ബാഴ്‌സലോണയിലെ യുവജനങ്ങൾക്കും ബ്രിയാൻസ്‌ 1 ജയിലിലെ തടവുകാർക്കുമൊപ്പം പ്രാർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ

 
pope

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സ്പെയിനിലേക്ക് ജൂൺ 6 മുതൽ 12 വരെ തീയതികളിലായി നടത്തുന്ന അപ്പസ്തോലികയാത്രയുടെ തുടർവിവരണത്തിലൂടെയാണ് നാം മുൻപോട്ടു പോകുന്നത്.

തന്റെ നാലാമത്തെ വിദേശ അപ്പസ്തോലികയാത്രയുടെ ഭാഗമായി, ജൂൺ ആറാം തീയതി ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് സ്പെയിനിലേക്ക് യാത്രയായ പാപ്പാ തലസ്ഥാനനഗരിയായ മാഡ്രിഡിലെത്തുകയും ഔദ്യോഗികസ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്ന് രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ച പരിശുദ്ധ പിതാവ്, അബലർക്കും ആലംബഹീനർക്കും അഭയമേകുന്ന “സേദിയ 24” (CEDIA 24) അഭയകേന്ദ്രം സന്ദർശിക്കുകയും, പിന്നീട് വൈകുന്നേരം ആറുലക്ഷത്തോളം യുവജനങ്ങൾക്കൊപ്പം പ്രാർത്ഥനാസമ്മേളനം നടത്തുകയും ചെയ്തു. ജൂൺ ഏഴാം തീയതി, നഗരത്തിലുള്ള സിബേലെസ് ചത്വരത്തിൽ പന്ത്രണ്ടു ലക്ഷത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ബലിയർപ്പിച്ച പരിശുദ്ധ പിതാവ്, ഉച്ച കഴിഞ്ഞ് മാഡ്രിഡ് നഗരത്തിലുള്ള അഗസ്റ്റീനിയൻ സമൂഹങ്ങങ്ങളെ സന്ദർശിക്കുകയും, പിന്നീട് മോവിസ്റ്റാർ അരീനയിൽ (Movistar arena) വച്ച് സംസ്കാര, കലാ, സാമ്പത്തിക, സ്പോർട്സ് രംഗങ്ങളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എട്ടാം തീയതി രാവിലെ സ്പെയിനിന്റെ പാർലമെന്റ് മന്ദിരത്തിലെത്തിയ പാപ്പാ, അവിടെയുള്ള ജനപ്രതിനിധികളെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു.

പിന്നീട് പരിശുദ്ധ പിതാവ് രാജ്യത്തെ പ്രദേശികസഭാനേതൃത്വവുമായി മെത്രാൻസമിതിയുടെ മന്ദിരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും, അപ്പസ്തോലിക നൂൺഷ്യേച്ചറിൽ അവർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. എട്ടാം തീയതി ഉച്ചകഴിഞ്ഞ്, പാപ്പാ നൂൺഷ്യേച്ചറിൽ വച്ച് നടന്ന ചില സ്വകാര്യ കൂടിക്കാഴ്ചകൾക്ക് ശേഷം, വൈകുന്നേരം അൽമുദേനയിൽ പരിശുദ്ധ അമ്മയുടെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ (Santa María la Real de la Almudena) പ്രാർത്ഥനാ സമ്മേളനവും, പിന്നീട് “സാന്തിയാഗോ ബെർനബേവു” (Santiago Bernabéu) സ്റ്റേഡിയത്തിൽ അതിരൂപതാ വിശ്വാസിസമൂഹവുമൊത്ത് കൂടിക്കാഴ്ച നടത്തുകയും ചെയ്‌തു.

ജൂൺ ഒൻപത് ചൊവ്വാഴ്‌ച രാവിലെ മാഡ്രിഡ് നഗരത്തിൽത്തനെയുള്ള "ഇഫേമ മാഡ്രിഡിൽ" (IFEMA Madrid) വച്ച്, സന്നദ്ധപ്രവർത്തകർക്ക് പാപ്പാ കൂടിക്കാഴ്‌ച അനുവദിച്ചു. ഈ സമ്മേളനം അവസാനിച്ചതിനെത്തുടർന്ന് പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലികയാത്രയുടെ രണ്ടാം പാദമായ ബാഴ്സലോണയിലേക്ക് യാത്രയായത് വരെയുള്ള വിവരങ്ങളാണ് വാർത്താവിനിമയകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാൻ റേഡിയോയിലൂടെയും വത്തിക്കാൻ ന്യൂസ് വെബ്സൈറ്റിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും പങ്കുവച്ചത്.

