ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയിലും സഹനമനുഭവിക്കുന്ന കുട്ടികളെ അനുസ്മരിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

 
LEO PAPA 123


തിരുവനന്തപുരം: ആനന്ദത്തിന്റെയും ആഘോഷങ്ങളുടെയും ക്രിസ്തുമസ് ദിനങ്ങളില്‍പ്പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് വിളക്കുകളോ സംഗീതമോ ഇല്ലാതെ ജീവിക്കേണ്ടിവന്ന കുട്ടികള്‍ക്കായി സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിന്റെ ക്രിസ്തുമസ് സംഗീതക്കച്ചേരി സമര്‍പ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ. 


വത്തിക്കാനില്‍ പതിവുപോലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി, സിസ്‌റ്റൈന്‍ ചാപ്പലില്‍ സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘം ശനിയാഴ്ച പരിശുദ്ധ പിതാവിന്റെയും കൂരിയയുമായി ബന്ധപ്പെട്ട ആളുകളുടെയും സാന്നിദ്ധ്യത്തില്‍ നടത്തിയ സംഗീതമേളയുടെ അവസാനം സംസാരിക്കവെയാണ് പാപ്പാ സഹനങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളെ അനുസ്മരിച്ചത്.

സമാധാനമില്ലാതെയും, മനുഷ്യാന്തസ്സ് നിലനിര്‍ത്താന്‍ വേണ്ടവ പോലും ഇല്ലാതെയുമാണ് നിരവധി കുട്ടികള്‍ ഈ ദിവസങ്ങളില്‍ ജീവിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച പരിശുദ്ധ പിതാവ്, ഈ കൊച്ചുകുട്ടികളുടെ നിശബ്ദമായ നിലവിളി കേള്‍ക്കണമേയെന്നും, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തില്‍ ലോകത്തിന് നീതിയും സമാധാനവും നല്‍കണമേയെന്നും പ്രാര്‍ത്ഥിച്ചു.

തന്റെ പ്രഭാഷണത്തിന്റെ ആദ്യഭാഗത്ത്, ക്രിസ്തുമസ് ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് സംഗീതവും ഗാനാലാപനവുമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, പരിശുദ്ധ അമ്മ രക്ഷകന് ജന്മമേകുന്ന അവസരത്തില്‍, 'ഉന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സമാധാനം' എന്ന് ആലപിച്ച മാലാഖമാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.

ബെത്‌ലഹേമിലെ തിരുപ്പിറവിയുടെ കാഴ്ചക്കാരും സാക്ഷികളുമായിരുന്ന ആട്ടിടയന്മാരും, തിരികെപ്പോകുന്നത് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടും സ്തുതിച്ചുകൊണ്ടുമാണെന്ന് പാപ്പാ അനുസ്മരിച്ചു. 

എന്നാല്‍ അതിലുപരി, നിശബ്ദവും ധ്യാനനിമഗ്‌നവുമായ മറ്റൊരു സംഗീതം പരിശുദ്ധ അമ്മയുടെ ഹൃദയത്തില്‍ ഉയരുന്നുണ്ടായിരുന്നുവെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.

ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം വര്‍ഷങ്ങളായി പാപ്പാമാരുടെ ആരാധനാക്രമശുശ്രൂഷകളില്‍ അകമ്പടി സേവിച്ച ചരിത്രമുള്ള സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിന്റെ സേവനത്തിന് പരിശുദ്ധ പിതാവ് പ്രത്യേകം നന്ദി പറഞ്ഞു. 

Tags

Share this story

From Around the Web