കര്‍ദ്ദിനാള്‍ അന്ത്രേ വിംഗ് ത്രൊആയുടെ വേര്‍പാടില്‍ ലിയോ പതിനാലാമന്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തി

ഫ്രാന്‍സിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്റെയും പാരീസ് അതിരൂപതയുടെയും മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്ത്രേ വിംഗ് ത്രൊആയുടെ വേര്‍പാടില്‍ ലിയോ പതിനാലാമന്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തി.
പാരീസ് അതിരൂപത ആര്‍ച്ചുബിഷപ്പ് മോണ്‍സിഞ്ഞോര്‍ ലോറന്റ് ഉല്‍റിചിന് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ അന്ത്രേ വിംഗിനെ പാപ്പാ അനുസ്മരിച്ചത്.
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:
'പാരീസിലെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ അന്ത്രേ വിംഗ് ത്രൊആ, ദൈവത്തിങ്കലേക്കു മടങ്ങിയ വാര്‍ത്ത ഉള്‍ക്കൊണ്ടുകൊണ്ട്, ഈ വേര്‍പാട് നിങ്ങള്‍ക്കു നല്‍കിയ വേദനയില്‍ ആത്മീയമായി ഞാന്‍ പങ്കുചേരുകയും, പ്രാര്‍ത്ഥനയുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കൊപ്പമായിരിക്കുകയും ചെയ്യുന്നു.
കര്‍ദിനാളിന്റെ കുടുംബാംഗങ്ങളെയും, പ്രിയപ്പെട്ടവരെയും, അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ച മേരി-തെരേസ് ഭവനത്തിലെ ആരോഗ്യസേവകരെയും, 12 വര്‍ഷമായി, തീക്ഷ്ണതയോടെയും നന്മ കാംക്ഷിച്ചും അജപാലന ശുശ്രൂഷ ചെയ്ത പാരീസ് അതിരൂപതയിലെ പുരോഹിതരെയും വിശ്വാസികളെയും പ്രത്യേകമായി താന്‍ അഭിസംബോധന ചെയ്യുന്നു.
ഇടയശുശ്രൂഷയില്‍ മുഴുകിയശേഷം, തന്റെ അവസാന നാളുകളില്‍, ക്രിസ്തുവിന്റെ കുരിശില്‍ തന്റെ ശരീരത്തെ ചേര്‍ത്തു വച്ച അദ്ദേഹത്തെ കര്‍ത്താവ് സമാധാനത്തിന്റെയും പ്രഭയുടെയും വിശ്രമഭവനത്തിലേക്ക് സ്വീകരിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
വിശ്വസ്തരായ പരിപാലകര്‍ക്ക് ദിവ്യ ഗുരു വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കുന്നതിനായി ഞാന്‍ അദ്ദേഹത്തിനുവേണ്ടി യാചിക്കുന്നു. സാന്ത്വനത്തിന്റെ അടയാളമായി ഹൃദ്യമായ എന്റെ അപ്പസ്‌തോലിക ആശീര്‍വാദവും നിങ്ങള്‍ക്ക് ഞാന്‍ നല്‍കുന്നു.'