പരിശുദ്ധ പിതാവ് കറ്റലോണിയയിലെ ബാഴ്സലോണയിൽ

മാഡ്രിഡിലെ ഔദ്യോഗിക കൂടിക്കാഴ്ചകൾക്കും മറ്റു ചടങ്ങുകൾക്കും ശേഷം “അഡോൾഫോ സുവാരസ് മാഡ്രിഡ്-ബാരാഹാസ്” (Adolfo Suárez Madrid-Barajas) അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഉച്ചയോടെ, സ്പെയിനിലെ കറ്റലോണിയ (Catalonia) പ്രവിശ്യയുടെ തലസ്ഥാനമായ ബാഴ്സലോണയിലേക്ക് യാത്രപുറപ്പെട്ട പാപ്പാ, അഞ്ഞൂറ് കിലോമീറ്ററുകളോളം നീണ്ട ഈ വിമാനയാത്രയ്ക്ക് ശേഷം, ഉച്ചകഴിഞ്ഞ് പന്ത്രണ്ടേമുക്കാലോടെ ബാഴ്സലോണ ജോസെപ് താരദെയ്യാസ് ബാഴ്സലോണ-എൽ പ്രാത് (Josep Tarradellas Barcelona-El Prat) അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി.

കറ്റലോണിയയിലെ പ്രാദേശിക ഔദ്യോഗിക നേതൃത്വം (Generalitat de Catalunya) പരിശുദ്ധ പിതാവിനെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും, തുടർന്ന് അവിടെയുള്ള വി.ഐ.പി. ഹാളിൽ ചെറിയൊരു കൂടിക്കാഴ്ച നടത്തുകയും, പാപ്പാ വിമാനത്താവളത്തിന്റെ ചാപ്പലിലെ സക്രാരി ആശീർവദിക്കുകയും ചെയ്തു.

നൂറ്റാണ്ടുകളുട ചരിത്രമുറങ്ങുന്നതും, സാംസ്‌കാരിക, വ്യാവസായിക, സാമ്പത്തിക പ്രാധാന്യമുള്ളതുമായ ഒരു നഗരമാണ് ബാഴ്സലോണ. ക്രിസ്തുവിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപാണ് ഈ നഗരത്തെക്കുറിച്ച് ആദ്യമായി പറഞ്ഞുകേട്ടിട്ടുള്ളത്. നിരവധി ചരിത്രപ്രധാനമായ കെട്ടിടങ്ങളും, മ്യൂസിയങ്ങളും, യുനെസ്‌കോയുടെ കീഴിലുള്ള സാംസ്‌കാരിക പൈതൃകങ്ങളും ഉൾകൊള്ളുന്ന ഈ നഗരത്തിലാണ് പ്രശസ്ത വാസ്തുശില്പിയായിരുന്ന ആന്റണി ഗൗദി (Antoni Gaudí) ജീവിച്ചിരുന്നത്. ലോകപ്രശസ്തമായ തിരുഹൃദയദേവാലയത്തിന്റെ (Sagrada Família) നിർമ്മിതിയുടെ നല്ലൊരു ഭാഗവും ഇദ്ദേഹത്തിന്റേതാണ്. ഭിന്നപ്രദേശങ്ങളായിരുന്ന കസ്‌തീൽ, കറ്റലോണിയ, അരഗോണ എന്നിവിടങ്ങൾ രാജകുടുംബങ്ങളിൽനിന്നുള്ള  ഫെർഡിനാൻഡ്, ഇസബെല്ലാ എന്നിവരുടെ 1474-ലെ വിവാഹത്തോടെയാണ് ഒരുമിച്ച് ഇന്നത്തെ സ്‌പെയിൻ രൂപീകൃതമായത്. എന്നാൽ പിന്നീട് സാമ്പത്തികമായി ഏറെ വളർന്ന കറ്റലോണിയ പ്രദേശം സ്വയംഭരണപ്രദേശമാകാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും, തുടർന്ന് 1931-ൽ കറ്റലോണിയ ഗവണ്മെന്റ് സ്ഥാപിക്കപ്പെടുകയും ചെയ്തു. 1978-ൽ ഈ പ്രദേശം സ്വയംഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.

