രാഷ്ട്രീയ, സാമൂഹ്യ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍: പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുക, സാധാരണക്കാരുടെ തൊഴില്‍മേഖലയില്‍ തടസ്സങ്ങളുണ്ടാക്കുക, സാധാരണക്കാരെ കൂടുതല്‍ ദരിദ്രരാക്കുന്നതും രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് അനിയന്ത്രിതമായി ധനസമ്പാദനം അനുവദിക്കുന്നതുമായ സാഹചര്യം, ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതകള്‍ ഉള്ളപ്പോഴും അനേകര്‍ പട്ടിണി കിടക്കേണ്ടിവരുന്ന അവസ്ഥ തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ അനീതികള്‍ക്കെതിരെ ലിയോ പതിനാലാമന്‍ പാപ്പാ.
'യുദ്ധ തന്ത്രമായി ആളുകളെ അന്യായമായി പട്ടിണിക്കിടുന്നതും, കൃഷിയിടങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നതും, കന്നുകാലികളെ മോഷ്ടിക്കുന്നതും, മാനവിക സഹായമെത്തിക്കുന്നത് തടയുന്നതും പോലെയുള്ള, സായുധ നിയമവിരുദ്ധ സംഘങ്ങളുടെ അനീതി നിറഞ്ഞ പ്രവൃത്തികള്‍ നിരാശയോടെ നാം കണ്ടുകൊണ്ടിരിക്കുകയാണ്.
സാധാരണ ജനം ദാരിദ്ര്യം കൊണ്ട് തളരുമ്പോള്‍, രാഷ്ട്രീയപ്രമുഖര്‍ ശിക്ഷിക്കപ്പെടാതെ തടിച്ചു കൊഴുക്കുന്നു. ഇത്തരം ദുരുപയോഗങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും, തെറ്റിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള സമയമാണിത്' എന്ന് സാമൂഹ്യമാധ്യമമായ എക്സില്‍ പാപ്പാ കുറിച്ചു.
സാമൂഹ്യ അനീതിയുമായി ബന്ധപ്പെട്ട്, 'ഭൂമിയില്‍ മാനവികതയ്ക്ക് മുഴുവനും വേണ്ട ഭക്ഷണമൊരുക്കാന്‍ സാധിക്കുമെങ്കിലും, ലോകത്തെ പല ദരിദ്രരും ഇന്നും ദൈനംദിനഭക്ഷണം ഇല്ലാതെ ജീവിക്കുന്നു. വിശപ്പ് പോഷകാഹാരക്കുറവ് എന്നീ ദുരന്തങ്ങളെ ഇത് കൂടുതല്‍ ദുഃഖകരവും ലജ്ജാകരവുമാക്കുന്നു' എന്ന മറ്റൊരു സന്ദേശവും ഇതേ ദിവസം തന്നെ പാപ്പാ എക്സില്‍ കുറിച്ചു.
ഐക്യരാഷ്ട്രസഭാസമിതിയായ ഭക്ഷ്യ കാര്‍ഷിക സംഘടന റോമിലെ അതിന്റെ കേന്ദ്രത്തില്‍ നടത്തിയ സമ്മേളനത്തിലേക്ക് പട്ടിണിയെന്ന തിന്മയെക്കുറിച്ച് ജൂണ്‍ 30-ന് സന്ദേശം നല്‍കിയതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് എക്സിലും പാപ്പാ സന്ദേശങ്ങള്‍ കുറിച്ചത്.
5 കോടിയിലേറെ വരുന്ന എക്സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.