അംഗോളയിലെ കത്തോലിക്കാ വിശ്വാസികളും ഭരണകൂടവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

 
Angola

അംഗോളയിലെ കത്തോലിക്കാ വിശ്വാസികളും ഭരണകൂടവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.

ഏപ്രിൽ 18 മുതൽ 21 വരെയാണ് മാർപാപ്പ അംഗോളയിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്നത്. സർക്കാർ പ്രതിനിധികൾ, കത്തോലിക്കാ സഭാനേതൃത്വം, വിവിധ മതസ്ഥാപനങ്ങൾ എന്നിവർ സംയുക്തമായാണ് പാപ്പയെ സ്വീകരിക്കാൻ രാജ്യമൊട്ടാകെ സജീവമായി പ്രവർത്തിക്കുന്നത്.

മാർപാപ്പയുടെ ഈ സന്ദർശനം അംഗോളയിലെ ദേശീയ ഐക്യവും അനുരഞ്ജനവും ശക്തിപ്പെടുത്തുന്നതിൽ വലിയൊരു നാഴികക്കല്ലായിരിക്കുമെന്ന് കുയിറ്റോ-ബീ രൂപതയിലെ ബിഷപ്പ് വിസെന്റെ സനോംബോ പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്ത് സമാധാനം, ഐക്യദാർഢ്യം, സാമൂഹിക സൗഹാർദ്ദം എന്നീ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ ഈ സന്ദർശനം ഒരു അപൂർവ്വ അവസരമൊരുക്കുമെന്ന് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഒരു ‘മിഷനറി പോപ്പ്’ എന്ന നിലയിലുള്ള ലെയോ പതിനാലാമന്റെ സാന്നിധ്യം അംഗോളൻ ജനതയ്ക്ക് വലിയ ആത്മീയ ഊർജം പകരുമെന്നാണ് കരുതപ്പെടുന്നത്.


തലസ്ഥാനമായ ലുവാണ്ടയിൽ നിന്ന് ആയിരത്തോളം കിലോമീറ്റർ അകലെയുള്ള ലുബാംഗോ അതിരൂപതയിൽ നിന്നടക്കം ആയിരക്കണക്കിന് വിശ്വാസികൾ പാപ്പയെ കാണാൻ എത്തുന്നുണ്ട്.

ഏകദേശം 12 മണിക്കൂറിലധികം റോഡ് മാർഗ്ഗം യാത്ര ചെയ്താണ് ലുബാംഗോയിലെ 500-ഓളം വരുന്ന ഔദ്യോഗിക പ്രതിനിധി സംഘം ലുവാണ്ടയിലെ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നത്.

രാജ്യത്തിന്റെ സാമൂഹികവും ആത്മീയവുമായ പരിവർത്തനത്തിന് പാപ്പയുടെ സന്ദർശനം വലിയ പ്രചോദനമാകുമെന്ന് ലുബാംഗോ വികാരി ജനറൽ ഫാ. മൗറീഷ്യോ കാപെംബെ പറഞ്ഞു.

Tags

Share this story

From Around the Web