അംഗോളയുടെ മരിയൻ ഹൃദയത്തിൽ പ്രാർഥനയുമായി ലെയോ പതിനാലാമൻ മാർപാപ്പ: മാമാ മുഷീമയിൽ ജപമാല പ്രാർഥന നടത്തി
ആഫ്രിക്കൻ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി അംഗോളയിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ പ്രശസ്തമായ മാമാ മുഷീമ (Mamã Muxima) തീർഥാടനകേന്ദ്രത്തിൽ സന്ദർശനം നടത്തി.
ലുവാണ്ടയിലെ കിലാംബ കിയാക്സിയിൽ വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം ഹെലികോപ്റ്റർ മാർഗമാണ് പാപ്പ സബ്-സഹാറൻ ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ മരിയൻ കേന്ദ്രത്തിലെത്തിയത്.
കിംബുണ്ടു ഭാഷയിൽ ‘ഹൃദയത്തിന്റെ മാതാവ്’ എന്നറിയപ്പെടുന്ന ഈ ദൈവാലയത്തിൽ പതിനായിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലാണ് മാർപാപ്പ ജപമാല പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് മാമാ മുഷീമ ദൈവാലയം. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ക്വാൻസ നദീതീരത്ത് നിർമ്മിച്ച ഈ ദൈവാലയം നൂറ്റാണ്ടുകളോളം അടിമവ്യാപാരത്തിന്റെ ഇടത്താവളമായിരുന്നു.
ഒരിക്കൽ ആഫ്രിക്കൻ ജനതയെ അടിമകളായി അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് കടത്താൻ ഉപയോഗിച്ചിരുന്ന ഈ പ്രദേശം, ഇന്ന് ആഴമേറിയ വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.
വേദനയുടെ കറുത്ത ചരിത്രത്തിൽ നിന്ന് പ്രത്യാശയുടെ പ്രകാശത്തിലേക്കുള്ള മാറ്റമാണ് ഈ ദൈവാലയം അടയാളപ്പെടുത്തുന്നത്.
തീർഥാടനകേന്ദ്രത്തിലെത്തിയ മാർപാപ്പയെ വിയാന ബിഷപ്പ് മോൺസിഞ്ഞോർ എമിലിയോ സുമ്പെലെലോ സ്വീകരിച്ചു. മൈതാനിയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ പാപ്പാവൈക്കിളിൽ സഞ്ചരിച്ച് അഭിവാദ്യം ചെയ്ത പാപ്പ, തുടർന്ന് ദൈവാലയത്തിനുള്ളിൽ പ്രവേശിച്ച് ദിവ്യകാരുണ്യത്തിനു മുന്നിൽ നിശ്ശബ്ദപ്രാർഥന നടത്തുകയും പുരാതനമായ അമലോദ്ഭവ മാതാവിന്റെ രൂപത്തിനു മുന്നിൽ പുഷ്പങ്ങളർപ്പിക്കുകയും ചെയ്തു.
വിവിധ ഭാഷകളിലുള്ള വായനകളോടെ നടന്ന ജപമാല സമർപ്പണത്തിന് പരിശുദ്ധ പിതാവ് നേതൃത്വം നൽകി.
‘സാൽവെ റെജീന’ ഗീതാലാപനവും പ്രത്യേക ആശീർവാദവും ചടങ്ങിന് മാറ്റ് കൂട്ടി.
ചൊവ്വാഴ്ച വരെ അംഗോളയിൽ തുടരുന്ന മാർപാപ്പ, നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന ആഫ്രിക്കൻ പര്യടനത്തിന്റെ അവസാനപാദമായി ഇക്വറ്റോറിയൽ ഗിനിയയിലെ മലബോയിലേക്ക് തിരിക്കും.
ഏപ്രിൽ 23 ന് സന്ദർശനം പൂർത്തിയാക്കി പാപ്പ വത്തിക്കാനിലേക്കു മടങ്ങും.