സ്പെയിനിൽ ചരിത്രം കുറിച്ച് ലെയോ പതിനാലാമൻ പാപ്പ; ബെർണബ്യൂവിൽ വൻ ജനസഞ്ചയം
സ്പെയിൻ സന്ദർശനത്തിന്റെ മൂന്നാം ദിനത്തിൽ ചരിത്രപരമായ രാഷ്ട്രീയ- ആത്മീയകൂടിക്കാഴ്ചകൾ നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. സ്പാനിഷ് പാർലമെന്റ് സന്ദർശനം, പീഡനത്തിന് ഇരയായവരുമായുള്ള കൂടിക്കാഴ്ച, അൽമുദേന കത്തീഡ്രലിലെ പ്രാർഥന എന്നിവയ്ക്കു ശേഷം റയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ എൺപതിനായിരത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദർശനം അവിസ്മരണീയമാക്കിയത്.
പാർലമെന്റിൽ ചരിത്രപ്രസംഗം; യുദ്ധങ്ങൾ പരാജയമെന്ന് മാർപാപ്പ
സ്പാനിഷ് പാർലമെന്റായ കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസിൽ മാർപാപ്പ നടത്തിയ പ്രസംഗം ആഗോളശ്രദ്ധ നേടി. മനുഷ്യാന്തസ്സ്, കുടിയേറ്റം, ജീവന്റെ സംരക്ഷണം, ആയുധവൽക്കരണം, കുടുംബം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സമാധാനം തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ പാപ്പ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഏഴ് മിനിറ്റിലധികം നീണ്ടുനിന്ന, എഴുന്നേറ്റുനിന്നുള്ള കൈയടികളോടെയാണ് മാർപാപ്പയുടെ വാക്കുകളെ പാർലമെന്റ് വരവേറ്റത്.
പാർലമെന്റ് സന്ദർശനത്തിനു ശേഷം സ്പെയിനിലെ കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയ പാപ്പ, സഭയ്ക്കുള്ളിലെ ഐക്യം കാത്തുസൂക്ഷിക്കാനും വിഭജനങ്ങൾ ഇല്ലാതാക്കാനും ആഹ്വാനം ചെയ്തു. സഭയുടെ കരുത്ത് വിഭവങ്ങളുടെ വലിപ്പത്തിലല്ല, മറിച്ച് മക്കളുടെ വിശുദ്ധിയിലാണ് അടങ്ങിയിരിക്കുന്നതെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
പൊതുപരിപാടികൾക്കു മധ്യേ, സഭാധികാരികളിൽ നിന്ന് പീഡനത്തിനിരയായ ആറ് വ്യക്തികളുമായി പാപ്പ അതീവരഹസ്യമായി കൂടിക്കാഴ്ച നടത്തി. ഒരുമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരകളുടെ വേദന പാപ്പ ഹൃദയത്തോട് ചേർത്തുവച്ചതായും സഭയുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ കൂടുതൽ ഫലപ്രദമാക്കാനുള്ള നിർദേശങ്ങൾ സ്വീകരിച്ചതായും വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ അറിയിച്ചു.
മാഡ്രിഡിന്റെ സംരക്ഷകയായ ലേഡി ഓഫ് അൽമുദേന കത്തീഡ്രലിൽ പ്രാർഥന നടത്തിയ ശേഷം, സാന്റിയാഗോ ബെർണബ്യൂ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന വൻ വിശ്വാസ സംഗമത്തിൽ പാപ്പ പങ്കെടുത്തു.