ഗാസയിലെ കുട്ടികള്‍ക്ക് മരുന്ന് ലഭ്യമാക്കി ലിയോ പതിന്നാലാമന്‍ പാപ്പ

ജെറുസലേം: യുദ്ധത്തിന്റെ ഞെരുക്കങ്ങളില്‍ നിന്നു കരകയറുന്ന ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് മരുന്നുകള്‍ എത്തിച്ച് പാപ്പയുടെ സ്‌നേഹ വാത്സല്യം.
ജെറുസലേമിലേ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ സഹായത്തോടെ പാപ്പയുടെ ഉപവി പ്രവര്‍ത്തന കാര്യാലയമായ ''എലെമൊസിനെറീയ അപ്പസ്‌തോലിക്ക'' വഴിയാണ് ലെയോ പതിനാലാമന്‍ പാപ്പ ഈ മരുന്നുകള്‍ എത്തിച്ചത്.
ഗാസയില്‍ രണ്ടുവര്‍ഷത്തെ സംഘര്‍ഷത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായിട്ടാണ് പാപ്പയുടെ കാരുണ്യത്തിന്റെ പ്രതീകാത്മക അടയാളമായി 5000 ഡോസ് മരുന്നുകള്‍ എത്തിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ സഹായത്തോടെ ഈ മരുന്നുകള്‍ ആവശ്യക്കാരായ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്തുവെന്ന് പാപ്പയുടെ ഉപവിപ്രവര്‍ത്തന കാര്യാലയത്തിന്റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌ക്കി വെളിപ്പെടുത്തി.
സുവിശേഷ പ്രഘോഷണം വിശ്വാസയോഗ്യമാകണമെങ്കില്‍ അത് സാമീപ്യത്തിന്റെയും സ്വീകരണത്തിന്റെയും പ്രവര്‍ത്തികളായി പരിണമിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പാ, ഞാന്‍ നിന്നെ സ്‌നേഹിച്ചു എന്നര്‍ത്ഥം വരുന്ന ''ദിലേക്‌സി തേ'' എന്ന തന്റെ അപ്പസ്‌തോലിക പ്രബോധനത്തില്‍ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത് കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌ക്കി അനുസ്മരിച്ചു.
യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന യുക്രൈനും പാപ്പായുടെ മാനവികസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇറച്ചി, പാസ്ത, പാചക എണ്ണ, തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ശുചീകരണ പദാര്‍ത്ഥങ്ങളുമാണ് എത്തിച്ചിരിക്കുന്നത്.