ഗൗഡിയുടെ സ്വപ്നം ഒരു നൂറ്റാണ്ടിന് ശേഷം പൂർത്തീകരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ: സഗ്രാഡാ ഫാമിലിയയിലെ ഈശോമിശിഹായുടെ ഗോപുരം ആശീർവദിച്ചു

 
SAHAGRAI

അതുല്യ ശില്പി അന്തോണി ഗൗഡിയുടെ ചരമശതാബ്ദി വേളയിൽ, അദ്ദേഹത്തിന്റെ നൂറ്റാണ്ട് പഴക്കമുള്ള സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പ സ്പെയിനിലെ പ്രശസ്തമായ സഗ്രാഡാ ഫാമിലിയ ബസിലിക്കയിലെ ഈശോമിശിഹായുടെ ഗോപുരം (Tower of Jesus Christ) ഉദ്ഘാടനം ചെയ്ത് ആശീർവദിച്ചു. മാർപാപ്പയുടെ ചരിത്രപ്രധാനമായ സ്പെയിൻ സന്ദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തങ്ങളിലൊന്നായിരുന്നു ഇത്.

കല്ലുകളിൽ കൊത്തിയെടുത്ത തുറന്ന സുവിശേഷം പോലെ ബർസിലോണയിലുടനീളം പൈതൃകം അവശേഷിപ്പിച്ച ഗൗഡിയുടെ ഓർമ്മ പുതുക്കൽ കൂടിയായി ഈ ചടങ്ങ് മാറി. വെളുത്ത കുരിശാൽ അലങ്കരിക്കപ്പെട്ട ഈ കേന്ദ്ര ഗോപുരം പൂർത്തിയായതോടെ സഗ്രാഡാ ഫാമിലിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി മാറി.

ദൈവാലയത്തിൽ എത്തിയ മാർപാപ്പയെ സ്പെയിനിലെ രാജാവും രാജ്ഞിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് വാലന്റീന എന്ന പന്ത്രണ്ടുകാരിയായ അന്ധബാലിക, പുതിയ ഗോപുരത്തിന്റെ സ്പർശിച്ച് മനസ്സിലാക്കാവുന്ന ഒരു മാതൃകയിലൂടെ അതിന്റെ വിശദാംശങ്ങൾ പരിശുദ്ധ പിതാവിന് വിവരിച്ചു നൽകി. പിന്നീട് നടന്ന വിശുദ്ധ കുർബാനയിൽ അയ്യായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.

ഈ ദൈവാലയം ഒരു അപൂർണ്ണമായ സൃഷ്ടിയല്ല, മറിച്ച് ഇപ്പോഴും നിർമ്മാണത്തിലിരിക്കുന്ന ഒരു ആലയമാണെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഇതിന്റെ അപൂർണ്ണത ഒരു കുറവല്ലെന്നും, മറിച്ച് നാം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ദൈവീക വാഗ്ദാനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം പുറത്തേക്കുവന്ന മാർപാപ്പ ഗോപുരത്തിന്റെ ആശീർവാദ കർമ്മം നിർവഹിച്ചു. കേവലം ഒരു സ്മാരകത്തിന്റെ പൂർത്തീകരണമെന്നതിലുപരി, ക്രൈസ്തവ ജീവിതം എപ്പോഴും ദൈവത്തോടൊപ്പമുള്ള ഒരു തീർഥാടനമാണെന്ന ബോധ്യമാണ് ഈ ബസിലിക്ക നൽകുന്നതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.

ലൗകിക റാങ്കുകളിൽ മുന്നിലെത്താനല്ല ഈ ദൈവാലയം ഉയർന്നു നിൽക്കുന്നത്, മറിച്ച് മണവാളന്റെ തിരിച്ചുവരവ് കാത്ത് വിളക്കേന്തി നിൽക്കുന്ന ദൈവജനത്തിന് വഴിവിളക്കാകാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, നമ്മളല്ല ദൈവത്തിന് ഇടം നൽകേണ്ടതെന്നും, അവിടുത്തെ ഹൃദയത്തിൽ നമുക്കായി ഇടമൊരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ശക്തമായ ഒരു സുവിശേഷ സന്ദേശവും അദ്ദേഹം വിശ്വാസികൾക്ക് നൽകി.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2010-ൽ പ്രതിഷ്ഠിച്ച ഈ ബസിലിക്കയിൽ വച്ച്, സ്പെയിനൊട്ടാകെയുള്ള ഐക്യത്തിനും സൗഹാർദത്തിനുമായി ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.

കുർബാനയ്ക്ക് മുൻപായി അദ്ദേഹം ദൈവാലയത്തിന്റെ കല്ലറയിൽ (crypt) പോയി ഗൗഡിയുടെ ഭൗതികശരീരത്തിൽ പുഷ്പാർച്ചന നടത്തുകയും പ്രാർഥിക്കുകയും ചെയ്തു. മുൻപ് സന്ദർശനം നടത്തിയ മാർപാപ്പമാർ ആരും തന്നെ ഈ കല്ലറ സന്ദർശിച്ചിരുന്നില്ല എന്നതിനാൽ ഈ നിമിഷം ഏറെ വികാരാധീനമായിരുന്നു.

ഈ ചടങ്ങുകളോടെ ബർസിലോണ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ, കുടിയേറ്റക്കാരുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി കാനറി ദ്വീപുകളിലേക്ക് തിരിച്ചു.

Tags

Share this story

From Around the Web