സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് ഗാനം ആസ്വദിച്ച് ലിയോ പതിനാലാമന്‍ പാപ്പാ

 
leo papa 1234



വത്തിക്കാന്‍സിറ്റി: കസ്‌തേല്‍ ഗാന്തോള്‍ഫോയിലെ പോള്‍ ആറാമന്‍ പൊന്തിഫിക്കല്‍ സ്‌കൂളിലെ കുട്ടികള്‍ നയിച്ച സംഗീതക്കച്ചേരിയില്‍ സംബന്ധിച്ചും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നും ലിയോ പതിനാലാമന്‍ പാപ്പാ.

 പതിവുപോലെ, റോമിന് പുറത്ത് കസ്‌തേല്‍ ഗാന്തോള്‍ഫോയിലുള്ള വില്ല ബാര്‍ബരീനി എന്ന തന്റെ വേനല്‍ക്കാല വസതിയില്‍ വിശ്രമത്തിനും കൂടിക്കാഴ്ചകള്‍ക്കുമായെത്തിയ അവസരത്തിലാണ് പരിശുദ്ധ പിതാവ് ഈ സ്‌കൂളിലെത്തിയത്.

ക്രിസ്തുമസ് എപ്രകാരമാണ് നാമെല്ലാവരിലും ആനന്ദം ഉണര്‍ത്തുന്നതെന്ന്, വിവിധ ഭാഷകളിലുള്ള ഈ ഗാനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന്, പറഞ്ഞ പാപ്പാ, ഈ കാലം നല്‍കുന്ന ആനന്ദവും, സമാധാനവും ക്ഷണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് പ്രസ്താവിച്ചു. ക്രിസ്തുമസ് സംഗീതപരിപാടിയിലേക്കുള്ള ക്ഷണത്തില്‍ താന്‍ തികച്ചും സന്തുഷ്ടനാണെന്നും, 'മാലാഖമാര്‍ സ്‌നേഹം കൊണ്ടുവരുന്നു' എന്ന ഒരു ഗാനത്തിലെ വരികള്‍ പാടികൊണ്ട് ഈ സായാഹ്നത്തില്‍ മനോഹരമായ ഗാനാലാപനത്തിലൂടെ നിങ്ങള്‍ കുട്ടികളാണ് ഏവരിലേക്കും സ്‌നേഹം കൊണ്ടുവന്നതെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

ദൈവം നമുക്ക് തന്ന സ്‌നേഹത്തിന്റെ സമ്മാനമാണ് ക്രിസ്തുമസെന്ന് പ്രസ്താവിച്ച പാപ്പാ, നമ്മോടൊപ്പമായിരിക്കാന്‍, പ്രത്യേകിച്ച് ഏറ്റവും ചെറിയവര്‍ക്കൊപ്പമായിരിക്കാന്‍ ആഗ്രഹിച്ചവനാണ് ദൈവമെന്ന് ഓര്‍മ്മിപ്പിച്ചു. 

ഇന്നും, ഈ ദിവസങ്ങളിലും നാം ജീവിക്കുന്ന ഈ ആഘോഷത്തിന്റെ അനുഭവം വര്‍ഷം മുഴുവനും ഉണ്ടാകട്ടെയെന്നും, ക്രിസ്തുമസിന്റെ സ്‌നേഹം എന്നും ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

'ക്രിസ്തുമസ് കാലത്ത് കൂടുതല്‍ നന്മ ചെയ്യാന്‍ സാധിക്കും' എന്ന സന്ദേശമുള്‍ക്കൊള്ളുന്ന ഒരു ഗാനത്തെ പരാമര്‍ശിച്ചുകൊണ്ട്, ലോകത്തിന് കൂടുതലായി സമാധാനവും സ്‌നേഹവും ഐക്യവും ആശംസിക്കാനുള്ള ഒരു ക്ഷണമാണ് നമുക്ക് മുന്നിലുള്ളതെന്ന് പാപ്പാ പ്രസ്താവിച്ചു.

വില്ല ബാര്‍ബരീനിയില്‍നിന്ന് 700 മീറ്ററുകള്‍ അകലെയാണ് പോള്‍ ആറാമന്‍ പൊന്തിഫിക്കല്‍ കത്തോലിക്കാ പ്രൈമറി സ്‌കൂള്‍. 1968 സെപ്റ്റംബര്‍ 12-ന് പോള്‍ ആറാമന്‍ പാപ്പായാണ് ഈ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കാതോലിക്കാവിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് അവിടെയുള്ള പ്രാദേശികസമൂഹത്തിന് സമ്മാനിച്ചത്. നിലവില്‍ മുന്നൂറോളം കുട്ടികളാണ് ഈ സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തുന്നത്. 

Tags

Share this story

From Around the Web