സ്വിറ്റ്‌ലാന്‍ഡ് അഗ്‌നിബാധയുടെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ലിയോ പതിനാലാമാന്‍ പാപ്പാ
വത്തിക്കാന്‍സിറ്റി: സ്വിറ്റസര്‍ലണ്ടിലെ ക്രാന്‍-മൊന്താനയിലുണ്ടായ ദാരുണാപകടം മൂലം ദുഃഖത്തിലായിരിക്കുന്ന ഏവര്‍ക്കും തന്റെ സാമീപ്യം ആവര്‍ത്തിച്ച് ഉറപ്പുനല്‍കി പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ.
വത്തിക്കാനില്‍ ഞായറാഴ്ചകളില്‍ ഉള്ള പതിവനുസരിച്ച് ജനുവരി നാലാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ത്രികാല ജപപ്രാര്‍ത്ഥന നയിച്ച വേളയിലാണ് അവിടെയുള്ള സ്‌കീ റിസോര്‍ട്ടില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയുടെ ഇരകളെയും അവരുടെ പ്രിയപ്പെട്ടവരെയും പാപ്പാ അനുസ്മരിച്ചത്.
ഈ ദാരുണപകടത്തില്‍ മരണമടഞ്ഞ യുവജനങ്ങള്‍ക്കും, അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും തന്റെ പ്രാര്‍ത്ഥനകള്‍ പരിശുദ്ധ പിതാവ് ഉറപ്പു നല്‍കി.
അപകടമുണ്ടായതിന്റെ പിറ്റേന്ന്, ജനുവരി രണ്ടാം തീയതി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍ ഒപ്പിട്ട്, പ്രദേശത്തെ സിയോണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഷാന്‍-മരീ ലോവിക്ക് അയച്ച ഒരു ടെലെഗ്രാം സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ഈ അഗ്‌നിബാധയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്ന് അറിയിച്ചിരുന്നു.
ജനുവരി ഒന്നാം തീയതി രാവിലെ ക്രാന്‍ - മൊന്താനയില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആളുകള്‍ ഒന്ന് ചേര്‍ന്ന് ആഘോഷങ്ങള്‍ നടത്തുന്നതിനിടയില്‍ ഉണ്ടായ അഗ്‌നിബാധയില്‍ നാല്‍പ്പതിലധികം ആളുകള്‍ മരണമടഞ്ഞിരുന്നു. നൂറിലധികം പേര്‍ക്കാണ് പൊള്ളലും മറ്റു പരിക്കുകളും ഏറ്റത്.
ജനുവരി ഒന്നാം തീയതി പുലര്‍ച്ചെയുണ്ടായ ഈ അപകടത്തിന്റെ ഇരകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി സിയോണ്‍ രൂപതാദ്ധ്യക്ഷന്‍ അന്ന് വൈകുന്നേരം അര്‍പ്പിച്ച ദിവ്യബലിയില്‍ നാനൂറിലധികം ആളുകള്‍ പങ്കുചേര്‍ന്നിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് ദുഃഖമനുഭവിക്കുന്നവര്‍ക്ക് ക്രൈസ്തവമായ പ്രത്യാശ ആശ്വാസം പകരട്ടെയെന്നാണ് താന്‍ ആശംസിക്കുന്നതെന്ന് സിയോണ്‍ രൂപതാദ്ധ്യക്ഷന്‍ പ്രസ്താവിച്ചിരുന്നു.