പരിശുദ്ധ പിതാവ് കറ്റലോണിയ കത്തീഡ്രലിൽ

വിമാനത്താവളത്തിൽനിന്നും പതിനഞ്ച് കിലോമീറ്ററുകളോളം അകലെ ബാഴ്സലോണ നഗരത്തിൽ വിശുദ്ധ കുരിശിന്റെയും, റോമൻ ക്രൈസ്തവപീഡനകാലത്ത് ക്രിസ്തുവർഷം 303-ൽ തന്റെ പതിമൂന്നാം വയസ്സിൽ രക്തസാക്ഷിയായ, വിശുദ്ധ എവ്ലാലിയയുടെയും (St. Eulalia) പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിലേക്ക് പാപ്പാ കാറിൽ യാത്രയായി.

599-ൽ വിശുദ്ധ കുരിശിന് സമർപ്പിക്കപ്പെട്ട ഈ ദേവാലയം 877-മുതലാണ് വിശുദ്ധ എവ്ലാലിയയ്ക്ക് കൂടി സമർപ്പിക്കപ്പെട്ടത്. 1298-ൽ ആരംഭിച്ച ഈ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ പതിനഞ്ചാം നൂറ്റാണ്ട് വരെ തുടർന്നിരുന്നു. 1867-ൽ ഈ ദേവാലയം മൈനർ ബസലിക്കയായി ഉയർത്തപ്പെട്ടു.

ബാഴ്സലോണയിലെ വിശ്വാസിസമൂഹത്തിനൊപ്പം മദ്ധ്യാഹ്ന യാമപ്രാർത്ഥനയ്ക്കായാണ് പരിശുദ്ധ പിതാവ് ഈ ദേവാലയത്തിലേക്കെത്തിയത്. ഇവിടെയെത്തിയ പാപ്പായെ ബാഴ്സലോണ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഹുവാൻ ഹൊസേ ഒമേയ്യ ഒമേയ്യയും (Card. Juan José Omella Omella) ഡീനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ദേവാലയത്തിൽ പ്രവേശിച്ച പാപ്പാ, വിശുദ്ധ കുർബാനയ്ക്ക് മുൻപിൽ അൽപസമയം പ്രാർത്ഥനയിൽ ചിലവഴിച്ചശേഷം ദേവാലയത്തിന്റെ മദ്ധ്യത്തിലൂടെ പ്രധാന അൾത്താരയിലേക്കെത്തി. തുടർന്ന് സ്വാഗതഗാനത്തിന് ശേഷം അതിരൂപതാദ്ധ്യക്ഷൻ പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കും, ലോകത്ത് സമാധാനവും ഐക്യവും ഉണ്ടാകാൻ വേണ്ടിയുമാണ് ഈ പ്രാർത്ഥനയിൽ തങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നതെന്ന്, സ്പാനിഷ് ഭാഷയിലുള്ള തന്റെ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. തുടർന്ന് നടന്ന യാമപ്രാർത്ഥനാമദ്ധ്യേ പരിശുദ്ധ പിതാവ് വചനസന്ദേശം നൽകി.

പ്രാർത്ഥനയുടെ അവസാനം പാപ്പാ ഏവർക്കും ആശീർവാദം നൽകി. തുടർന്ന് ദേവാലയത്തിന്റെ ക്രിപ്റ്റിലുള്ള വിശുദ്ധ എവ്ലാലിയയുടെ കല്ലറയ്ക്കരികിലെത്തി പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. പിന്നീട് ഏവരും അതിരൂപതാമന്ദിരത്തിലേക്ക് ഉച്ചഭക്ഷണത്തിനായി പോയി.

