മുറിവേറ്റ ലോകത്തിന് സൗഖ്യം പകരാന്‍ മതങ്ങള്‍ക്കാകണം: ലിയോ പതിനാലാമന്‍ പാപ്പാ.

വത്തിക്കാന്‍:യുദ്ധങ്ങളും കടുത്ത സംഘര്‍ഷങ്ങളും മൂലം മുറിവേല്‍ക്കപ്പെട്ടിരിക്കുന്ന ലോകമാനവികതയ്ക്ക് സൗഖ്യം പകരാനും ഐക്യം വളര്‍ത്താനും ലോക, പാരമ്പര്യ മതങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
മതാന്തരസംവാദങ്ങളുടെകൂടി ഭാഗമായി സെപ്റ്റംബര്‍ 17, 18 തീയതികളിലായി ഖസാഖിസ്ഥാനിലെ അസ്താനയില്‍ നടക്കുന്ന ലോക, പാരമ്പര്യ മതനേതൃത്വങ്ങളുടെ എട്ടാമത് സമ്മേളനത്തിലേക്കയച്ച സന്ദേശത്തില്‍ അനുരഞ്ജനത്തിനും ഐക്യത്തിനും കൂടി ആഹ്വാനം ചെയ്യാന്‍ മതങ്ങള്‍ക്കുള്ള കടമയും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ലോകത്ത് ഐക്യം വളര്‍ത്താനായി മതങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്, മതങ്ങളുടെ അസ്തിത്വത്തെത്തന്നെ വെളിപ്പെടുത്തുന്നതാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ഈയൊരു ഐക്യവും സഹകരണവും മതങ്ങളിലെ വ്യത്യസ്ഥതകള്‍ ഇല്ലാതാക്കാനല്ല, മറിച്ച് പരസ്പരം പുഷ്ടിപ്പെടുത്താനും വളര്‍ത്താനും വേണ്ടിയുള്ളതാണെന്ന് അനുസ്മരിപ്പിച്ചു.
1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അസ്സീസ്സിയില്‍ വിളിച്ചുകൂട്ടിയ മതനേതൃത്വങ്ങളുടെ പ്രാര്‍ത്ഥനാസമ്മേളനത്തെ പരാമര്‍ശിച്ചുകൊണ്ട്, മതങ്ങള്‍ക്കിടയില്‍ സമാധാനമുണ്ടാകാതെ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനമുണ്ടാകില്ലെന്ന് ആ സമ്മേളനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന് ലിയോ പാപ്പാ പറഞ്ഞു.
ലോകസമാധാനവും സഹവാസവും എപ്രകാരം സാധ്യമാകുമെന്നതിനെപ്പക്കുറിച്ചുതന്നെയാണ് 2019-ല്‍ ഫ്രാന്‍സിസ് പാപ്പായും അല്‍ അസ്ഹറിലെ വലിയ ഇമാം അഹ്‌മദ് അല്‍ തയ്യെബും ചേര്‍ന്ന് അബുദാബിയില്‍ വച്ച് ഒപ്പുവച്ച 'ലോകസമാധാനത്തിനും സഹവാസത്തിനുമായുള്ള മാനവിക സഹോദര്യത്തെക്കുറിച്ചുള്ള രേഖ'യും നമ്മോട് സംസാരിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
സമൂഹത്തിലെ ഏറ്റവും ദുര്‍ബലവിഭാഗങ്ങള്‍ക്കുവേണ്ടി എപ്പോഴാണോ ഒരുമിച്ച് നില്‍ക്കുകയും, ഭൂമിയുടെ സംരക്ഷണത്തിന്റെ ഭാഗമായി ഒന്നുചേര്‍ന്ന് മരങ്ങള്‍ നേടുകയും, മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനായി ഒരുമിച്ച് സ്വരമുയര്‍ത്തുകയും ചെയ്യുന്നത്, അപ്പോഴൊക്കെ നമ്മുടെ മതവിശ്വാസം നമ്മെ വേര്‍തിരിക്കുകയല്ല ഒരുമിപ്പിക്കുകയാണ് എന്ന ഈ സത്യമാണ് മതനേതൃത്വങ്ങള്‍ വിളിച്ചോതുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് മതങ്ങള്‍ തമ്മിലുള്ള ഐക്യം മാനവികതയുടെ പ്രത്യാശയുടെ അടയാളമാണെന്നും, അവ ഭിന്നിപ്പിക്കുന്നതിനല്ല, സൗഖ്യപ്പെടുത്തുന്നതിനും അനുരഞ്ജനപ്പെടുത്തതിനുമുള്ള പ്രചോദനമാണെന്നും ഏവര്‍ക്കും വ്യക്തമാകുകയെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
കാരുണ്യം തേടിയും, സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ ചേര്‍ത്തുപിടിച്ചും, ആയുധരഹിതവും നിരായുധീകരിക്കുന്നതും ലളിതവും സംരക്ഷിക്കുന്നതുമായ സമാധാനത്തിനായി പരിശ്രമിക്കാന്‍ ഈ സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.
മനുഷ്യാന്തസ്സ് ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഒരേ സ്വരത്തില്‍ സംസാരിക്കുകയും ചെയ്യാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാടും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.