സ്പെയിനിലേക്കുള്ള അപ്പസ്തോലികയാത്രയ്‌ക്കൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ

 
Alzad

തന്റെ നാലാമത് വിദേശ അപ്പസ്തോലിക യാത്രയ്‌ക്കൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ. ജൂൺ ആറുമുതൽ പന്ത്രണ്ടു വരെ തീയതികളിലായി ഏഴു ദിവസങ്ങൾ നീളുന്ന സ്പെയിനിലേക്കുള്ള പരിശുദ്ധ പിതാവിന്റെ യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി ജൂൺ 3 ബുധനാഴ്ച പുറത്തുവിട്ടു. മാഡ്രിഡ്, ബാർസിലോണ, കനേറി ദ്വീപസമൂഹത്തിലെ രണ്ട് ദ്വീപുകൾ എന്നിങ്ങനെ നാലിടങ്ങളിലേക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.

ജൂൺ 6 ശനിയാഴ്ച രാവിലെ റോമിൽ ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് സ്പെയിനിലേക്ക് യാത്രയാകുന്ന പാപ്പാ, ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരമായിരിക്കും വത്തിക്കാനിലേക്ക് തിരികെയെത്തുക. നിരവധി സമ്മേളനങ്ങളും ഇരുപതിലധികം പ്രഭാഷണങ്ങളും ഉൾച്ചേർത്തിരിക്കുന്ന ഈ യാത്ര, ആഗോളതലത്തിൽ മാനവികതയെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് നിരവധി സായുധസംഘർഷങ്ങളും യുദ്ധങ്ങളും അരങ്ങേറുന്ന ഒരു സമയത്താണ് നടക്കുന്നത്. അതുകൊണ്ടുതന്നെ, നിരായുധീകരണം, സമാധാനസ്ഥാപനം, യൂറോപ്പിലെ, പ്രത്യേകിച്ച് സ്പെയിനിലെ സഭ നേരിടുന്ന വെല്ലുവിളികൾ, കുടിയേറ്റം തുടങ്ങി വിവിധ വിഷയങ്ങൾ പരിശുദ്ധ പിതാവിന്റെ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടും.

സഭയും സമൂഹവും തമ്മിലുള്ള സംവാദങ്ങൾ, പ്രത്യേകിച്ച്, പരിശുദ്ധ പിതാവിന്റെ പ്രഥമ ചാക്രികലേഖനമായ "മഞ്ഞീഫിക്ക ഉമാനിത്താസി"ന്റെ (Magnifica Humanitas) കൂടി പശ്ചാത്തലത്തിലായിരിക്കും നടക്കുക. വിവിധയിടങ്ങളിൽ പ്രാദേശികസഭകളുമായുള്ള കണ്ടുമുട്ടിലിനൊപ്പം, സ്പെയിനിലും യൂറോപ്പിലും മാത്രമല്ല, ആഗോള തലത്തിൽ വിവിധ വിഷയങ്ങളിൽ സഭയ്ക്കുള്ള നിലപാടുകൾ സധൈര്യം പ്രസ്താവിക്കാനുള്ള സാധ്യതകൂടിയാണ് അപ്പസ്തോലികയാത്രകൾ ഒരുക്കുന്നത്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ യേശുവും ശിഷ്യന്മാരുമായുള്ള സംഭാഷണത്തെ ആധാരമാക്കി, "അൽസാദ് ല മിരാദ" (കണ്ണുകളുയർത്തി നോക്കുവിൻ) എന്ന ആപ്തവാക്യമാണ് ഈ യാത്രയിലേക്കായി പരിശുദ്ധ പിതാവ് തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തിലേക്ക് തിരികെ നോക്കാനും, മറ്റുള്ളവരോട് സഹോദര്യസഹാനുഭൂതികളോടെ നോക്കാനുമുള്ള വിളിയാണ് ഇതിലൂടെ അനുസ്മരിക്കപ്പെടുന്നത്.

ജൂൺ 6 രാവിലെ എട്ടുമണിയോടെ റോമിൽ നിന്ന് പുറപ്പെടുന്ന പാപ്പാ, വിവിധ സമ്മേളനങ്ങളും കൂടിക്കാഴ്ചകളും വിശുദ്ധ ബലിയർപ്പണങ്ങളുമായി ജൂൺ 9 ചൊവ്വാഴ്ച വരെ തീയതികളിൽ തലസ്ഥാനനഗരിയായ മാഡ്രിഡിലായിരിക്കും ചിലവഴിക്കുക.

ജൂൺ 9 ചൊവ്വാഴ്ച മാഡ്രിഡിൽനിന്ന് സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള ബാർസിലോണയിലേക്ക് പോകുന്ന പാപ്പാ മോണ്ട്സെറാറ്റും സന്ദർശിക്കും. ജൂൺ 11 തിങ്കളാഴ്ച വരെ പരിശുദ്ധ പിതാവ് ബാർസിലോണയിലുണ്ടാകും.

ജൂൺ 11 തിങ്കളാഴ്ച രാവിലെ കനേറി ദ്വീപുകളിലെ ഒന്നായ ഗ്രാൻ കനേറിയയിലേക്ക് യാത്രയാകും. തുടർന്ന് ജൂൺ 12 വെള്ളിയാഴ്ച തെനെറീഫ് ദ്വീപിലെത്തുന്ന പാപ്പാ, തുടർന്ന്, വൈകുന്നേരം മൂന്നുമണിയോടെ അവിടെനിന്ന് തിരികെ റോമിലേക്ക് മടങ്ങും. വൈകിട്ട് എട്ടുമണിയോടെ പരിശുദ്ധ പിതാവ് റോമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags

Share this story

From Around the Web