ഉക്രൈനിലും മിഡിൽ ഈസ്റ്റിലും യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ വേണം: ലെയോ പതിനാലാമൻ മാർപാപ്പ

 
Ukraine

അംഗോളയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തിയ ‘റജീന കെയ്ലി’ പ്രാർഥനാമധ്യേ, ഉക്രൈനിലെ ശക്തമായ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ഓർമ്മിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. 

അതേസമയം, ലെബനനിലും നയതന്ത്രശ്രമങ്ങളും ചർച്ചകളും ആവശ്യമാണെന്ന് പാപ്പ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ രാജ്യത്തേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച, അംഗോളയിലെ ലുവാണ്ടയിലുള്ള കിലാംബ ജില്ലയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തിയ റജീന കോയ്ലി പ്രസംഗത്തിനിടെയാണ് മാർപാപ്പ ഇപ്രകാരം സംസാരിച്ചത്.

“ഉക്രൈനെതിരെയുള്ള ആക്രമണങ്ങൾ അടുത്തകാലത്ത് വർധിച്ചതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു. ഇത് സാധാരണക്കാരെ ബാധിക്കുന്നത് തുടരുകയാണ്” എന്ന് പറഞ്ഞ പാപ്പ, ദുരിതമനുഭവിക്കുന്ന എല്ലാവരോടും തന്റെ അടുപ്പവും പ്രാർഥനയും അറിയിച്ചു. “ആയുധങ്ങൾ നിശ്ശബ്ദമാകാനും ചർച്ചകളുടെ പാത പിന്തുടരാനും ഞാൻ എന്റെ അഭ്യർഥന പുതുക്കുന്നു” എന്നും പാപ്പ കൂട്ടിച്ചേർത്തു.


കഴിഞ്ഞ ആഴ്ച ഉക്രൈനിൽ ഏറ്റവും മാരകമായ ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. 700 ലധികം ഡ്രോണുകൾ ഉപയോഗിച്ചു നടത്തിയ ആക്രമണങ്ങളിൽ ഒഡേസ, ഡിനിപ്രോ, കീവ് എന്നിവിടങ്ങളിലായി കുറഞ്ഞത് 18 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ വാരാന്ത്യത്തിൽ ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് നടന്ന ഹ്രസ്വമായ വെടിനിർത്തലിനു പിന്നാലെയാണ് ആക്രമണം ശക്തമായത്.

“ലെബനനിൽ പ്രഖ്യാപിച്ച വെടിനിർത്തൽ പ്രത്യാശയുടെ അടയാളമാണ്. ഇത് ലെബനനിലെ ജനങ്ങൾക്കും ലെവന്റ് മേഖലയ്ക്കും ആശ്വാസം നൽകുന്നു” – മാർപാപ്പ പറഞ്ഞു.

“നയതന്ത്ര പരിഹാരത്തിനായി പരിശ്രമിക്കുന്നവർ സമാധാനത്തിന്റെ പാതയിൽ തുടരാൻ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ മിഡിൽ ഈസ്റ്റിലുടനീളം ശത്രുതയുടെ അവസാനം ശാശ്വതമാകട്ടെ” – പാപ്പ പറഞ്ഞു.

നാല് ആഫ്രിക്കൻ രാഷ്ട്രങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ മൂന്നാം ഘട്ടമായി അംഗോളയിലുള്ള ലെയോ മാർപാപ്പ, ലുവാണ്ടയിലെ കിലാംബ മൈതാനിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

Tags

Share this story

From Around the Web