ലെബനനിലേക്കും ഉക്രൈനിലേക്കും മാനുഷിക സഹായമെത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
ലെബനനിലേക്കും ഉക്രൈനിലേക്കും മാനുഷിക സഹായമെത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. “ജീവകാരുണ്യം എന്നത് ജീവിക്കുന്ന സുവിശേഷമാണ്” എന്ന് ഈ സത്പ്രവൃത്തിയെ അദ്ദേഹം വിശേഷിപ്പിച്ചു.
റോമിലെ സാന്താ സോഫിയ ഗ്രീക്ക് കാത്തലിക് ബസിലിക്കയിൽ നിന്നാണ് ഉക്രൈനിലേക്കുള്ള സഹായം പുറപ്പെട്ടത്. മരുന്നുകൾ, ആഹാരം, ശുചിത്വ ഉൽപന്നങ്ങൾ, തെർമൽ ബ്ലാങ്കറ്റുകൾ, വസ്ത്രങ്ങൾ എന്നിവയടങ്ങിയ ട്രക്ക് ബസിലിക്കയിൽ നിന്ന് അയയ്ക്കുന്ന 150-ാമത്തെ സഹായക്കപ്പലായിരുന്നു. വത്തിക്കാൻ ഗവർണറേറ്റും ഫാർമസ്യൂട്ടിക്കൽ ബാങ്ക് ഫൗണ്ടേഷനും ഈ സംരംഭത്തിൽ പങ്കാളികളായി. രോഗികൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും ഉൾപ്പെടെയുള്ള മരുന്നുകൾ അയച്ചിരിക്കുന്നത്.
ലെബനനിലെ ജനങ്ങൾക്കായി 15,000 അത്യാവശ്യ മരുന്നുകളാണ് വത്തിക്കാൻ കൈമാറിയത്. ബെയ്റൂട്ടിലെ അപ്പോസ്തോലിക് ന്യൂൺഷിയേച്ചർ വഴി ഇവ വിതരണം ചെയ്യും. പ്രമേഹം, രക്തസമ്മർദം തുടങ്ങി വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു. യുദ്ധം നീണ്ടുപോകുമ്പോൾ ജനങ്ങളുടെ ദുരിതങ്ങളോടുള്ള ലോകത്തിന്റെ ശ്രദ്ധ കുറയുകയാണെന്നും, ഈ ഘട്ടത്തിൽ മാർപാപ്പയുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സഭാ അധികൃതർ വ്യക്തമാക്കി.
“സഭ എന്നത് കേവലം സിദ്ധാന്തങ്ങളോ, ഉപദേശങ്ങളോ മാത്രമല്ല, അത് പ്രയോഗം കൂടിയാണ്” എന്ന് ബിഷപ്പ് മാരിൻ ഡി സാൻ മാർട്ടിൻ പറഞ്ഞു. ലോകത്ത് പടരുന്ന വെറുപ്പിനുള്ള ശരിയായ മറുപടി സ്നേഹപൂർവമായ ഇത്തരം പ്രവർത്തനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്രതലത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രാദേശികസഭകളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ബിഷപ്പ്, ലോകത്ത് സമാധാനം പുലരാനുള്ള പ്രാർഥനയോടെയാണ് സന്ദേശം ഉപസംഹരിച്ചത്.