സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടും മധ്യപൂര്‍വേഷ്യയില്‍ നടക്കുന്ന യുദ്ധ ഭീകരത അവസാനിപ്പിക്കുവാനും മനുഷ്യര്‍ക്ക് നീതി നടപ്പിലാക്കികൊടുക്കുന്നതിനും കൈക്കൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടും ലിയോ പതിനാലാമന്‍ പാപ്പാ സംസാരിച്ചു.
കുടിയേറ്റക്കാരുടെയും, പ്രേഷിത പ്രവര്‍ത്തകരുടെയും ജൂബിലിയോടനുബന്ധിച്ചു ഒക്ടോബര്‍ മാസം അഞ്ചാം തീയതി വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ചടങ്ങില്‍ മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് മുന്‍പാണ് പാപ്പാ പ്രത്യാശയുടെ ഈ വാക്കുകള്‍ വിശ്വാസികളുമായി പങ്കുവച്ചത്.
ഗാസയിലും, പലസ്തീനിലും, സാധാരണ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളില്‍ താന്‍ ഏറെ ദുഖിതനാണെന്നു പാപ്പാ എടുത്തു പറഞ്ഞു.
സമാധാന ചര്‍ച്ചകളില്‍, ആഗ്രഹിച്ച ഫലങ്ങള്‍ കൈവരിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും, ഈ പാതയില്‍ സ്വയം പ്രതിജ്ഞാബദ്ധരായി, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുവാനും, ബന്ദികളെ മോചിപ്പിക്കാനും ഉത്തരവാദിത്വപ്പെട്ടവരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. ഇതിനായി പ്രാര്‍ത്ഥനകള്‍ ഇനിയും തുടരുവാനും ആഹ്വാനം ചെയ്തു.
ഈ ശ്രമങ്ങള്‍, യുദ്ധം അവസാനിപ്പിക്കുകയും, നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുമെന്നുള്ള ശുഭപ്രതീക്ഷയും പാപ്പാ പങ്കുവച്ചു.
ജപമാല മാസമായ ഒക്ടോബറില്‍, ഇറ്റലിയിലെ പോംപെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്കുവേണ്ടി എത്തുന്ന എല്ലാ തീര്‍ത്ഥാടകരെയും അഭിവാദ്യം ചെയ്ത പാപ്പാ യുദ്ധം അവസാനിപ്പിക്കുവാനുള്ള നിയോഗത്തില്‍ ജപമാല അര്‍പ്പിക്കുന്ന ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു.