ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനാഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ
അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുക്തി ഉപേക്ഷിച്ച്, സമാധാനം ജീവിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പായുടെ സന്ദേശം.
ആഗോളസമാധാനദിനം ആചരിക്കപ്പെടുന്ന ജനുവരി ഒന്നാം തീയതിയിലേക്കായി തയ്യാറാക്കി ഡിസംബര്‍ 18 വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സുദീര്‍ഘമായ രേഖയിലൂടെയാണ്, ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്ക് പരിശുദ്ധ പിതാവ് മാനവികതയെ ക്ഷണിച്ചത്.
ആധികാരികവും സമൂര്‍ത്തവുമായ സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന പാപ്പാ, ഇത്തരത്തിലുള്ള സമാധാനം സ്‌നേഹത്തിലും നീതിയിലും അധിഷ്ഠിതമായിരിക്കുമെന്ന് തന്റെ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു.
സമാധാനത്തിനായുള്ള പരിശ്രമം, അക്രമത്തിന്റെ പാത വെടിഞ്ഞുള്ളതായിരിക്കണമെന്നും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു.
ഭയത്തിലും ഭീഷണിയിലും ആയുധബലത്തിലും അധിഷ്ഠിതമായ സമാധാനസ്ഥാപനശ്രമങ്ങളെ ആഗോളസമാധാനദിനത്തിലേക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശം തള്ളിക്കളഞ്ഞു.
ആയുധരഹിതമായതും, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതും,
ഹൃദയങ്ങളെ കൂടുതല്‍ വിശാലമാക്കുന്നതും, മറ്റുള്ളവരില്‍ വിശ്വാസവും സഹാനുഭൂതിയും പ്രത്യാശയും പകരുന്നതുമാകണം യഥാര്‍ത്ഥ സമാധാനശ്രമം.
ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യര്‍ക്ക് നല്‍കുന്ന 'നിങ്ങള്‍ക്ക് സമാധാനം' (യോഹന്നാന്‍ 20, 19) എന്ന അഭിവാദ്യത്തോടെയാണ് 2026-ലെ ആഗോളസമാധാനദിനത്തിലേക്കുള്ള തന്റെ സന്ദേശം പരിശുദ്ധ പിതാവ് ആരംഭിച്ചത്.
ഉത്ഥിതന്‍ നല്‍കുന്ന സമാധാനം, ആയുധരഹിതമായതും നിരായുധീകരിക്കുന്നതുമായ സമാധാനം എന്നീ മൂന്ന് ആശയങ്ങളാണ് തന്റെ സന്ദേശത്തില്‍ പാപ്പാ വിശദീകരിക്കുന്നത്.
ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായി വരുന്ന കര്‍ത്താവിനെക്കുറിച്ചും, തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഇല്ലാത്തതും, യുദ്ധത്തിനായുള്ള ആയുധങ്ങള്‍ പണിയായുധങ്ങളായി മാറ്റുന്ന ഒരു സമയത്തെക്കുറിച്ചും ഏശയ്യാ പ്രവാചകന്‍ പറയുന്ന (ഏശയ്യ 2, 4-5) വാക്കുകളോടെയാണ് പരിശുദ്ധ പിതാവ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.
സമാധാനസ്ഥാപനത്തിനായുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം വിശ്വാസികളും അവിശ്വാസികളുമായ ഏവര്‍ക്കും, പ്രത്യേകിച്ച് രാഷ്ട്രീയ-അധികാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കുമുള്ള ഒരു വിളിയും മാതൃകയുമാണ്.
ഡിസംബര്‍ 18 വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍, സമഗ്ര മാനവികവികസന സേവനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മൈക്കിള്‍ ചേര്‍ണി, പിസ യൂണിവേഴ്‌സിറ്റിയിലെ തത്വശാസ്ത്ര അദ്ധ്യാപകന്‍ പ്രൊഫ. തൊമാസൊ ഗ്രെകോ, ബോസ്‌നിയയില്‍നിന്നുള്ള ഫാ. പെറോ മിലിചേവിച്, ഇറ്റലിയുടെ പ്രധാനമന്ത്രിയും പ്രശസ്ത രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന ആല്‍ദോ മോറോയുടെ മകള്‍ മരിയ അഞ്ഞേസെ മോറോ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പോള്‍ ആറാമന്‍ പാപ്പാ 1967 ഡിസംബര്‍ 8-ന് നല്‍കിയ ഒരു സന്ദേശത്തിലൂടെ സ്ഥാപിക്കപ്പെട്ട ആഗോളസമാധാനദിനം 1968 ജനുവരി ഒന്നിനാണ് ആദ്യമായി ആചരിക്കപ്പെട്ടത്.