ഇസ്രായേൽ പാലസ്തീൻ പ്രശ്നത്തിൽ മറുപടിയുമായി ലിയോ പതിനാലാമൻ പാപ്പാ

 
LEO POPE

ഗാസാ പ്രശ്‌നപരിഹാരത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അംഗീകാരത്തോടെ വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതി യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് ലിയോ പതിനാലാമന്‍ പാപ്പാ. 

ഹമാസ് നേതാക്കള്‍ ഈ പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ അംഗീകരിക്കുമെന്ന്, സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച വൈകുന്നേരം കസ്‌തേല്‍ ഗാന്തോള്‍ഫോയില്‍നിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. 

ഇതിനോടകം അറബ് മേഖലയില്‍നിന്നുള്ളവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അമേരിക്ക മുന്നോട്ടുവച്ച പദ്ധതിയെ സ്വാഗതം ചെയ്തിരുന്നു.

ഗാസായില്‍ വെടിനിറുത്തല്‍ ഉണ്ടാകേണ്ടതും, ബന്ദികളായി തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ സ്വാതന്ത്രരാക്കപ്പെടുന്നതും പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആളുകളുമായി ചെറു കപ്പലുകളുടെയും ബോട്ടുകളുടെയും ഒരു വ്യൂഹം ഇസ്രായേല്‍ പ്രതിരോധം മറികടന്ന് പാലസ്തീനായിലേക്ക് മാനവികസഹായമെത്തിക്കാനുള്ള  പരിശ്രമം തുടരുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ, മാനവികപ്രതിസന്ധിയോട് പ്രത്യുത്തരിക്കാനുള്ള ആഗ്രഹം ശ്രദ്ധേയമാണെന്നും, എന്നാല്‍ അവിടെ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്നും, മനുഷ്യജീവിതങ്ങള്‍ മാനിക്കപ്പെടട്ടെയെന്നും പാപ്പാ പറഞ്ഞു.

അമേരിക്കന്‍ പ്രതിരോധസെക്രെട്ടറി പീറ്റ് ഹെഗ്‌സേത് വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍, വേണ്ടിവന്നാല്‍ ന്യൂക്ലിയര്‍ ആയുധം ഉപയോഗിച്ചുള്ള യുദ്ധത്തിന് പോലും തയ്യാറാണെന്ന പരാമര്‍ശം ഉയര്‍ന്നതിനെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ, ഇത്തരത്തിലുള്ള സംസാരം ആശങ്കപ്പെടുത്തുന്നതാണെന്നും സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളാകുന്നതാണ് നാം കാണുന്നതെന്നും അഭിപ്രായപ്പെട്ടു.

 പ്രതിരോധമന്ത്രാലയം എന്നതിന് പകരം യുദ്ധമന്ത്രാലയം എന്ന പേര് സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ട്രംപ് പറഞ്ഞത് വെറുമൊരു സംസാരശൈലി മാത്രമാണെന്ന് കരുതാമെന്നും, ബലപ്രയോഗത്തിലൂടെ സമ്മര്‍ദ്ധം ചെലുത്താനുള്ള ഒരു ശ്രമമാണിതെന്നും, യഥാര്‍ത്ഥത്തില്‍ യുദ്ധം ഉണ്ടാകില്ലെന്നും നമുക്ക് പ്രതീക്ഷിക്കാമെന്നും പറഞ്ഞ പാപ്പാ, സമാധാനത്തിനായി നാം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

ലണ്ടനില്‍ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ സാമ്പത്തികവിനിയോഗം സംബന്ധിച്ച കോടതിനടപടികളെക്കുറിച്ച് ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, അന്വേഷണവും മറ്റു പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകണമെന്നും, അതില്‍ ഇടപെടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. നടപടികള്‍ വക്കീല്‍മാരും ജഡ്ജിമാരും അവ നടത്തട്ടെയെന്നും പാപ്പാ പറഞ്ഞു.

അബോര്‍ഷന്‍ അനുകൂലമനോഭാവമുള്ള അമേരിക്കന്‍ സെനറ്റര്‍ ഡിക്ക് ഡര്‍ബിന് ചിക്കാഗോ കര്‍ദ്ദിനാള്‍ ബ്ലൈസ് കുപ്പിച് സമ്മാനം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേ, അതേകുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്ന് പറഞ്ഞ പാപ്പാ, നാല്‍പ്പത് വര്‍ഷങ്ങള്‍ സെനറ്ററായി സേവനമനുഷ്ഠിച്ച ഒരാളെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പരിഗണിക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിച്ചു. 

അബോര്‍ഷന് എതിരു നില്‍ക്കുകയും എന്നാല്‍ വധശിക്ഷയെ അനുകൂലിക്കുകയും ചെയ്യുന്ന മനോഭാവം 'ജീവോന്മുഖമായ' ഒന്നല്ലെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. അമേരിക്കയില്‍ കുടിയേറ്റക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റത്തോട് യോജിക്കുന്നതും ഇതില്‍നിന്ന് വ്യത്യസ്തമല്ലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 29 തിങ്കളാഴ്ച കസ്‌തേല്‍ ഗാന്തോള്‍ഫോയിലെത്തിയ പാപ്പാ, ചൊവ്വാഴ്ച വൈകിട്ട് എട്ടരയോടെയാണ് വത്തിക്കാനിലേക്ക് തിരികെ യാത്രയായത്.

Tags

Share this story

From Around the Web