ദൈവജനത്തെ ശുശ്രൂഷിക്കാനും, അവർക്കായി പ്രാർത്ഥിക്കാനും പുരോഹിതരെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ
ദൈവത്തിനായി സ്വജീവിതം സമർപ്പിച്ച പുരോഹിതർ, അത്, ദൈവജനത്തിനായുള്ള ശുശ്രൂഷകളിലൂടെ പ്രവർത്തികമാക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ.
റോം രൂപതയുടെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിൽ പെസഹാവ്യാഴത്തിന്റെ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച പരിശുദ്ധ പിതാവ്, ലോകത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ഉത്തരവാദിത്വവും പ്രത്യേകം അനുസ്മരിച്ചു.
പെസഹാദിനത്തിൽ ശിഷ്യന്മാരുടെ കാലുകൾ കഴുകുന്ന ക്രിസ്തു നമുക്ക് ഒരു മാതൃക കൂടിയാണ് നൽകുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ലോകത്തിന്റെ ചിന്തകൾക്കും പതിവുകൾക്കും വിപരീതമായി, ശുശ്രൂഷയുടെ ദാസ്യമനോഭാവത്തിലൂടെ പിതാവിന്റെ മഹത്വമാണ് ദൈവപുത്രൻ വെളിപ്പെടുത്തുന്നത്.
വ്യക്തിമഹത്ത്വത്തെയും പ്രാധാന്യത്തെയും കുറിച്ചുള്ള ലോകത്തിന്റെയും നമ്മുടെയും ചിന്തകളിലും മനോഭാവങ്ങളിലും നിന്ന് വ്യത്യസ്തമായതാണ് ദൈവികമായ കാഴ്ചപ്പാടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ജീവിതം മുഴുവനും, ക്രിസ്തുവിന്റെ മാതൃകയിൽ ശുശ്രൂഷയുടെ മനോഭാവത്തോടെ വിനിയോഗിക്കാൻ പരിശുദ്ധ പിതാവ് പുരോഹിതരുൾപ്പെടെ ഏവരെയും ആഹ്വാനം ചെയ്തു.
യേശുവിനാൽ സ്നേഹിക്കപ്പെടുന്ന നാം, അവന്റെ മാതൃകയിൽ മറ്റുള്ളവരെ സ്നേഹിക്കാനും, അവന്റെ അനുഗ്രഹങ്ങൾ പങ്കുവയ്ക്കാനും പരിശ്രമിക്കേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.
ലോകത്ത് നടക്കുന്ന അക്രമങ്ങളിലേക്കും സംഘർഷങ്ങളിലേക്കും യുദ്ധങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ച പാപ്പാ, തകർന്ന മാനവികതയ്ക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനുമുള്ള വൈദികരുടെ വിളിയെ പ്രത്യേകം പരാമർശിച്ചു.
കീഴ്‌പ്പെടുത്താനോ നശിപ്പിക്കാനോ അല്ല, സ്വാതന്ത്യ്രവും ജീവനും നൽകാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. മുട്ടിന്മേൽ നിലവിളിക്കുന്ന സഹോദരങ്ങൾക്കൊപ്പം മുട്ടിന്മേൽനിന്ന് പ്രാർത്ഥിക്കാനാണ് നാം പരിശ്രമിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പെസഹാവ്യാഴാഴ്ചകളിലെ പതിവുപോലെ, യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അനുസ്മരണമായി, റോം രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന പന്ത്രണ്ട് വൈദികരുടെ പാദങ്ങൾ പരിശുദ്ധ പിതാവ് കഴുകി.
ഇവരിൽ പതിനൊന്ന് പേരെയും പുരോഹിതരായി അഭിഷിക്തരാക്കിയത്, റോം രൂപതയുടെ മെത്രാൻ കൂടിയായ പാപ്പായായിരുന്നു.