ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ലബനനിലേക്കായേക്കുമെന്ന് സൂചന

ബെയ്‌റൂട്ട്: അനുഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം തന്റെ പൊന്തിഫിക്കേറ്റില്‍ നിരവധി തവണ ആവര്‍ത്തിച്ച ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഒരുമിച്ച് ജീവിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ലബനനിലേക്കായേക്കുമെന്ന് സൂചന. വത്തിക്കാന്‍ യാത്രയെക്കുറിച്ച് ‘പഠിക്കുകയാണ്’ എന്നും ഔദ്യോഗിക തീയതികള്‍ക്കായി കാത്തിരിക്കുകയാണെന്നും മറോനൈറ്റ് പാത്രിയാര്‍ക്കേറ്റിന്റെ വികാരി ജനറലായ ആര്‍ച്ചുബിഷപ് പോള്‍ സായ ബിബിസിയോട് പറഞ്ഞു. നേരത്തെ ലബനനില്‍ നിന്നുള്ള കര്‍ദിനാള്‍ ബെച്ചാര ബുത്രോസ് റായി ഡിസംബറിന് മുമ്പ് പാപ്പ ലബനന്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. ജനസംഖ്യയുടെ 40 ശതമാനത്തോളമാളുകള്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ലബനന്‍ മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സാന്നിധ്യമുള്ള പ്രധാനപ്പെട്ട രാഷ്ട്രമാണ്.
യാത്ര സ്ഥിരീകരിച്ചാല്‍, നവംബര്‍ അവസാനം നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തിനായി പാപ്പ തുര്‍ക്കിയിലേക്ക് നടത്താന്‍ സാധ്യതയുള്ള യാത്രയുമായി ഇത് ഏകോപിപ്പിക്കാനും സാധ്യതയുണ്ട്. നിഖ്യാ കൗണ്‍സിലിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ലിയോ പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അവസാന വിദേശ യാത്ര 2012 സെപ്റ്റംബറില്‍ ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്കായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ലബനനെ ‘ഒരു രാഷ്ട്രത്തേക്കാള്‍ ഉപരി, അതൊരു സന്ദേശമാണ്’ എന്നാണ് വിശേഷിപ്പിച്ചത്.
ലബനന്റെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ദിവസേനയുള്ള ആക്രമണങ്ങള്‍ തുടരുകയും, ഹിസ്ബുള്ള നിരായുധീകരണത്തിന് വിസമ്മതിക്കുകയും സാമ്പത്തിക തകര്‍ച്ചയുടെയും അഭയാര്‍ത്ഥി പ്രവാഹത്തിന്റെയും ഭാരം ലെബനന്‍ നേരിടുകയും ചെയ്യുന്ന ഘട്ടത്തില്‍ പാപ്പയുടെ സാന്നിധ്യവും ശബ്ദവും മേഖലയില്‍ സമാധാനം കൈവിരിക്കുന്നതില്‍ നിര്‍ണായകമായേക്കും