കായികരംഗത്തുണ്ടാകേണ്ട മൂല്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

 
Papa

കായികരംഗത്തുണ്ടാകേണ്ട മൂല്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ തന്നോടൊപ്പം പങ്കുചേരാൻ ലോകമെമ്പാടുമുള്ള വിശ്വാസികളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. 'പാപ്പായോടൊപ്പം പ്രാർത്ഥിക്കുക' എന്ന പരിശുദ്ധ പിതാവിന്റെ പേരിലുള്ള “ആഗോള പ്രാർത്ഥനാശൃംഖല” (Pope’s Worldwide Prayer Network) ജൂൺ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ജൂൺ മാസം രണ്ടാം തീയതി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.

കായികരംഗം വെറും ഒരു മത്സരവേദിയല്ലെന്നും, മറിച്ച് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും പാഠശാലയാണെന്നും തന്റെ സന്ദേശത്തിൽ പാപ്പാ ചൂണ്ടിക്കാട്ടി. കളിക്കളത്തിൽ രൂപപ്പെടുന്ന സൗഹൃദങ്ങൾക്കും, കൂട്ടായ പ്രവർത്തനത്തിന്റെ സന്തോഷത്തിനും കായികതാരങ്ങളുടെ അർപ്പണബോധത്തിനും പരിശുദ്ധ പിതാവ്  നന്ദി രേഖപ്പെടുത്തി.

ജീവിതത്തിലെന്നപോലെ കായിക മത്സരങ്ങളിൽ  ആരും ഒറ്റയ്ക്കല്ല വിജയിക്കുന്നതെന്നും, മറിച്ച്,  ഓരോ കളിയിലും മറ്റുള്ളവരെ വളരാൻ സഹായിക്കുകയും, പരസ്പരം ബഹുമാനിക്കാൻ പഠിക്കുകയും, വിജയങ്ങൾ ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യണമെന്നും പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു. കായികരംഗം കേവലം മത്സരത്തിന്റെ ഇടമല്ല, മറിച്ച് സാഹോദര്യവും ഉൾക്കൊള്ളലും സമാധാനവും വളർത്തുന്ന വേദിയായിരിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ കൂട്ടിച്ചേർത്തു.

കളിക്കുന്നവരും പരിശീലിപ്പിക്കുന്നവരും പിന്തുണയ്ക്കുന്നവരും, കായികരംഗത്ത് സംസ്കാരങ്ങളെ കൂടുതൽ അടുപ്പിക്കുന്നതും, ജനങ്ങളെ ഒന്നിപ്പിക്കുന്നതും, ബഹുമാനവും ഐക്യദാർഢ്യവും വ്യക്തിഗത വളർച്ചയും വിതയ്ക്കുന്നതുമായ ഒരു സാർവത്രിക ഭാഷ കണ്ടെത്തട്ടെയെന്നും. അതിലൂടെ ബഹുമാനവും ഐക്യദാർഢ്യവും വ്യക്തിത്വവളർച്ചയും പ്രോത്സാഹിപ്പിക്കപ്പെടട്ടെയെന്നും പാപ്പ പ്രാർത്ഥനയിൽ പ്രത്യേകം കൂട്ടിച്ചേർത്തു. വിജയത്തിലും പരാജയത്തിലും വിനയവും, കൃതജ്ഞതയും പുലർത്താൻ കായികവേദി  മനുഷ്യരെ പ്രാപ്തരാക്കണമെന്നും പരിശുദ്ധ പിതാവ്  പറഞ്ഞു.

92-ലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പാപ്പായുടെ “ആഗോള പ്രാർത്ഥനാശൃംഖലയിൽ ഇന്ന് 22 ദശലക്ഷത്തിലധികം അംഗങ്ങളുണ്ട്. പാപ്പായുടെ പ്രതിമാസ പ്രാർത്ഥനാ നിയോഗങ്ങളിലൂടെ സഭയും മനുഷ്യരാശിയും നേരിടുന്ന പ്രധാന വെല്ലുവിളികളിലേക്ക് വിശ്വാസികളുടെ ശ്രദ്ധയും, പ്രാർത്ഥനയും ക്ഷണിക്കുന്ന ഒന്നാണ് ഈ ആഗോള ആത്മീയ ശൃംഖല.

Tags

Share this story

From Around the Web