ആദ്ധ്യാത്മികജീവിതനവീകരണത്തിന് കര്‍മ്മലീത്താസഭാസമൂഹത്തെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:ജൂബിലി വര്‍ഷത്തില്‍, ജനറല്‍ ചാപ്റ്ററിനായി ഒരുമിച്ച് കൂടിയിരിക്കുന്ന കര്‍മ്മലീത്താസമൂഹത്തിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നും, തങ്ങളുടെ നിയോഗം തിരിച്ചറിഞ്ഞ് ജീവിക്കാനും പ്രാര്‍ത്ഥനയില്‍ ആഴപ്പെടാനും ആഹ്വാനം ചെയ്തും ലിയോ പതിനാലാമന്‍ പാപ്പാ.
ഇന്‍ഡോനേഷ്യയിലെ മെലങ്ങില്‍ സെപ്റ്റംബര്‍ 9 മുതല്‍ 26 വരെ തീയതികളില്‍ നടന്നുവരുന്ന കര്‍മ്മലീത്താസഭാസമൂഹത്തിന്റെ ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്നവര്‍ക്കായി, പ്രിയോര്‍ ജനറല്‍ ഫാ. മൈക്കിള്‍ ഒ'നീലിനയച്ച സന്ദേശത്തിലൂടെയാണ് ആധ്യാത്മികജീവിതനവീകരണത്തിന് പാപ്പാ സമൂഹാംഗങ്ങളെ ക്ഷണിച്ചത്.
ചാപ്റ്ററിനായി തിരഞ്ഞെടുക്കപ്പെട്ട 'നിയോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന നമ്മുടെ ധ്യാനാത്മക സാഹോദര്യം' എന്ന പ്രമേയത്തെ പരാമര്‍ശിച്ചുകൊണ്ട് ഇത്, സഭയ്ക്കും ലോകത്തിനുമായുള്ള സേവനത്തിന്റെ അടിസ്ഥാനമാകേണ്ട, ഒരുമിച്ചുള്ള പ്രാര്‍ത്ഥനാജീവിതം എന്ന കര്‍മ്മലീത്താസമൂഹത്തിന്റെ പ്രത്യേകസിദ്ധിയിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മപ്പിച്ചു.
കരുണയോടും ആര്‍ദ്രതയോടും കൂടെ ഏവരെയും ആശ്ലേഷിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹമയമായ കാഴ്ചപ്പാട് സ്വന്തമാക്കാനും പ്രവര്‍ത്തികമാക്കാനും നിങ്ങള്‍ക്ക് കടമയുണ്ടെന്ന്, സമൂഹത്തിന്റെ നിയമാവലി (നമ്പര്‍ 20) ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ധ്യാനപ്രസംഗങ്ങളിലൂടെയാണെങ്കിലും ആധ്യാത്മികജീവിതത്തിന് സഹായമേകുന്നതിലൂടെയാണെങ്കിലും, ഇടവകയിലോ യുവജനവിദ്യാഭ്യാസരംഗത്ത് സേവനമനുഷ്ഠിക്കുന്നതിലൂടെയോ ആണെങ്കിലും, നിങ്ങളുടെ പ്രവര്‍ത്തനങ്ങളും നിങ്ങളിലെ സ്‌നേഹത്തിന്റെ ഐക്യവും എല്ലായിടങ്ങളിലും, പ്രത്യേകിച്ച് ഭിന്നതകളും ധ്രുവീകരണ ചിന്തകളും മൂലം ചിതറിക്കപ്പെട്ട സമൂഹങ്ങളില്‍, ഐക്യത്തിന്റെ സാക്ഷ്യമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
കാര്‍മ്മല്‍ മലയിലെ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് ജനറല്‍ ചാപ്റ്റര്‍ അംഗങ്ങളെ സമര്‍പ്പിച്ച പാപ്പാ സമൂഹാംഗങ്ങള്‍ക്കേവര്‍ക്കും തന്റെ ആശീര്‍വാദവും നല്‍കി.
''കാര്‍മല്‍ മലയിലെ അനുഗ്രഹീതയായ കന്യകാമറിയത്തിന്റെ സന്ന്യസ്തസഹോദരന്മാരുടെ ക്രമം'' എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ സന്ന്യാസസമൂഹം സാധാരണയായി ''കര്‍മ്മലീത്താസഭ'' എന്ന പേരിലാണ് അറിയപ്പെടുന്നത്.