തന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥന്റെ തിരുനാളാഘോഷത്തില്‍ ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:തന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മീനോയുടെ തിരുനാള്‍ ദിനത്തില്‍ ഏവരുടെയും ആശംസകളും പ്രാര്‍ത്ഥനകളും ഏറ്റുവാങ്ങി ലിയോ പതിനാലാമന്‍ പാപ്പാ.
തിരുനാള്‍ദിനം കൂടിയായ സെപ്റ്റംബര്‍ 17 ബുധനാഴ്ച വത്തിക്കാനില്‍ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചയില്‍ മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തു.
വിവിധ ഭാഷകളില്‍ പാപ്പായുടെ സന്ദേശങ്ങള്‍ അറിയിച്ചവര്‍ പാപ്പായ്ക്ക് ഏവരുടെയും പേരില്‍ ആശംസകള്‍ അറിയിച്ചു. സെപ്റ്റംബര്‍ 14-നായിരുന്നു പാപ്പായുടെ എഴുപതാം ജന്മദിനം.
ദൈവവുമായുള്ള ആഴമേറിയ ബന്ധവും മറ്റുള്ളവരോട് സാമീപ്യം പുലര്‍ത്താനുള്ള ആഗ്രഹവും സന്തുലിതമായ രീതിയില്‍ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ലിയോ പാപ്പായെന്ന്, പാപ്പാ തന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥന്റെ തിരുനാള്‍ ആഘോഷിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍ വത്തിക്കാന്‍ ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ ചിക്കാഗോയിലെ അഗസ്റ്റീനിയന്‍ പ്രോവിന്‌സിന്റെ സുപ്പീരിയറും പാപ്പായുടെ സുഹൃത്തുമായ ഫാ. റോബര്‍ട്ട് ഹാഗന്‍ പറഞ്ഞു.
വിശുദ്ധ അഗസ്റ്റിന്‍ മുന്നോട്ടുവച്ച മൂല്യങ്ങളില്‍ ആഴത്തില്‍ അധിഷ്ഠിതമായ ആദ്ധ്യാത്മികതയാണ് പാപ്പയുടേതെന്ന് അദ്ദേഹം പ്രസംഗിച്ചു.
തന്റെ എളിമയും കൃത്യതയും സ്വീകാര്യതയും നിറഞ്ഞ ശൈലി കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടാനും യുവജനങ്ങളെ ഉള്‍പ്പെടെ ഏവരെയും ആകര്‍ഷിക്കാനും പരിശുദ്ധ പിതാവിന് സാധിക്കുന്നുണ്ടെന്ന് പ്രസ്താവിച്ച ഫാ. ഹാഗന്‍, തെറ്റിലകപ്പെട്ട് പോയവര്‍ക്ക് തിരികെ വരാനുള്ള പ്രേരണ നല്‍കാനും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനാകുന്നുണ്ടെന്ന് അഭിപ്രയപ്പെട്ടു.
ഏവര്‍ക്കും സമീപസ്ഥനും ദയാലുവുമായിരുന്നു തന്റെ സുപ്പീരിയര്‍ ജനറല്‍ കൂടിയായിരുന്ന പാപ്പായെന്നും, എന്തുകൊണ്ടാണ് ദൈവം അദ്ദേഹത്തെ നിലവിലെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാനാകുമെന്നും അഭിപ്രായപ്പെട്ട ഫാ. ഹാഗന്‍, ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യമുള്ള, സത്യം, ഐക്യം, സ്‌നേഹം, സൗഹൃദം എന്നിവ കണ്ടെത്തുന്നതിനായി സഹായിക്കാന്‍ ലിയോ പാപ്പായ്ക്കാകുമെന്ന് പറഞ്ഞു.
വടക്കേ അമേരിക്കയില്‍നിന്നുള്ള ആളാണെങ്കിലും പെറുവിലെ പാവപ്പെട്ടവര്‍ക്കിടയില്‍ ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞ അദ്ദേഹം അവരുടെ ഭാഷ മാത്രമല്ല സംസ്‌കാരവും പഠിച്ചുവെന്നും ഫാ. ഹാഗന്‍ ഓര്‍മ്മിച്ചു.
പാപ്പായെന്ന നിലയില്‍ പരിശുദ്ധ പിതാവിന്റെ ഈ ആദ്യ മാസങ്ങളില്‍ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള ഒരു സന്ദേശമാണ് പ്രധാനമായി നമുക്ക് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.