അഗസ്തീനിയൻ സന്യാസ സമൂഹവുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ
ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി അൾജീരിയയിലെ അന്നബയിൽ അഗസ്തീനിയൻ സന്യാസ സമൂഹവുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. സഭാംഗങ്ങൾക്കിടയിൽ ഒരു സഹോദരനായി എത്തിയ പാപ്പ, പ്രാദേശിക സമൂഹത്തോടൊപ്പം ഉച്ചഭക്ഷണം പങ്കിടുകയും സ്നേഹനിർഭരമായ സമയം ചെലവഴിക്കുകയും ചെയ്തു. സെന്റ് അഗസ്റ്റിൻ സഭയുടെ ആത്മീയചൈതന്യത്തിൽ ഊന്നിയുള്ളതായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു.
ഹിപ്പോയിലെ പുരാതന മ്യൂസിയവും ദരിദ്രർക്കായി സേവനം ചെയ്യുന്ന ‘ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ’ എന്ന സന്യാസിനീ സമൂഹത്തിന്റെ ഭവനവും സന്ദർശിച്ച ശേഷമാണ് മാർപാപ്പ അഗസ്തീനിയൻ ഭവനത്തിൽ എത്തിയത്. സെന്റ് അഗസ്റ്റിൻ ബസിലിക്കയുടെ സംരക്ഷകരായ സന്യാസികളുമായി പാപ്പ സംസാരിച്ചു. ഒരേ ഹൃദയവും ആത്മാവുമുള്ള സഹോദരങ്ങൾ ഒരുമിച്ചു വസിക്കുന്നതിന്റെ സന്തോഷമാണ് ഈ കൂടിക്കാഴ്ചയിൽ പ്രതിഫലിച്ചതെന്ന് സെന്റ് അഗസ്റ്റിൻ ഓർഡർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സെന്റ് അഗസ്റ്റിൻ ഓർഡർ പ്രിയർ ജനറൽ ഫാ. ജോസഫ് ഫാരെൽ, വിക്കർ ജനറൽ ഫാ. മാർട്ടിൻ ഡാവകൻ എന്നിവരും മാർപാപ്പയെ അനുഗമിച്ചിരുന്നു. അന്നബയിലെ അഗസ്തീനിയൻ സമൂഹത്തിന്റെ ആഗോളസ്വഭാവം വിളിച്ചോതുന്നതായിരുന്നു ഈ സംഗമം. ദക്ഷിണ സുഡാൻ, നൈജീരിയ, കെനിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈദികർ ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ളവരാണെങ്കിലും ആത്മീയമായ ഐക്യത്തിലൂടെ അവർ ഒരൊറ്റ കുടുംബമായി മാറുന്നു എന്ന സന്ദേശമാണ് ഈ സന്ദർശനം നൽകുന്നത്.