നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ

 
PAPA1


മാനവികത യുദ്ധങ്ങളും സംഘര്‍ഷങ്ങളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ഒരു ലോകത്ത് നിരായുധീകരണത്തിനും സമാധാനത്തിനും ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ. 

പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ പുറത്തുവിടുന്ന ആഗോളശൃംഖലയാണ് ലിയോ പതിനാലാമന്‍ പാപ്പാ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട് നടത്തുന്ന ഒരു പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങളോടെ 'പരിശുദ്ധപിതാവിന്റെ മാര്‍ച്ച് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം' എന്ന പേരിലുള്ള സന്ദേശം പ്രസിദ്ധീകരിച്ചത്.

പരിശുദ്ധ പിതാവിന്റെ പ്രാര്‍ത്ഥനയുടെ പരിഭാഷ ഇപ്രകാരമാണ്:

'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമേന്‍.

തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച, ജീവന്റെ നാഥാ, കൂട്ടായ്മയ്ക്കായാണ്, യുദ്ധത്തിനായല്ല, സഹോദര്യത്തിനായാണ് നാശത്തിനയല്ല അങ്ങ് ഞങ്ങളെ സൃഷ്ടിച്ചതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

'നിങ്ങള്‍ക്ക് സമാധാനം' എന്ന വാക്കുകളാല്‍ ശിഷ്യന്മാരെ അഭിവാദ്യം ചെയ്ത നീ, നിന്റെ സമാധാനവും, അത് ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശക്തിയും ഞങ്ങള്‍ക്ക് നല്‍കണമേ.

 രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കണമേയെന്നും സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമേയെന്നും അപേക്ഷിച്ചുകൊണ്ട്, ലോകത്ത് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ ഉയര്‍ത്തുന്നു.

അനുരഞ്ജനത്തിന്റെ ഉപകരണങ്ങളായി ഞങ്ങള്‍ മാറുവാന്‍ വേണ്ടി ഞങ്ങളുടെ ഹൃദയങ്ങളെ വെറുപ്പിലും, നീരസത്തിലും നിസംഗതയിലും നിന്ന് നിരായുധീകരിക്കുക.

 ഭയത്താല്‍ പോഷിപ്പിക്കപ്പെടുന്ന നിയന്ത്രണത്താലല്ല, ജനങ്ങള്‍ക്കിടയിലെ പരസ്പരവിശ്വാസത്തിലും നീതിയിലും, ഐക്യദാര്‍ഢ്യത്തിലും നിന്നാണ് യഥാര്‍ത്ഥ സുരക്ഷ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാന്‍ ഞങ്ങളെ സഹായിക്കുക.

മരണത്തിന്റെ പദ്ധതികളെ ഉപേക്ഷിക്കുന്നതിനും, ആയുധങ്ങള്‍ക്കുവേണ്ടിയുള്ള മത്സരം നിറുത്താനും ഏറ്റവും ദുര്‍ബലരായവരുടെ ജീവന് പ്രഥമസ്ഥാനം നല്‍കാനും വേണ്ടി കര്‍ത്താവേ രാഷ്ട്രങ്ങളുടെ നേതാക്കളെ പ്രബുദ്ധരാക്കണമേ. ആണവഭീഷണി ഇനിയൊരിക്കലും മാനവികതയുടെ ഭാവിയെ നിര്‍ണ്ണയിക്കാതിരിക്കട്ടെ.

പരിശുദ്ധാത്മാവേ, ഞങ്ങളുടെ ഹൃദയങ്ങളിലും, കുടുംബങ്ങളിലും, സമൂഹങ്ങളിലും, നഗരങ്ങളിലും, അനുദിന സമാധാനത്തിന്റെ വിശ്വസ്തരും ക്രിയാത്മകരുമായ നിര്‍മ്മാതാക്കളായി ഞങ്ങളെ മാറ്റുക.

 സൗമ്യതയോടെയുള്ള ഓരോ വാക്കും, അനുരഞ്ജനത്തിന്റെ ഓരോ പ്രവര്‍ത്തികളും, സംവദിക്കാനായുള്ള ഓരോ തിരഞ്ഞെടുപ്പുകളും പുതിയ ഒരു ലോകത്തിന്റെ വിത്തുകളാകട്ടെ.

ആമേന്‍.. 

Tags

Share this story

From Around the Web