പോളിഷ് രക്തസാക്ഷികളെ അനുസ്മരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
'മുപ്പത് വർഷങ്ങൾക്കു മുൻപ് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, വിൻസെന്റി ലെവോനിയുക്കിനെയും അദ്ദേഹത്തിന്റെ 12 സഹചാരികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
സ്വന്തം പൗരസ്ത്യ പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തുമ്പോൾ തന്നെ, കത്തോലിക്കാ സഭയോടുള്ള കൂറും വി. പത്രോസിന്റെ പിൻഗാമിയോടുള്ള ഐക്യവും സ്വന്തം രക്തം ചിന്തിപ്പോലും സംരക്ഷിച്ച രക്തസാക്ഷികളാണ് അവർ,'' പൊതുസമ്മേളനത്തിൽ പോളിഷ് തീർഥാടകരെ അഭിസംബോധന ചെയ്യവെ ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
''ക്രിസ്തുശിഷ്യർ തമ്മിലുള്ള ഐക്യത്തിനും ഇന്ന് വിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന കത്തോലിക്കർക്കുമായി അവരുടെ മധ്യസ്ഥത ഞാൻ യാചിക്കുന്നു,'' മാർപാപ്പ കൂട്ടിച്ചേർത്തു.
1596 ൽ ബഗ് നദിക്കരയിലുള്ള ബ്രെസ്റ്റ് നഗരത്തിൽ വച്ച് നടന്ന 'യൂണിയൻ ഓഫ് ബ്രെസ്റ്റ്' കരാറിനു ശേഷമാണ് പോളിഷ്-ലിത്വാനിയൻ കോമൺവെൽത്ത് പ്രദേശങ്ങളിൽ ഗ്രീക്ക് കത്തോലിക്കാ സഭ ഉയർന്നുവന്നത്.
സഭയിലെ അംഗങ്ങൾ 'യൂണിയേറ്റ്സ്' (ഡിശമലേ)െ എന്നറിയപ്പെട്ടു. ഓർത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം ദൈവാലയാധികാരികളും വിശ്വാസികളും പൗരസ്ത്യ ആരാധനാക്രമം നിലനിർത്തിക്കൊണ്ടുതന്നെ മാർപാപ്പയുടെ പരമാധികാരം അംഗീകരിക്കുകയും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.
പത്തൊൻപതാം നൂറ്റാണ്ടിൽ, അന്ന് റഷ്യൻ ഭരണത്തിൻ കീഴിലായിരുന്ന കിഴക്കൻ പോളണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് കത്തോലിക്കരായ ഈ യൂണിയേറ്റുകളെ ഓർത്തഡോക്‌സ് സഭയിൽ ചേരാൻ സാർ ചക്രവർത്തിയുടെ ഉദ്യോഗസ്ഥർ നിർബന്ധിച്ചു.
കത്തോലിക്കാ സഭയുമായുള്ള കൂട്ടായ്മ ഉപേക്ഷിക്കാൻ വിസമ്മതിച്ചവർ കടുത്ത പീഡനങ്ങൾ നേരിട്ടു. ചിലർ കൊല്ലപ്പെടുകയും മറ്റുള്ളവരെ സൈബീരിയയിലേക്ക് നാടുകടത്തുകയും ചെയ്തു.
അൽമായ കത്തോലിക്കരായിരുന്നു വിൻസെന്റി ലെവോനിയുക്കും അദ്ദേഹത്തിന്റെ 12 സഹചാരികളും. കത്തോലിക്കാ സഭയോടും തങ്ങളുടെ പൗരസ്ത്യ പാരമ്പര്യത്തോടുമുള്ള ഗാഢമായ വിശ്വാസത്താൽ ഒന്നിച്ച പൊദ്‌ലാസെ മേഖലയിലെ ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരും ഭർത്താക്കന്മാരും പിതാക്കന്മാരും യുവാക്കളുമായിരുന്നു അവരിൽ ഭൂരിഭാഗവും.
1874 ജനുവരി 24 ന്, ഇന്നത്തെ കിഴക്കൻ പോളണ്ടിലെ പ്രാതുലിനിലുള്ള (ജൃമൗേഹശി) തങ്ങളുടെ യൂണിയേറ്റ് ദൈവാലയം സംരക്ഷിക്കാൻ അവർ ഒത്തുകൂടി. മഞ്ഞിൽ മുട്ടുകുത്തി പ്രാർഥിക്കുകയായിരുന്ന ആയുധങ്ങളില്ലാത്ത ആ മനുഷ്യർക്കു നേരെ വെടിയുതിർക്കാൻ റഷ്യൻ സൈന്യത്തിന്റെ കമാൻഡർ ഉത്തരവിട്ടു.
പ്രാതുലിനിലെ രക്തസാക്ഷികൾ കത്തോലിക്കാ വിശ്വാസത്തോടുള്ള വിശ്വസ്തതയുടെയും പത്രോസിന്റെ പിൻഗാമിയുടെ നേതൃത്വത്തിലുള്ള സഭാ ഐക്യത്തിന്റെയും പ്രതീകമായി മാറി. അവരുടെ ഈ സാക്ഷ്യം ഐക്യത്തിനായുള്ള വ്യക്തമായ ആഹ്വാനമാണ്.
'യൂണിയൻ ഓഫ് ബ്രെസ്റ്റ്' കരാറിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച 'ഓറിയന്റലിസ് ഓമ്‌നെസ് എക്ലേസിയാസ്' എന്ന എൻസിക്ലിക്കലിൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പ പ്രാതുലിനിലെ നിവാസികളെക്കുറിച്ച് സ്മരിച്ചിരുന്നു.
തങ്ങളുടെ ദൈവാലയം ഓർത്തഡോക്‌സ് ആരാധനാലയമാക്കി മാറ്റുന്നതിൽ നിന്ന് സംരക്ഷിക്കാൻ അവർ ശ്രമിച്ച ദാരുണമായ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം അതിൽ പരാമർശിച്ചു.
ഭാവിയിൽ ഒരുനാൾ സ്വർഗത്തിലെ വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തിൽ അവർ വന്ദിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം അന്ന് പ്രകടിപ്പിച്ചിരുന്നു.
30 വർഷങ്ങൾക്കു മുൻപ്, 1996 ഒക്ടോബർ ആറിന് 'യൂണിയൻ ഓഫ് ബ്രെസ്റ്റ്' കരാറിന്റെ നാനൂറാം വാർഷികവേളയിൽ വത്തിക്കാനിൽ വച്ച് നടന്ന, വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന വിശുദ്ധ കുർബാന മധ്യേ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ നൽകിയ സന്ദേശത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പയുടെ വാക്കുകൾ.
അന്ന് സംസാരിക്കവെ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു: ''വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട വിൻസെന്റി ലെവോനിയുക്കും അദ്ദേഹത്തിന്റെ 12 സഹചാരികളും, തങ്ങളുടെ മാതൃകയിലൂടെയും മധ്യസ്ഥതയിലൂടെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിക്കൽ പഠനങ്ങളുടെ വെളിച്ചത്തിൽ, ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ മുഴുവൻ കുടുംബത്തിന്റെയും പൂർണ്ണ ഐക്യത്തിലേക്കുള്ള പാതയിൽ ധൈര്യപൂർവം മുന്നേറാൻ നമ്മെ ഏവരെയും ക്ഷണിക്കുന്നു.''