ദൈവമഹത്വം പ്രഘോഷിച്ച് ലിയോ പതിനാലാമൻ പാപ്പാ "സഗ്രാദ ഫമീലിയ" ദേവാലയത്തിൽ

 
basilica

ബാഴ്‌സലോണയിലെ  ലോകപ്രശസ്തമായ "സഗ്രാദ ഫമീലിയ" എന്ന തിരുക്കുടുംബത്തിന്റെ പേരിലുള്ള  ബസലിക്ക ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കവേ, എട്ടാം സങ്കീർത്തനത്തിലെ "കർത്താവേ, ഞങ്ങളുടെ കർത്താവെ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം" (സങ്കീ. 8, 2.10) എന്ന ആദ്യ, അവസാന വാക്യങ്ങളോടെയാണ് ലിയോ പതിനാലാമൻ പാപ്പാ സുവിഷേശസന്ദേശം ആരംഭച്ചത്.

തുറന്നിട്ട വാതിലുകളോടെയും വിടർന്ന കരങ്ങളോടെയും വിശുദ്ധ കുർബാനയാലും തിരുവചനത്താലും നമ്മെ പോഷിപ്പിച്ചുകൊണ്ട്, ഏവരെയും ദൈവസ്നേഹത്താൽ ഒരുമിപ്പിക്കുന്നതിനാണ് ഈ ദേവാലയമുള്ളതെന്ന് പാപ്പാ പ്രസ്താവിച്ചു. തന്റെ പുത്രനിൽ തെളിയുന്ന ദൈവപിതാവിന്റെ മുഖത്തേക്ക് നാം കണ്ണുകളുയർത്തിനോക്കുന്ന ഇടമാണിതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ ഈ ബസലിക്ക സന്ദർശിച്ചതും അതിന്റെ ടവറുകൾ ആശീർവദിച്ചതും അനുസ്മരിച്ച പാപ്പാ ഇതിന്റെ തുടർച്ചയായി, യേശു ക്രിസ്തുവിന്റെ പേരിലുള്ള ഇവിടുത്തെ ഏറ്റവും ഉയർന്ന ടവർ താൻ ആശീർവദിക്കുമെന്ന് പ്രസ്താവിച്ചു.

മഹത്തായ സഗ്രാദ ഫമീലിയ ദേവാലയം ഒരു കെട്ടിടമെന്നതിനപ്പുറം, ദൈവം പൂർത്തിയാക്കുന്ന ഒരു പദ്ധതിയെന്ന നിലയിൽ, ക്രൈസ്തവജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നാമെല്ലാവരും സഭയിലെ ജീവനുള്ള കല്ലുകളാണെന്നും, ക്രിസ്തുവാണ് അടിസ്ഥാനവും പര്യവസാനവും, ആരംഭവും അവസാനവുമെന്നും പ്രസ്താവിച്ച പാപ്പാ, പണിതീരാത്ത ഒരു ദേവാലയമല്ല, പണിയിലിരിക്കുന്ന ഒരു ദേവാലയമാണ് നമുക്ക് മുന്നിലുള്ളതെന്നും, നാം പരിശുദ്ധാത്മാവ് വസിക്കുന്ന ദേവലയങ്ങളാണെന്നും ഓർമ്മിപ്പിച്ചു.

നാമല്ല ദൈവത്തിന് ഒരിടമൊരുക്കുന്നതെന്നും, അവനാണ് നമുക്കായി ഇടമൊരുക്കുന്നതെന്നുമാണ് തിരുവചനം നമ്മെ പഠിപ്പിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ആ ഇടം അവന്റെ ഹൃദയമാണെന്ന് വിശദീകരിച്ചു. പരദേശികളും പാപികളുമായിരുന്ന നമുക്ക് തന്റെ പ്രിയപുത്രന്റെ സ്ഥാനമാണ് ദൈവം നൽകുന്നതെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

