വിശ്വാസികള്‍ സഭയുടെ ജീവനുള്ള ശിലകളാണെന്ന് ലിയോ പതിന്നാലാമന്‍ പാപ്പാ

റഷ്യയില്‍ നിന്നും ജൂബിലി തീര്‍ത്ഥാടനത്തിനായി റോമില്‍ എത്തിചേര്‍ന്ന തീര്‍ത്ഥാടകരുമായി ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച നടത്തുകയും അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.
'യാത്ര പുറപ്പെടുന്നത് ജീവിതത്തിന്റെ അര്‍ത്ഥം തേടി പോകുന്നവരുടെ സവിശേഷതയാണ് ' എന്നുള്ള ജൂബിലി ബൂളയിലെ വാക്കുകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
അപ്പോസ്തലന്മാരുടെയും, രക്തസാക്ഷികളുടെയും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന നിത്യനഗരമായ റോമിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര, ഹൃദയങ്ങളില്‍ പ്രത്യാശ നിറയ്ക്കാന്‍ സഹായകരമായിരിക്കുമെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു.
അപ്പസ്‌തോലിക കാലം മുതല്‍ ക്രൈസ്തവ ആത്മാവിന്റെ സ്പന്ദനം കുടികൊള്ളുന്ന ഈ നഗരത്തിലേക്ക് സന്ദര്‍ശനം നടത്തുവാന്‍ ആഗ്രഹിക്കുന്ന നിരവധി തലമുറകളുടെ യാത്രയുടെ ഭാഗമാണ് ഈ തീര്‍ത്ഥാടനമെന്നും പാപ്പാ പറഞ്ഞു.
പുരാതന റോമന്‍ നാഗരികതയുടെ സ്മാരകങ്ങള്‍ക്കൊപ്പം ബസിലിക്കകള്‍, പള്ളികള്‍, ആശ്രമങ്ങള്‍, ജനങ്ങളുടെ ഹൃദയത്തില്‍ വേരൂന്നിയ, വിശ്വാസത്തിന്റെ മറ്റ് നിരവധി വ്യക്തമായ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന റോമന്‍ നഗരം, മനുഷ്യ അസ്തിത്വത്തിന്റെ ഒരു പ്രതീകമാണെന്നും പാപ്പാ ചൂണ്ടികാണിച്ചു.
ഇവിടെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍, ഉത്കണ്ഠകള്‍, അനിശ്ചിതത്വങ്ങള്‍ എന്നിവ ഉണ്ടായിട്ടുണ്ടെങ്കിലും, അവയില്‍ നിന്നും കര്‍ത്താവിന് ഒരു പുതിയ ലോകവും നവമായ ജീവിതവും നിര്‍മ്മിക്കാന്‍ കഴിയുമെന്നതില്‍ തെല്ലും സംശയമില്ലെന്നും പാപ്പാ എടുത്തുപറഞ്ഞു.
നാം ഓരോരുത്തരും സഭയുടെ ജീവനുള്ള ശിലകളാണെന്നും. ഓരോ കല്ലും, ചെറുതാണെങ്കിലും, കര്‍ത്താവ് ശരിയായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നുവെന്നും, മുഴുവന്‍ നിര്‍മ്മാണത്തിന്റെയും സ്ഥിരതയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ഈ ജൂബിലി തീര്‍ത്ഥാടനത്തിനുശേഷം സ്വദേശത്തേക്കു മടങ്ങുമ്പോള്‍, തീര്‍ത്ഥാടകര്‍ എന്നനിലയില്‍ പ്രാദേശിക സഭയുടെമേലുള്ള ഉത്തരവാദിത്വവും പാപ്പാ ഓര്‍മ്മിപ്പിച്ചു. സ്‌നേഹം, സാഹോദര്യം, ഐക്യദാര്‍ഢ്യം, പരസ്പര ബഹുമാനം എന്നിവയുടെ മാതൃക നല്‍കുവാനും ഏവരെയും പാപ്പാ ആഹ്വാനം ചെയ്തു.