സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ

 
leo papa

കഴിഞ്ഞദിവസം ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള പ്രാദേശിക സഭകളില്‍ ആചരിക്കുന്ന യുവജന ദിനത്തെക്കുറിച്ച് പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ  അനുസ്മരിച്ചു. 


അടുത്ത വര്‍ഷം ഓഗസ്റ്റില്‍ സെയൂളില്‍ നടക്കാനിരിക്കുന്ന 41-ാമത് ലോക യുവജനദിനത്തിന്റെ ആപ്തവാക്യമായ 'ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു' (യോഹ. 16:33) എന്ന യേശുവിന്റെ വചനം ഇന്നുമുതല്‍ യുവജനങ്ങളെ ഓരോ നിമിഷവും അനുഗമിക്കട്ടെയെന്നു  പാപ്പാ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

ക്രിസ്തുവിന്റെ വിജയം ഒരു ലൗകിക വിജയമല്ലെന്നും, മറിച്ച് ഏറ്റവും എളിയവരുമായി താദാത്മ്യം പ്രാപിക്കുന്ന എളിമയുള്ള ഒരു രാജാവിന്റെ വിജയമാണെന്നും  വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ അടിവരയിട്ടു. 

അതിനാല്‍ ക്രിസ്തുവിനെപ്പോലെ സൗമ്യരും എളിയവരുമാകാന്‍ എല്ലാ യുവജനങ്ങള്‍ക്കും ധൈര്യമുണ്ടാകട്ടെയെന്നും അവിടുത്തെ സ്‌നേഹം തങ്ങളുടെ ശക്തിയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

വരള്‍ച്ചാ ദുരിതം അനുഭവിക്കുന്ന പാപുവ ന്യൂ ഗിനിയയിലെയും മറ്റ് പസഫിക് രാജ്യങ്ങളിലെയും ജനങ്ങള്‍ക്കായി തന്റെ പ്രാര്‍ത്ഥനകളും സാമീപ്യവും പാപ്പാ അറിയിച്ചു. 


ഈ അടിയന്തര സാഹചര്യത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കൊപ്പം താനുമുണ്ടെന്നും, ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രയത്‌നിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും പാപ്പാ വ്യക്തമാക്കി.

ലോകത്ത് മരണവും വേദനയും വിതച്ചുകൊണ്ടിരിക്കുന്ന നിരവധി സംഘര്‍ഷങ്ങളുടെ ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കാനും പാപ്പാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. 

അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പരിഹാരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പരിശ്രമിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.

Tags

Share this story

From Around the Web