കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള ലോകദിനസന്ദേശവുമായി ലിയോ പതിനാലാമൻ പാപ്പാ
കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള നൂറ്റിപന്ത്രണ്ടാമത് ലോകദിനാചരണത്തിലേക്ക് ലിയോ പതിനാലാമൻ പാപ്പാ തയ്യാറാക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് സമഗ്ര മാനവികവികസനത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി. സുവിശേഷത്തെ അധിഷ്ഠിതമാക്കി, കുട്ടികൾക്കും പ്രായപൂർത്തിയാകാത്തവർക്കും നൽകേണ്ട അജപാലനശ്രദ്ധയിലും ശുശ്രൂഷകളിലും അടിസ്ഥാനമിട്ട് "ഈ ചെറിയവരിൽ ഒരുവന്" എന്ന തലക്കെട്ടോടെയാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം നൽകുക. 2026 സെപ്റ്റംബർ 27-നാണ് ഈ വർഷത്തെ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള ലോകദിനം.
വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ "ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവനും എന്നെ സ്വീകരിക്കുന്നു" എന്ന് പറയുന്ന യേശുവിന്റെ വാക്കുകളിൽ അധിഷ്ഠിതമായതാണ് ഇത്തവണത്തെ പരിശുദ്ധ പിതാവിന്റെ സന്ദേശമെന്ന് ഏപ്രിൽ ഒൻപതിന് പുറത്തുവിട്ട ഒരു കുറിപ്പിലൂടെ പരിശുദ്ധ സിംഹാസനം അറിയിച്ചു. കുടിയേറ്റമേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രായപൂർത്തിയാകാത്തവർക്ക് കത്തോലിക്കാസഭ നൽകുന്ന പരിഗണയും ശ്രദ്ധയും വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ സന്ദേശം.
ഇതാദ്യമായല്ല ഒരു പാപ്പാ കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും കാര്യത്തിൽ നൽകേണ്ട പരിഗണനയെക്കുറിച്ച് പരാമർശിക്കുന്നതെന്ന് പരിശുദ്ധ പിതാവിന്റെ സന്ദേശത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് നൽകിയ കുറിപ്പിൽ സമഗ്ര മാനവികവികസനത്തിനുവേണ്ടിയുള്ള ഡികാസ്റ്ററി എഴുതി. സമകാലീനലോകത്ത് കുടിയേറ്റമേഖലയിലുള്ള വെല്ലുവിളികളും, പ്രായപൂർത്തിയാകാത്തവരുടെ അവകാശങ്ങളെയും അന്തസ്സിനേയും പ്രതികൂലമായ വിധത്തിൽ ബാധിക്കുന്ന സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇത്തവണത്തെ പരിശുദ്ധപിതാവിന്റെ വാക്കുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് ഡികാസ്റ്ററി വിശദീകരിച്ചു.
2026 സെപ്റ്റംബർ 27-ന് ആചരിക്കപ്പെടുന്ന കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള നൂറ്റിപന്ത്രണ്ടാമത് ലോകദിനത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപ് പരിശുദ്ധ പിതാവിന്റെ സന്ദേശം പ്രസിദ്ധീകരിക്കപ്പെടുമെന്ന് വത്തിക്കാൻ ഡികാസ്റ്ററി അറിയിച്ചു.
പത്താം പിയൂസ് പാപ്പായുടെ കാലത്തുതന്നെ, കുടിയേറ്റക്കാർക്കുവേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് സഭയിൽ ഇടം ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമി ബെനഡിക്ട് പതിനഞ്ചാമൻ പാപ്പയാണ്, കുടിയേറ്റക്കാരായ ഇറ്റലിക്കാർക്ക് അജപാലനസേവനം നൽകുന്നതിനെ അദ്ധ്യാത്മികമായും സാമ്പത്തികമായും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കുടിയേറ്റക്കാർക്കായുള്ള ദിനം സ്ഥാപിച്ചത്.
1952-ൽ, ലോകമെമ്പാടും ഈയൊരു ദിനാചരണത്തിനായുള്ള പ്രത്യേക ദിവസം തീരുമാനിക്കുന്നതിനുള്ള ക്ഷണം എത്തിയതോടെ, ഈ ദിനത്തിന് കൂടുതൽ വലിയൊരു അർത്ഥം ലഭിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് 1985 മുതൽ ഈ ദിനത്തിലേക്കായി പ്രത്യേകം സന്ദേശങ്ങൾ നൽകാൻ ആരംഭിച്ചത്.
2005 മുതൽ ഈ ദിനം പ്രത്യക്ഷീകരണത്തിരുനാളിന് ശേഷമുള്ള രണ്ടാം ഞായറാഴ്ച ആചരിക്കപ്പെടണമെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തീരുമാനിച്ചുവെങ്കിലും, പിന്നീട് 2018 ജനുവരി 14-ന് ഫ്രാൻസിസ് പാപ്പാ ഈ ദിനാചരണം സെപ്റ്റംബറിലെ അവസാന ഞായറിലേക്ക് മാറ്റുകയായിരുന്നു.