സാമൂഹിക സഹകരണവും സഹവാസവും പ്രോത്സാഹിപ്പിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
സംഘർഷങ്ങളും യുദ്ധങ്ങളും മറ്റു പ്രതിസന്ധികളും മൂലം ഭിന്നിച്ചുനിൽക്കുന്ന ഇന്നത്തെ ലോകത്തിലും പൊതുസമൂഹത്തിലും സാമൂഹികസഹകരണത്തിന്റെയും സമാധാനപൂർണമായ സഹവാസത്തിന്റെയും മൂല്യങ്ങൾ ജീവിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. മെയ് 30 ശനിയാഴ്ച, "ചെന്തേസിമൂസ് ആന്നൂസ് പ്രോ പൊന്തിഫീച്ചെ" പ്രസ്ഥാനത്തിലെ (Centesimus Annus Pro Pontifice Foundation) അംഗങ്ങൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച പാപ്പാ, സഭയുടെ സാമൂഹിക ഉദ്ബോധനങ്ങളുടെ പ്രധാന്യം പ്രത്യേകം എടുത്തുപറഞ്ഞു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്ഥാപിച്ചതും, വിവിധയിടങ്ങളിൽനിന്നുള്ളവരായ വിദഗ്ധരും വ്യവസായിക നേതൃത്വങ്ങളും, ഗവേഷകരും സഭാപ്രതിനിധികളും ഉൾക്കൊള്ളുന്ന ചെന്തേസിമൂസ് ആന്നൂസ് പ്രോ പൊന്തിഫീച്ചെ പ്രസ്ഥാനത്തിന്റെ പൊതുസമ്മേളനത്തിന്റെ ഭാഗമായി എത്തിയ നാനൂറോളം പേർക്ക് വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ആധുനിക സമൂഹങ്ങളും രാഷ്ട്രങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് മുന്നിൽ സഭയുടെ ഉദ്ബോധനങ്ങൾ അനുസരിച്ചുള്ള ജീവിതം ഒരു മറുമരുന്നായി നിർദ്ദേശിച്ചു.
ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും നിമിഷങ്ങൾ, നാം എങ്ങോട്ടാണ് പോകുന്നത്, നമ്മുടെ ലക്ഷ്യങ്ങൾ ഏതൊക്കെയാണ്, മാനവികസമൂഹത്തിലെ അംഗങ്ങളെന്ന നിലയിൽ നാം ഏതു ലക്ഷ്യത്തിലേക്കാണ് പോകേണ്ടത് തുടങ്ങിയ ചോദ്യങ്ങളിലേക്ക് മടങ്ങാനുള്ള സവിശേഷമായ സമയമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സത്യത്തിനും, ദൈവത്തിനും ജീവിതത്തിന്റെ അർത്ഥത്തിനും വേണ്ടിയുള്ള അന്വേഷണത്തിനും ആഗ്രഹത്തിനുമാണ് ഇത് നമ്മെ പ്രേരിപ്പിക്കുകയെന്നും പാപ്പാ പ്രസ്താവിച്ചു.
സ്വാതന്ത്ര്യമെന്നത് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള അനുവാദമോ സാധ്യതയോ മാത്രമായി കരുതരുതെന്നും, അതിന് സാമൂഹികമായ ഒരു മാനമുണ്ടെന്നും ഓർമ്മിപ്പിച്ച പാപ്പാ, മറ്റുളളവരിലേക്ക് തുറന്ന മനോഭാവത്തോടെ നോക്കാനും, മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കാനും സഹായിക്കുന്നതായിരിക്കണം അതെന്നും ഉദ്‌ബോധിപ്പിച്ചു.
നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിലുണ്ടാകേണ്ട മുൻകരുതലുകൾ, ധാർമ്മികത തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നതും തന്റെ ആദ്യത്തേതുമായ "മാഞ്ഞിഫിക്ക ഉമാനിത്താസ്" (Magnifica humanitas) എന്ന ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിനോടടുത്താണ് ഈ സമ്മേളനം നടക്കുന്നതെന്ന കാര്യം പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
സമകാലീനലോകത്ത് തുടരുന്ന ഭിന്നതകളും സംഘർഷങ്ങളും പരാമർശിച്ചുകൊണ്ട്, ദൈവത്തെ മറന്ന ഒരു മാനവികതയ്ക്ക് എപ്രകാരമാണ് പരസ്പരം സ്നേഹിക്കേണ്ടതെന്ന് അറിയില്ലെന്ന് പ്രസ്താവിച്ച പരിശുദ്ധ പിതാവ്, ക്രൈസ്തവർ വിശ്വസ്തതാപൂർവ്വം ജീവിക്കാനായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.
മനുഷ്യാന്തസ്സ്, നീതി, ഐക്യദാർഢ്യം, പൊതുനന്മ തുടങ്ങിയ മൂല്യങ്ങൾ, ക്രൈസ്തവവിശ്വാസത്തിന്റെയും സഭയുടെ ഉദ്ബോധനങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹത്തിൽ വളർത്തുകയെന്ന ഉദ്ദേശത്തോടെയാണ് 1993-ൽ സ്ഥാപിക്കപ്പെട്ട ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്.