ജമെല്ലി ആശുപത്രിയിൽ ‘പോപ്പ് ഫ്രാൻസിസ് ഹാർട്ട് സെന്റർ’: ലെയോ പതിനാലാമൻ മാർപാപ്പ തറക്കല്ലിട്ടു
റോമിലെ പ്രശസ്തമായ അഗോസ്റ്റിനോ ജമെല്ലി പോളിക്ലിനിക്കിൽ പുതുതായി ആരംഭിക്കുന്ന ‘പോപ്പ് ഫ്രാൻസിസ് ഹാർട്ട് സെന്ററിന്’ (Centro Cuore – Papa Francesco) ലെയോ പതിനാലാമൻ മാർപാപ്പ തറക്കല്ലിട്ടു.
തിങ്കളാഴ്ച വത്തിക്കാനിൽ നടന്ന ചടങ്ങിൽ ജമെല്ലി ആശുപത്രി പ്രതിനിധികളെ അഭിസംബോധന ചെയ്യവെ, മെഡിക്കൽ മികവിനോടൊപ്പം മാനുഷികവും ക്രൈസ്തവവുമായ മൂല്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
ഹൃദയം എന്നർഥമുള്ള ‘ക്വോറെ’ (CUORE) എന്ന വാക്ക് പുതിയ കേന്ദ്രത്തിന്റെ ചുരുക്കപ്പേരായി (Cardiovascular Unique Offer ReEngineered) ഉപയോഗിച്ചിട്ടുണ്ടെങ്കിലും, അത് മനുഷ്യന്റെ ആത്മീയകേന്ദ്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ അവസാന വിജ്ഞാപനമായ ‘ദിലക്സിത് നോസ്’ (Dilexit nos) ഉദ്ധരിച്ചുകൊണ്ട്, സ്നേഹമാണ് ഓരോ മനുഷ്യന്റെയും അടിസ്ഥാനമെന്നും ചികിത്സാരംഗത്ത് ഈ സ്നേഹത്തിന് വലിയ പ്രാധാന്യമുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.
തന്റെ 13 വർഷത്തെ ഭരണകാലയളവിൽ പലതവണ ചികിത്സ തേടിയ ജമെല്ലി ആശുപത്രിയോടുള്ള ബഹുമാനസൂചകമായാണ് പുതിയ കേന്ദ്രത്തിന് ‘പോപ്പ് ഫ്രാൻസിസ്’ എന്ന് പേരിട്ടിരിക്കുന്നത്.