ക്രാന്‍സ് - മൊന്താനയിലെ അഗ്‌നിബാധ: ലിയോ പതിനാലാമന്‍ പാപ്പായുടെ അനുശോചനമറിയിച്ചു
സ്വിറ്റസര്‍ലണ്ട്: വര്‍ഷാവസാനത്തില്‍ സ്വിറ്റസര്‍ലണ്ടിലെ ക്രാന്‍സ്-മൊന്താനയിലുള്ള സ്‌കീ റിസോര്‍ട്ടിലെ ക്ലബിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ നാല്‍പ്പതിലധികം ആളുകള്‍ മരണമടയുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അനുശോചനവും സാമീപ്യവുമറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.
സിയോണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഷാന്‍-മരീ ലോവിക്ക് കര്‍ദ്ദിനാള്‍ പരൊളീന്‍ പാപ്പായുടെ പേരില്‍ അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ് ജനുവരി ഒന്നിന് ഉണ്ടായ ഈ ദാരുണപകടത്തില്‍ ഇരകളായവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പാപ്പാ തന്റെ സാമീപ്യം അറിയിച്ചത്.
ദാരുണമായ ഈ അപകടത്തില്‍ നാല്‍പ്പതിലധികം ആളുകള്‍ മരണമടയുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദുഃഖിതരായിരിക്കുന്ന കുടുംബങ്ങളുടെയും സ്വിറ്റസര്‍ലണ്ടിന്റേയും ദുഃഖത്തില്‍ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പങ്കുചേരുന്നുവെന്ന് എഴുതിയ കര്‍ദ്ദിനാള്‍ പരൊളീന്‍ അപകടത്തില്‍ മരണമടഞ്ഞവരെ തന്റെ സമാധാനത്തിന്റെയും നിത്യവെളിച്ചത്തിന്റെയും ഇടത്തേക്ക് കര്‍ത്താവ് സ്വീകരിക്കട്ടെയെന്നും തങ്ങളുടെ ഹൃദയത്തിലും ശരീരത്തിലും സഹനമനുഭവിക്കുന്നവര്‍ക്ക് ധൈര്യം പകരട്ടെയെന്നും പാപ്പായുടെ പേരില്‍ ആശംസിച്ചു.
ഈ ദുരിതത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കും പരിശുദ്ധ അമ്മ വിശ്വാസത്തില്‍നിന്നുയരുന്ന ആശ്വാസമരുളട്ടേയെന്നും, അവരേവരെയും പ്രത്യാശയില്‍ സംരക്ഷിക്കട്ടെയെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി എഴുതി.
വര്‍ഷാവസാനത്തിന്റെയും പുതുവര്‍ഷത്തിന്റെയും ആഘോഷത്തിന്റെ ഭാഗമായി, സ്വിറ്റസര്‍ലണ്ടിലെ ക്രാന്‍സ് മൊന്താനയിലുള്ള സ്‌കീ റിസോര്‍ട്ടിലെ ക്ലബില്‍ വിവിധയിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് യുവജനങ്ങള്‍ ഒത്തുചേര്‍ന്ന അവസരത്തിലാണ് പുലര്‍ച്ചെ ഒന്നരയോടെ അപ്രതീക്ഷിതമായി അവിടെയുള്ള ഹാളില്‍ കനത്ത അഗ്‌നിബാധയുണ്ടായത്.
സ്വിറ്റസര്‍ലണ്ടിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് സമുദ്രനിരപ്പില്‍നിന്ന് മൂവായിരത്തോളം മീറ്റര്‍ ഉയരത്തിലാണ് ഈ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഇറ്റലിയില്‍നിന്നുള്ള നിരവധി ആളുകളും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിലവിലെ കണക്കുകള്‍ പ്രകാരം നാല്‍പ്പത്തിയേഴ് പേരെങ്കിലും മരണമടഞ്ഞതായാണ് വിവിധ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും കണക്കാക്കപ്പെടുന്നു.