നമ്മോടു കൂടെയുള്ളവനും, കൃപയുടെയും ക്ഷമയുടെയും രക്ഷയുടെയും നവജീവന്റെയും ഉറവയുമായാണ് യേശു നമുക്കിടയിലേക്ക് വന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, യേശുവിൽ വിശ്വസിക്കുന്ന നമുക്ക് യുദ്ധം നടത്താനോ നിഷ്കളങ്കരുടെ ജീവനെടുക്കാനോ, സഹനത്തിലായിരിക്കുന്നവരെയും ദുരിതങ്ങളിൽനിന്നും രക്ഷപ്പടാൻ വേണ്ടി പുറപ്പെടുന്നവരെയും അവഗണിക്കാനോ കഴിയില്ലെന്ന് പ്രസ്താവിച്ചു.

നമ്മെ ഒന്നാമതാക്കുകയും വിശുദ്ധരാക്കുകയും ഉയർപ്പിക്കുകയും ചെയ്യുന്നതാണ് ഈ ദേവാലയത്തിന്റെ ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടുന്ന ക്രിസ്തുവിന്റെ കുരിശെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ഈ ദേവാലയത്തിലെ ക്രിസ്തുവിന്റെ ടവറിലേക്ക് നോക്കുന്ന നാം ക്രിസ്തുവിലേക്ക് നോക്കണമെന്നും, ഇവിടെ സ്ഥാപിക്കപ്പെടുന്ന കുരിശ്, മെഡിറ്ററേനിയനിലേക്ക് തെളിച്ചുവച്ച ഒരു ദീപമാണെന്നും, ദൈവസ്നേഹത്തിന്റെ തെളിഞ്ഞ അടയാളമാണെന്നും പാപ്പാ പറഞ്ഞു.

മണ്ണിന്റെയും വിണ്ണിന്റെയും സ്രഷ്ടാവായാ ദൈവമാണ് ലോകത്തിന് രൂപം നൽകിയ കലാകാരനെന്ന് പറഞ്ഞ പാപ്പാ, സഗ്രാദ ഫമീലിയ ദേവാലയത്തിന്റെ ശില്പിയും ധന്യനുമായ ആന്റണി ഗൗദി, നമുക്കായി വന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനുള്ള ഒരു ആദ്ധ്യാത്മികതീർത്ഥാടനത്തിന് സഹായകമാകുന്ന വിധത്തിലാണ് ഈ ദേവാലയം പണിതുയർത്തിയതെന്ന് ഓർമ്മിപ്പിച്ചു. കലയും സൗന്ദര്യവും സുവിശേഷവത്കരണത്തിനുള്ള ഉന്നതമാർഗ്ഗങ്ങളാണെന്നുകൂടിയാണ് ഈ ദേവാലയം സാക്ഷ്യപ്പെടുത്തുന്നതെന്നും പാപ്പാ പറഞ്ഞു.

സുവിശേഷത്തിന്റെ കലയനുസരിച്ച് ജീവിക്കാൻ പഠിക്കാനാണ് ഈ ദേവാലയം നമ്മെ ക്ഷണിക്കുന്നതെന്ന് പറഞ്ഞു പാപ്പാ, ഉത്ഥിതനായ ക്രൂശിതനിലേക്ക് കണ്ണുകളുയർത്തുന്ന നാം, മണ്ണിൽ പുതഞ്ഞുപോയ മനുഷ്യരുടെ മുഖം ഉയർത്താൻ പരിശ്രമിക്കണമെന്നും, ലോകത്തിലെ ഏറ്റവും ഉയർന്ന ദേവാലയമെന്ന ലൗകികമായ കണക്കിനേക്കാൾ, ഈ പ്രദേശത്തുള്ള തീർത്ഥാടകദൈവജനത്തിന്റെ വഴികളെ പ്രകാശിപ്പിക്കുന്നതെന്ന നിലയിൽ വേണം ഈ ദേവാലയം മുന്നിൽ നിൽക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. 

Tags

Share this story

From Around the Web