കുടുംബസ്വത്ത് ദേവാലയ നിര്‍മാണത്തിന് നല്കി ലിയോ 14-ാമന്‍ പാപ്പ: വെളിപ്പെടുത്തലുമായി പാപ്പയുടെ ജീവചരിത്രം
വത്തിക്കാന്‍ സിറ്റി: 1997-ല്‍ പിതാവിന്റെ വേര്പാടിന് ശേഷം തനിക്ക് ലഭിച്ച കുടുംബസ്വത്ത്, പെറുവിലെ ഒരു കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനായി ലിയോ 14-ാമന്‍ പാപ്പ സംഭാവന നല്‍കിയെന്ന വെളിപ്പെടുത്തലുമായി പാപ്പയുടെ പുതിയ ജീവചരിത്രം.
എന്‍.പി.ആര് മാധ്യമപ്രവര്‍ത്തകരായ ഡാനിയല്‍ ബര്‍ക്ക് , സ്കോട്ട് ഡിട്രോ എന്നിവര്‍ ചേര്‍ന്ന് രചിച്ച് ഒക്ടോബര്‍ ആദ്യവാരം പുറത്തിറങ്ങിയ American Pope: Leo XIV's Road from the South Side of Chicago to Vatican City എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്.
1997 നവംബറിലാണ് പാപ്പയുടെ പിതാവ് ലൂയിസ് പ്രെവോസ്റ്റ് അന്തരിച്ചത്. അന്ന് അഗസ്റ്റീനിയന്‍ മിഷനറിയായിരുന്ന ഫാ.റോബര്‍ട്ട് പ്രെവോസ്റ്റ് , പിതാവിന്റെ സ്വത്തില്‍ നിന്ന് തനിക്ക് ലഭിച്ച വിഹിതം പെറുവിലെ ട്രൂജില്ലോയിലുള്ള സാന്താ മരിയ പ്രദേശത്ത് ഒരു ദേവാലയത്തിന്റെ അടിത്തറ പണിയുന്നതിനായി നല്‍കുകയായിരുന്നു.
പ്രദേശത്തെ സ്ത്രീകള്‍ സഹായം അഭ്യര്‍ത്ഥിച്ച് അഗസ്റ്റീനിയന്‍ വൈദികരെ സമീപിച്ചതോടെയാണ് ഈ പദ്ധതിക്ക് തുടക്കമായത്. പള്ളി പണിയാന്‍ പ്രദേശവാസികളുടെ കൈവശം സ്ഥലമുണ്ടായിരുന്നെങ്കിലും അത് നിര്‍മിക്കാനുള്ള സാമ്പത്തിക ശേഷി അവര്‍ക്കുണ്ടായിരുന്നില്ല. അതുവരെ ഇലകളും വടികളും കൊണ്ട് നിര്‍മ്മിച്ച താത്കാലിക കെട്ടിടങ്ങളിലായിരുന്നു ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേര്‍ന്നിരുന്നത്.
കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തുന്നതിന് മുമ്പ് പാപ്പ പെറുവിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സേവനങ്ങളുടെയും അദ്ദേഹത്തിന്റെ ലളിതജീവിതത്തിന്റെയും സാക്ഷ്യപത്രം കൂടെയാണ് ഈ സംഭവം.