വെനിസ്വേലയിലെ രാഷ്ട്രീയ സ്ഥിതിയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

 
LEO


വത്തിക്കാന്‍സിറ്റി: ആശങ്ക നിറഞ്ഞ മനസ്സോടെയാണ് വെനിസ്വേലയിലെ സംഭവവികാസങ്ങളെ താന്‍ നോക്കിക്കാണുന്നതെന്ന് ലിയോ പതിനാലാമന്‍ പാപ്പാ. 

അമേരിക്കന്‍ ഐക്യനാടിന്റെ സേന, തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ ശനിയാഴ്ച നടത്തിയ ശക്തമായ അക്രമണത്തിന്റെയും പ്രസിഡന്റ് മദൂറോയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അറസ്റ്റിന്റെയും പശ്ചാത്തലത്തിലാണ് പരിശുദ്ധ പിതാവ് തന്റെ ആശങ്ക വെളിപ്പെടുത്തിയത്.


 ജനുവരി നാലാം തീയതി ഞായറാഴ്ച്ച വത്തിക്കാനില്‍ പതിവുപോലെ ത്രികാലജപ പ്രാര്‍ത്ഥന നയിച്ച വേളയില്‍ ഈ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ വെനിസ്വേലന്‍ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകള്‍ക്കും മുന്‍പില്‍ ഉയര്‍ന്നുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

ദീര്‍ഘനാളുകളായി രാജ്യത്ത് തുടരുന്നതും, കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ദ്ധിച്ചതുമായ സംഘര്‍ഷങ്ങളുടെകൂടി വെളിച്ചത്തില്‍ സംസാരിച്ച പരിശുദ്ധ പിതാവ്, അതിക്രമങ്ങളെ മറികടക്കാനും, നീതിയുടെയും സമാധാനത്തിന്റെയും മാര്‍ഗ്ഗം സ്വീകരിക്കാനും പരിശ്രമിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞു. 


വെനിസ്വെലയുടെ പരമാധികാരവും രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ചയും ഉറപ്പാക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, രാജ്യത്തെ സുഖകരമല്ലാത്ത സാമ്പത്തികസ്ഥിതിയുടെ കൂടി പശ്ചാത്തലത്തില്‍, പാവപ്പെട്ടവര്‍ക്ക്, പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.


 സഹകരണത്തിന്റെയും സ്ഥിരതയുടെയും ഐക്യത്തിന്റേതുമായ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ഭാവി കെട്ടിപ്പടുക്കാനായി ഏവരും ഒരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

രാജ്യത്ത് സമാധാനം തിരികെ സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി കോറോമോത്തോയിലെ മാതാവിന്റെയും വിശുദ്ധരായ ഹൊസെ ഗ്രെഗോറിയോ എര്‍ണാന്തെസിന്റെയും സി. കാര്‍മെന്‍ റെന്തീലെസിന്റെയും സഹായം പ്രാര്‍ത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

അമേരിക്കന്‍ നിയമനിര്‍വ്വഹണസമിതിയുടെ അനുമതിയോടെ നടന്ന ഈ ആക്രമണത്തിന്റെ ഭാഗമായി തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ അമേരിക്കന്‍ സൈന്യം കനത്ത സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.

അതേസമയം, ആക്രമണത്തെ അപലപിച്ച മദൂറോ സര്‍ക്കാര്‍, നിരവധി ജനവാസനിബിഢ പ്രദേശങ്ങളില്‍ ആക്രമണമുണ്ടായതായും, ഈ ആക്രമണം ഐക്യരാഷ്ട്രസഭാരേഖകളുടെ വ്യക്തമായ ലംഘനമാണെന്നും പ്രസ്താവിച്ചിരുന്നു. രാജ്യത്തെ വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണമുയര്‍ന്നിരുന്നു. 

Tags

Share this story

From Around the Web