എൽ സാൽവദോറിൽ ശുദ്ധജലമെത്തിക്കാൻ സഹായം നൽകി ലെയോ പതിനാലാമൻ മാർപാപ്പ

 
Papa 1235

എൽ സാൽവദോറിലെ കുടിവെള്ളക്ഷാമവും ജലമലിനീകരണവും പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന ‘സുരക്ഷിത ജലം’ (Safe Water) പദ്ധതിക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) സംഭാവന നൽകി ലെയോ പതിനാലാമൻ മാർപാപ്പ. 

രാജ്യത്തെ ദരിദ്ര മേഖലകളിൽ ശുദ്ധജലവും മികച്ച ശുചിത്വ സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാമ്പത്തിക സഹായം. 

വത്തിക്കാൻ പ്രതിനിധിയായ അപ്പസ്തോലിക് ന്യൂൺഷ്യോയുടെ നേതൃത്വത്തിൽ, കാത്തലിക് റിലീഫ് സർവീസസ് (CRS) ആണ് പദ്ധതി ഏകോപിപ്പിക്കുന്നത്.

എൽ സാൽവദോറിലെ അപ്പസ്തോലിക് ന്യൂൺഷ്യോ മോൺസിഞ്ഞോർ ലൂയിജി റോബർട്ടോ കോനയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് 2025 ഡിസംബറിൽ ഈ പദ്ധതിക്ക് തുടക്കമായത്. 

അദ്ദേഹം തന്റെ വ്യക്തിപരമായ സമ്പാദ്യത്തിൽ നിന്ന് നൽകിയ 35,000 ഡോളർ ഉപയോഗിച്ച് മെറ്റാലിയോ തീരദേശ മേഖലയിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയിരുന്നു.

തുടർന്ന് അദ്ദേഹം മാർപാപ്പയെ നേരിൽ കണ്ട് പദ്ധതിയുടെ പ്രാധാന്യം ബോധിപ്പിച്ചതിനെത്തുടർന്നാണ് ധന സഹായം നൽകാൻ പരിശുദ്ധ പിതാവ് തീരുമാനിച്ചത്. 

ലെയോ പതിനാലാമൻ മാർപാപ്പയുടെ ഈ പിന്തുണയോടെ ചാലറ്റെനാങ്കോ രൂപതയിലെ ലിൻഡെറോയിൽ പുതിയ കിണർ കുഴിക്കുന്ന പ്രവർത്തനങ്ങൾ ഏപ്രിൽ 20-ന് ആരംഭിച്ചു.


കാർഷിക മേഖലകളിൽ കീടനാശിനികളുടെ സാന്നിധ്യം മൂലം ജലം മലിനമാകുന്നത് വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ബിഷപ്പ് കോന ചൂണ്ടിക്കാട്ടി. 

ശുദ്ധജലത്തിന്റെ അഭാവം മൂലം പലരും വിലകുറഞ്ഞ ശീതളപാനീയങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.

മാർപാപ്പയുടെ ധനസഹായം വഴി എട്ട് പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കാനും ഇതിലൂടെ 7,500-ഓളം പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നും സിആർഎസ് (CRS) പ്രതിനിധികൾ അറിയിച്ചു.

ആകെ 48 കമ്മ്യൂണിറ്റികളിലായി 50,000 ആളുകളിലേക്ക് ശുദ്ധജലം എത്തിക്കുകയാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

കേവലം ജലലഭ്യത മാത്രമല്ല, ജനങ്ങളുടെ ആരോഗ്യവും അന്തസ്സും കുട്ടികളുടെ ഭാവിയും മെച്ചപ്പെടുത്താൻ ഈ സംരംഭം സഹായിക്കുമെന്ന് സിആർഎസ് പ്രതിനിധി ജോൺ ബ്രിഗ്സ് പറഞ്ഞു. 

ജലപദ്ധതിക്ക് പുറമെ, അപകടസാധ്യതയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും പോഷകാഹാരവും നൽകുന്ന “പ്രതീക്ഷയുടെ വിത്തുകൾ വിതയ്ക്കൽ” എന്ന പദ്ധതിയും അപ്പസ്തോലിക് ന്യൂൺഷിയേച്ചർ രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്.

Tags

Share this story

From Around the Web