ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ വിശ്വാസജീവിതത്തിലേക്ക് ക്ഷണിച്ച് ലിയോ പതിനാലാമന്‍ പാപ്പാ
വത്തിക്കാന്‍സിറ്റി: ആയുധരഹിതവും, നിരായുധീകരിക്കുന്നതുമായ ഒരു വിശ്വാസജീവിതശൈലി സ്വന്തമാക്കാനും, ദൈവത്തിന്റെ സ്‌നേഹസാന്നിദ്ധ്യവും ക്ഷമയും തിരിച്ചറിഞ്ഞും പ്രവര്‍ത്തികമാക്കിയും ജീവിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ.
പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വവും ലോകസമാധാനദിനവും ആചരിക്കപ്പെടുന്ന ജനുവരി ഒന്നാം തീയതി രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ വിശുദ്ധ ബലിയര്‍പ്പിച്ച അവസരത്തിലാണ് ക്രൈസ്തവജീവിതം പുതുവര്‍ഷാരംഭത്തില്‍ മുന്നോട്ടുവയ്ക്കുന്ന ചിന്തകളെക്കുറിച്ച് പരിശുദ്ധ പിതാവ് സംസാരിച്ചത്.
ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹവും കരുണയും അതോടുള്ള നമ്മുടെ സ്വാതന്ത്രപൂര്‍ണ്ണമായ പ്രതികരണവും ഒന്നുചേരുമെങ്കില്‍ ഓരോ ദിനവും ജീവിതത്തിലെ പുതിയൊരു തുടക്കമാകാമെന്ന് ഓര്‍മ്മിപ്പിച്ച ലിയോ പതിനാലാമന്‍ പാപ്പാ ദൈവത്തിന്റെ സമാധാനവും കരുണയാര്‍ന്ന കടാക്ഷവും ഏവര്‍ക്കും ആശംസിച്ചു.
ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും ലോകസമാധാനദിനത്തിന്റെയും പശ്ചാത്തലത്തില്‍ തന്റെ പ്രഭാഷണം നടത്തിയ പരിശുദ്ധ പിതാവ് ദൈവമാതാവായിത്തീര്‍ന്ന പരിശുദ്ധ അമ്മയുടെ സഹകരണത്തോടെ ദൈവം നമുക്കിടയിലേക്ക് നഗ്‌നതയിലും ദുര്‍ബലമായ അവസ്ഥയിലുമാണ് കടന്നുവരുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.
ലോകം രക്ഷിക്കപ്പെടുന്നത് അക്രമത്തിന്റെ മാര്‍ഗ്ഗത്തിലൂടെയല്ലെന്നും ക്ഷമയിലൂടെയും, കണക്കുകൂട്ടലുകളോ ഭയമോ കൂടാതെ മറ്റുളളവരെ അംഗീകരിക്കുന്നതിലൂടെയുമാണെന്നും ക്രിസ്തുമസ് നമുക്ക് കാണിച്ചുതരുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
എപ്പിഫനി തിരുനാള്‍ ദിനത്തില്‍, പ്രത്യാശയുടെ ജൂബിലി വര്‍ഷം അവസാനിക്കുകയാണെന്ന കാര്യം അനുസ്മരിപ്പിച്ച പാപ്പാ, 2000-ലെ ജൂബിലിയുടെ അവസരത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞതുപോലെ, ഇത്തവണത്തെ ജൂബിലിയും, ക്ഷമിക്കാനും ക്ഷമ സ്വീകരിക്കാനുമുള്ള അവസരമായിരുന്നുവെന്നും, ദൈവത്തിന്റെ രക്ഷാകരസാന്നിദ്ധ്യം തിരിച്ചറിയാനുള്ള ഒരു സമയമായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ ഗ്രന്ഥത്തിലെ സംഖ്യയുടെ പുസ്തകത്തില്‍നിന്നുള്ളതും, ഫ്രാന്‍സിസ് അസ്സീസി ഉപയോഗിച്ചിരുന്നതുമായ 'കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ; അവന്‍ തന്റെ തിരുമുഖം നിനക്ക് വെളിപ്പെടുത്തുകയും, നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ; അവന്‍ നിന്നെ കടാക്ഷിക്കുകയും നിനക്ക് സമാധാനം നല്‍കുകയും ചെയ്യട്ടെ' എന്ന ആശീര്‍വാദം പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിന്റെ ആരംഭത്തില്‍ പരാമര്‍ശിച്ചിരുന്നു. ജനുവരി ഒന്നിന് ഉച്ചയ്ക്ക് വത്തിക്കാനില്‍ ത്രികാലജപ്രാര്‍ത്ഥന നയിച്ച അവസരത്തിലും പാപ്പാ ഇതേ ആശീര്‍വാദം ആവര്‍ത്തിച്ചിരുന്നു.