വൈകുന്നേരം നാലേകാലോടെ കറ്റലോണിയയുടെ പ്രസിഡന്റ് സാൽവദോർ ഇയ്യ ഇ റോക്ക (Salvador Illa i Roca) പാപ്പായുമായി കൂടിക്കാഴ്ചയ്‌ക്കെത്തി. 2020-2021 കാലഘട്ടത്തിൽ സ്‌പെയിനിന്റെ ആരോഗ്യമന്ത്രിയായിരുന്ന ഇദ്ദേഹം 2024-ലാണ് കറ്റലോണിയയുടെ നേതൃപദത്തിലേക്കെത്തിയത്.

വൈകുന്നേരം അഞ്ചുമണിയോടെ പ്രദേശത്തുള്ള അഗസ്റ്റീനിയൻ സഭാംഗങ്ങൾക്കൊപ്പം പരിശുദ്ധ പിതാവ് സ്വകാര്യകൂടിക്കാഴ്ച നടത്തി.

പാപ്പാ യുവജനങ്ങൾക്കൊപ്പം ലൂയിസ് കൊംപാഞ്ഞിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ

ജൂൺ ഒൻപതാം തീയതി വൈകുന്നേരം പരിശുദ്ധ പിതാവിന്റെ പ്രധാനപ്പെട്ട കൂടിക്കാഴ്ചകളിൽ ഒന്ന്, നഗരത്തിലുള്ള ലൂയിസ് കൊംപാഞ്ഞിസ് (Lluís Companys) ഒളിമ്പിക് സ്റ്റേഡിയത്തിൽ യുവജനങ്ങൾക്കൊപ്പമുള്ള പ്രാർത്ഥനാസയാഹ്നമായിരുന്നു. ഇതിനായി വൈകുന്നേരം ഏഴേകാലോടെ കാറിൽ യാത്രയായ പാപ്പാ അഞ്ചു കിലോമീറ്ററുകളോളം അകലെയുള്ള ഈ സ്റ്റേഡിയത്തിലേക്ക് ഏഴേമുക്കാലോടെ എത്തി. തുടർന്ന് പാപ്പാ അവിടെയുണ്ടായിരുന്ന മുപ്പതോളം ആമ്പുലൻസുകൾ വെഞ്ചരിച്ചു. ഏതാണ്ട് നാൽപ്പത്തിനായിരത്തോളം യുവജനങ്ങലുണ്ടായിരുന്ന സ്റ്റേഡിയത്തിലൂടെ പരിശുദ്ധ പിതാവ് തുറന്ന വാഹനത്തിൽ സഞ്ചരിച്ചു.

1927-ൽ പണിചെയ്യപ്പെട്ട ഈ സ്റ്റേഡിയത്തിന് അൻപത്തയ്യായിരത്തോളം ആളുകളെ ഉൾക്കൊള്ളാനുള്ള വലിപ്പമുണ്ട്. 1992-ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ശേഷം ഇവിടെ വിവിധ കലാ, കായിക മത്സരങ്ങളും സമ്മേളനങ്ങളും നടക്കാറുണ്ട്.

എട്ടുമണിയോടെ പ്രാർത്ഥനാസമ്മേളനം ആരംഭിച്ചു. പ്രാരംഭസ്വീകരണച്ചടങ്ങുകൾക്ക് ശേഷം, അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓമെയ്യ ഓമെയ്യ പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. തുടർന്ന് നടന്ന ഗാനാലാപനങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷം, പാപ്പാ യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് സംസാരിച്ചു.

തുടർന്ന് നടന്ന സുവിശേഷവായനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ചെറിയൊരു വചനസന്ദേശവും നൽകി. വിശ്വാസപ്രമാണവും മറ്റു പ്രാർത്ഥനകളുമായി തുടർന്ന ഈ സമ്മേളനത്തിന്റെ അവസാനം പരിശുദ്ധ പിതാവ് ഏവർക്കും ആശീർവാദം നൽകുകയും, മരിയൻ ഭക്തിഗാനത്തിനും, സമാപനഗാനത്തിനും ശേഷം അതിരൂപതാ മന്ദിരത്തിലേക്ക് വൈകിട്ട് ഒൻപതരയോടെ തിരികെപ്പോവുകയും ചെയ്തു. അവിടെത്തിയ പാപ്പാ അത്താഴം കഴിച്ച ശേഷം വിശ്രമിച്ചു.

