സമാധാനത്തിനായുള്ള കരുതൽ ജീവനായുള്ള കരുതലാണെന്ന് ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
സമാധാനത്തിനായുള്ള കരുതൽ യഥാർഥത്തിൽ ജീവനു വേണ്ടിയുള്ള കരുതലാണെന്ന് ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ആഗോള കത്തോലിക്കാ സഭ ‘ലൗദാത്തോ സി’ വാരം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ലോകത്ത് എല്ലായിടത്തും സമാധാനം നിലനിൽക്കട്ടെയെന്ന് പരിശുദ്ധ പിതാവ് പ്രാർഥിച്ചു. ഞായറാഴ്ച വത്തിക്കാനിൽ നടന്ന ‘സ്വർല്ലോകരാജ്ഞി’ പ്രാർഥനാമധ്യേ സംസാരിക്കുകയായിരുന്നു മാർപാപ്പ. മെയ് 17 മുതൽ 24 വരെയാണ് ഈ വർഷത്തെ ലൗദാത്തോ സി വാരമായി ആചരിക്കുന്നത്.
ഭൂമി എന്ന നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണത്തിനായി ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച പ്രബോധനരേഖയുടെ വാർഷികമാണ് ‘ലൗദാത്തോ സി’ വാരത്തിലൂടെ സഭ ആഘോഷിക്കുന്നത്. കേവലം പ്രത്യാശകളിൽ ഒതുങ്ങാതെ പരിസ്ഥിതിസംരക്ഷണത്തിനായി പ്രവൃത്തിപഥത്തിൽ ഇറങ്ങാൻ ഈ വാരം ഏവരെയും ക്ഷണിക്കുന്നു. ‘ലൗദാത്തോ സി’ പ്രസ്ഥാനത്തിലെ അംഗങ്ങളും പരിസ്ഥിതിസംരക്ഷകരും ഭൂമിയുടെ കാവലാളാകാനുള്ള തങ്ങളുടെ പ്രതിബദ്ധത പുതുക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.
സഭ, വി. ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികം ആചരിക്കുന്ന വേളയിൽ, പ്രകൃതിയോടും സൃഷ്ടികളോടുമുള്ള വിശുദ്ധന്റെ സ്നേഹവും സമാധാനസന്ദേശവും മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു. ഈ ജൂബിലിവർഷത്തിൽ ദൈവത്തോടും സഹോദരങ്ങളോടുമൊപ്പം എല്ലാ സൃഷ്ടികളോടും സമാധാനത്തിൽ വർത്തിക്കാൻ നമ്മൾ തയ്യാറാകണം. എന്നാൽ, സമീപവർഷങ്ങളിൽ ലോകത്തിലുണ്ടായ യുദ്ധങ്ങൾ പ്രകൃതിസംരക്ഷണ മേഖലയിലെ പുരോഗതിയെ വലിയ തോതിൽ മന്ദഗതിയിലാക്കിയതിൽ മാർപാപ്പ ആഴമായ ദുഃഖം രേഖപ്പെടുത്തി.
സമാധാനവും പരിസ്ഥിതിയും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. പരിസ്ഥിതിക്കു വേണ്ടിയുള്ള പോരാട്ടം സമാധാന അന്തരീക്ഷത്തിൽ മാത്രമേ പൂർണ്ണമാകുകയുള്ളൂവെന്നും അതിനാൽ സമാധാനം നിലനിർത്താൻ ശ്രമിക്കുന്നത് ജീവനെത്തന്നെ പരിപാലിക്കുന്നതിനു തുല്യമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.