കൽദ്ദായപാത്രിയാർക്കീസിന് "സഭൈക്യ കൂട്ടായ്മ" അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ

 
Rome

റോമിൽ സമ്മേളിച്ച ബാഗ്ദാദിലെ കൽദായ സഭാ സിനഡിൽ പുതിയ പാത്രിയാർക്കീസായി കാനോനികമായി തിരഞ്ഞെടുക്കപ്പെട്ട പോളിസ് മൂന്നാമൻ നോനയ്ക്ക് കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ ലിയോ പതിനാലാമൻ പാപ്പാ സഭൈക്യ കൂട്ടായ്മ പ്രഖ്യാപിച്ചുകൊണ്ട് മറുപടി നൽകി. 

ഏപ്രിൽ 28 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്.

കത്തോലിക്കാ സഭയുമായി പൂർണ്ണമായ ഐക്യത്തിലുള്ള, വ്യക്തിഗത സഭയായ കൽദായ കത്തോലിക്കാ സഭയുടെ പുതിയ തലവൻ, പൗരസ്ത്യസഭാ കാനോനിക നിയമമനുസരിച്ച് (Codex Canonum Ecclesiarum Orientalium 76, §2) സഭൈക്യത്തിന് വേണ്ടിയുള്ള അഭ്യർത്ഥന അപ്പസ്തോലിക സിംഹാസനത്തിന് നൽകുകയതിനെത്തുടർന്നാണ്, ഈ അപേക്ഷ സ്വീകരിച്ച് പാപ്പാ അനുകൂലമായ മറുപടി നൽകിയത്. ഏകദേശം 15 ലക്ഷം വിശ്വാസികളുള്ളതും ഏറെ പുരാതനവുമായ ഈ സഭയുടെ ആസ്ഥാനം ഇറാഖിലാണ്.

"സന്തോഷം നിറഞ്ഞ ഹൃദയത്തോടെ, സഭയിലെ ഐക്യത്തിന്റെ പൊതുശുശ്രൂഷയ്ക്കും ക്രിസ്തുവിന്റെ ശരീരം കെട്ടിപ്പടുക്കുന്നതിനും അപ്പസ്തോലിക സിംഹാസനവുമായുള്ള പൂർണ്ണമായ ബന്ധത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമായ ഈ 'സഭൈക്യ കൂട്ടായ്മ' ഞാൻ നിങ്ങൾക്ക് നൽകുന്നു." എന്ന് പാപ്പാ തന്റെ മറുപടിക്കത്തിൽ കുറിച്ചു. "ഈ പ്രിയപ്പെട്ട സഭയുടെ പിതാവും തലവനുമായ അങ്ങയിൽ ഭരമേല്പിച്ചിരിക്കുന്ന ഈ ശുശ്രൂഷ, അജപാലനപരമായ ജാഗ്രതയോടെ നിർവഹിക്കുന്നതിനും, ക്രിസ്തുഹൃദയത്തിനു യോജിച്ച പ്രകാരം, ദൈവജനത്തെ നയിക്കുന്നതിനും, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിൽ അവരെ സ്ഥിരീകരിക്കുന്നതിനും ഇടയാകട്ടെയെന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്ന്" പാപ്പാ കൂട്ടിച്ചേർത്തു.

"പൗരാണിക അപ്പസ്തോലിക പാരമ്പര്യത്താൽ സമ്പന്നവും, അനേകം രക്തസാക്ഷികളുടെയും വിശ്വാസസാക്ഷികളുടെയും തിളക്കമാർന്ന സാക്ഷ്യത്തോടെ വിരാജിക്കുന്ന കൽദായ സഭ, പ്രാദേശികസമൂഹങ്ങളിലും, വളർന്നു കൊണ്ടിരിക്കുന്ന പ്രവാസിസമൂഹങ്ങളിലും സഭാ ഐക്യം ശക്തിപ്പെടുത്തിക്കൊണ്ട്, ഉജ്ജ്വലമായ മിഷനറി ചൈതന്യത്തോടെ സുവിശേഷപ്രഘോഷണം കൂടുതൽ ഫലപ്രദമാക്കുന്നതിനായി തുടർന്നും പ്രവർത്തിക്കട്ടെയെന്നും, പാത്രിയർക്കീസിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ നിർവഹണത്തിൽ പരിശുദ്ധാത്മാവ് അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും കൈപിടിച്ചു നടത്തുകയും ചെയ്യട്ടെയെന്നും പരിശുദ്ധ പിതാവ് ആശംസിച്ചു.

