രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ
കാറക്കാസ്/വെനസ്വേല: വെനസ്വേലയിലെ സ്ഥിതിഗതികളില്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി അറസ്റ്റ് ചെയ്ത യുഎസ് നടപടിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പരമാധികാരം പൂര്‍ണമായും ബഹുമാനിക്കപ്പെടണമെന്ന് പാപ്പ ആഹ്വാനം ചെയ്തത്.
വെനസ്വേലന്‍ ജനതയുടെ നന്മയ്ക്ക് മറ്റേത് കാര്യത്തെക്കാളും ഉപരിയായ പരിഗണന നല്‍കണമെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു.
നിയമവാഴ്ച ഉറപ്പാക്കേണ്ടതിന്റെയും ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.
വെനസ്വേലയ്ക്കുവേണ്ടി പ്രാര്‍ത്ഥനയില്‍ ഒന്നിക്കുവാന്‍ കത്തോലിക്കരെ ക്ഷണിച്ച പാപ്പ കൊറോമോട്ടോയിലെ നമ്മുടെ നാഥയുടെയും കഴിഞ്ഞ വര്‍ഷം വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിന്റെയും സിസ്റ്റര്‍ കാര്‍മെന്‍ റെന്‍ഡില്‍സിന്റെയും മാധ്യസ്ഥത്തിന് ഈ നിയോഗം ഭരമേല്‍പ്പിച്ചു.
മയക്കുമരുന്ന് കടത്ത് ആരോപിച്ച് പിടിയിലായ വെനസ്വേലയന്‍ പ്രസിഡന്റ് മഡുറോ യുഎസില്‍ വിചാരണ നേരിടുന്ന പശ്ചാത്തലത്തിലാണ് പാപ്പ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, മഡുറോയുടെ 'നിര്‍ബന്ധിത അസാന്നിധ്യ'ത്തില്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.