്വാനം ചെയ്തു. 

സംഭാഷണത്തിലും, പരസ്പര ധാരണയിലും, വ്യത്യാസങ്ങളോടുള്ള ബഹുമാനത്തിലും, ഓരോ മനുഷ്യരിലും പവിത്രവും അത്ഭുതകരവുമായ ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കുവാന്‍ സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

സാര്‍വത്രിക സാഹോദര്യത്തോടുള്ള പ്രതിബദ്ധത, ദരിദ്രരോടുള്ള ശ്രദ്ധ, സൃഷ്ടിയോടുള്ള കരുതല്‍ എന്നിവ സമര്‍പ്പിതരുടെ ദൈനംദിന പ്രതിബദ്ധതയാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. ഈ മഹത്തായ പാരമ്പര്യത്തിന്റെ കാവല്‍ക്കാരും പ്രോത്സാഹകരുമായി സമര്‍പ്പിതര്‍ മാറുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. 

തുടര്‍ന്ന്, ക്രിസ്തുവിന്റെ ശരീരത്തിന്റെ തുടര്‍ച്ചയായ നവീകരണത്തിനായി, സിനഡാലിറ്റിയുടെ ജീവിതമാതൃക സമര്‍പ്പിതരുടെ ജീവിതത്തില്‍ പുലര്‍ത്തുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. പരസ്പരശ്രവണവും, പങ്കാളിത്തവും, പങ്കുവയ്ക്കലും, പൊതുവായ യാത്രയും ഈ സിനഡല്‍ യാത്രയുടെ മൂല്യങ്ങളാണെന്നും, ആത്മാവിന്റെ പ്രചോദനമനുസരിച്ച് സമര്‍പ്പിതര്‍ ജീവിതം നയിക്കണമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

ഭിന്നതകളെ മറികടക്കുന്നതിലൂടെയും, ക്ഷമിച്ചും, ക്ഷമ ചോദിക്കുന്നതിലൂടെയും, ദൈവജനസേവനത്തിന്റെ പ്രവാചകരാകണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സമര്‍പ്പിതരുടെ വിശ്വസ്തതയ്ക്കും, സഭയിലും ലോകത്തിലും അവര്‍  ചെയ്യുന്ന വലിയ നന്മയ്ക്കും പാപ്പാ പ്രത്യേകം  നന്ദിയര്‍പ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web