സഭയിലെ മെത്രാന്മാരെയും വൈദീകരെയും സന്യസ്തരെയും സന്യസ്ത - വൈദീക പരിശീലനങ്ങളിൽ ആയിരിക്കുന്നവരെയും എല്ലാ വിശ്വാസികളെയും അഭിവാദ്യം ചെയ്ത പാപ്പാ, പാത്രിയർക്കീസിനുള്ള ആശംസയിൽ ഇങ്ങനെ കൂട്ടിച്ചേർത്തു: "ഉയിർത്തെഴുന്നേറ്റ ക്രിസ്തുവും വിശുദ്ധ തോമാശ്ലീഹയും തമ്മിലുള്ള സമാഗമത്തെ അനുസ്മരിക്കുന്ന കൽദായ ആരാധനാക്രമത്തിന്റെ ദിനത്തിലാണ് അങ്ങയുടെ അനുഗ്രഹീതമായ തിരഞ്ഞെടുപ്പ് നടന്നത്. ഈ സഭയുടെ ജീവസ്സുറ്റ പാരമ്പര്യം അതിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഉത്ഥിതന്റെ തിരുമുറിവുകളിലൂടെ തന്റെ കർത്താവിന്റെ കരുണാമയ സാന്നിദ്ധ്യം അപ്പോസ്തലൻ തിരിച്ചറിഞ്ഞതുപോലെ, അതേ വിശ്വാസത്തിന്റെ ചൈതന്യത്തിൽ ദൈവം അങ്ങയുടെ പിതൃശുശ്രൂഷയെ അനുധാവനം ചെയ്യട്ടെ".

വളരെ കഠിനമായ പരീക്ഷണങ്ങളെ ധൈര്യത്തോടെയും സ്ഥിരോത്സാഹത്തോടെയും നേരിട്ട കൽദായസഭയിലെ ധീരരായ വിശ്വാസികളുടെ ജീവിതസാക്ഷ്യംപോലെ, ധൈര്യവും സ്ഥിരതയും നിറഞ്ഞ വിശ്വാസത്തിൽ സഭാതലവനെ ദൈവം ശക്തിപ്പെടുത്തുകയും, ശുശ്രൂഷയെ സമൃദ്ധമാക്കുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു.

കത്തോലിക്കാ സഭയുമായി പൂർണ്ണ ഐക്യത്തിലായിരിക്കുന്ന ഈ സഭ, സ്വയംഭരണാവകാശമുള്ള (sui iuris) സഭകളിൽ ഒന്നാണ്.

 സഭയുടെ തലവൻ ബാഗ്ദാദിലെ പാത്രിയർക്കിസാണ്. പതിനാറാം നൂറ്റാണ്ടിൽ റോമുമായി ഔദ്യോഗികമായി ഐക്യം ആരംഭിച്ച കൽദായസഭ, എന്നാൽ തങ്ങളുടെ പ്രാദേശിക വിശ്വാസപാരമ്പര്യങ്ങളുടെ തനിമ നിലനിർത്തി. 

പൗരസ്ത്യ സുറിയാനി ആരാധനാക്രമമാണ് സഭയിൽ ഉപയോഗിക്കപ്പെടുന്നത്. വിശുദ്ധ കുർബാന  സാധാരണയായി അരമായ ഭാഷയിലാണ് നടക്കുന്നത്. മദ്ധ്യപൂർവ്വ ദേശങ്ങളിലെ മതപീഡനങ്ങളും സംഘർഷങ്ങളും മൂലം, ഈ സഭയുടെ വിശ്വാസികൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറി.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ വലിയ സഭാ സമൂഹങ്ങൾ ഉണ്ട്. ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നിരവധി രൂപതകൾ നിലവിലുണ്ട്. 

വിശുദ്ധ തോമാശ്ലീഹയുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അദ്ദായി, മാറി എന്നിവരുടെയും അപ്പസ്തോലിക ശുശ്രൂഷയിൽ നിന്നുമാണ് ഈ സഭയുടെ ഉത്ഭവമെന്ന് വിശ്വസിക്കപ്പെടുന്നു. 

ബാഗ്ദാദിലെ കൽദായ കത്തോലിക്കാ പാത്രിയാർക്കേറ്റിന്റെ ആസ്ഥാനം, ഇറാഖിലെ ബാഗ്ദാദിലുള്ള വ്യാകുല മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രലാണ്.

Tags

Share this story

From Around the Web