ലിയോ പതിനാലാമൻ പാപ്പാ ബ്രിയാൻസ്‌ 1 ജയിൽ സന്ദർശിക്കുന്നു

പാപ്പായുടെ സ്‌പെയിനിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ അഞ്ചാം ദിവസമായ ജൂൺ പത്താം തീയതി ബുധനാഴ്ച്ച ഉണ്ടായിരുന്ന പ്രധാന പരിപാടികളിൽ ഒന്ന് കറ്റലോണിയയിലെ ജയിലുകളിൽ ഒന്നായ ബ്രിയാൻസ്‌ 1 (Brians 1) സന്ദർശനമായിരുന്നു. ബാഴ്സലോണ അതിരൂപതാമന്ദിരത്തിൽനിന്നും 44 കിലോമീറ്ററുകൾ അകലെയുള്ള ഈയിടത്തേക്ക് രാവിലെ പത്തേകാലോടെ പരിശുദ്ധ പിതാവ് കാറിൽ യാത്രയായി.

1991-ൽ ഉത്‌ഘാടനം ചെയ്യപ്പെട്ട ഈ ജയിൽ 61.000 ചതുരശ്രമീറ്ററിലധികം വിസ്തൃതിയുള്ളതാണ്. പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ളതായിരുന്ന ഈ സമുച്ചയത്തിൽ, 1993-ൽ സ്ത്രീ തടവുകാർക്കായി മറ്റൊരു വിഭാഗം ആരംഭിച്ചിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെ ജയിലിലെത്തിയ പാപ്പായെ, ജയിൽ ഡയറക്ടറും ചാപ്ലെയിൻമാരായി സേവനമനുഷ്ഠിക്കുന്ന വൈദികരുൾപ്പെടെയുള്ള മറ്റു പ്രവർത്തകരും ചെറിയൊരു വിഭാഗം തടവുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

സ്വാഗതഗാനാലാപനത്തിനും, ഡയറക്ടറുടെ സ്വാഗതപ്രസംഗത്തിനും ശേഷം, ഒരു വൈദികന്റേയും രണ്ടു തടവുകാരുടെയും സാക്ഷ്യമുണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.

പ്രഭാഷണശേഷം ഏവർക്കും പരിശുദ്ധ പിതാവ് ആശീർവാദം നൽകി. പിന്നീട് നടന്ന സമാപനഗാനാലാപനത്തിന് ശേഷം പരിശുദ്ധ പിതാവ് കുറച്ച് തടവുകാരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തു.

പാപ്പാ മോൻസെറാത്തിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള ബെനഡിക്റ്റൈൻ ആശ്രമത്തിലേക്ക്

ബ്രിയാൻസ്‌ 1 ജയിൽ സന്ദർശനം അവസാനിച്ച ശേഷം ലിയോ പതിനാലാമൻ പാപ്പാ ഈ ദിനത്തിലെ രണ്ടാമത്തെ പ്രധാന ചടങ്ങിന്റെ ഭാഗമായി, അവിടെനിന്ന് മുപ്പത്തിരണ്ട് കിലോമീറ്ററുകൾ അകലെയുള്ള മോൻസെറാത്തിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള ബെനഡിക്റ്റൈൻ ആശ്രമത്തിലേക്ക് (Our Lady of Montserrat Monastery) കാറിൽ യാത്രയായി. 

ഇതും വായിക്കുക

പരിവർത്തനത്തിനും പുതിയൊരു തുടക്കത്തിനും നമ്മെ ക്ഷണിക്കുന്ന സ്നേഹമാണ് ദൈവം: തടവുകാരോട് ലിയോ പതിനാലാമൻ പാപ്പാ

10/06/2026

പരിവർത്തനത്തിനും പുതിയൊരു തുടക്കത്തിനും നമ്മെ ക്ഷണിക്കുന്ന സ്നേഹമാണ് ദൈവം: തടവുകാരോട് ലിയോ പതിനാലാമൻ പാപ്പാ

Tags

Share this story

From Around the Web