മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേലയുമായി ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍: മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേലയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ ഡിസംബര്‍ പതിനഞ്ച് തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസ് ഓഫീസാണ് പുറത്തുവിട്ടത്.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍ , വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവന്‍ ആര്‍ച്ച്ബിഷപ് റിച്ചാര്‍ഡ് ഗാല്ലഗര്‍ തുടങ്ങിയവരുമായും പ്രധാനമന്ത്രി അബേല കൂടിക്കാഴ്ച നടത്തിയെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചകളില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധവും, പ്രാദേശിക സഭയും രാഷ്ട്രനേതൃത്വവും തമ്മിലുള്ള മെച്ചപ്പെട്ട സഹകരണവും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.
ഇതുകൂടാതെ, ഇരുകക്ഷികള്‍ക്കും പ്രധാനപ്പെട്ട കുടിയേറ്റം പോലെയുള്ള വിഷയങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിച്ചു.
മാള്‍ട്ടയിലെ സഭയെയും സര്‍ക്കാരിനെയും പ്രത്യേകമായി ബാധിക്കുന്ന ഒരു വിഷയം കൂടിയാണ് കുടിയേറ്റമെന്ന യാഥാര്‍ത്ഥ്യമെന്ന കാര്യം പ്രെസ് ഓഫീസ് എടുത്തുപറഞ്ഞു.
ഉക്രൈനിലെ യുദ്ധം, മദ്ധ്യപൂര്‍വ്വദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ തുടങ്ങി, യൂറോപ്പും, അന്താരാഷ്ട്രസമൂഹവും കടന്നുപോകുന്ന പ്രതിസന്ധികളും ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.
മാള്‍ട്ടയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് അബേലയുടെ മകനായ റോബര്‍ട്ട് അബേല 2020 ജനുവരി 13-നാണ് മാള്‍ട്ടയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.