ഒക്ടോബര്‍ മാസത്തില്‍ സമാധാനത്തിനായി ജപമാല പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തത് ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍: ഒക്ടോബര്‍ മാസത്തില്‍ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ.
സെപ്റ്റംബര്‍ 24 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ ആരംഭത്തിലാണ്, ആഗോളസംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തില്‍ സമാധാനത്തിനായി പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം തേടാന്‍ പാപ്പാ ഏവരെയും ക്ഷണിച്ചത്.
ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ നടക്കുന്ന ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വത്തിക്കാന്‍ സേവനമനുഷ്ഠിക്കുന്ന ഏവരോടും പാപ്പാ പ്രത്യേകമായി ആഹ്വാനം ചെയ്തു.
അതേസമയം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ചതിന്റെ വാര്‍ഷികം കൂടിയായ ഒക്ടോബര്‍ 11-ന്, മരിയന്‍ ആധ്യാത്മികതയുടെ ജൂബിലി സായാഹ്നപ്രാര്‍ത്ഥനയുടെ കൂടി പശ്ചാത്തലത്തില്‍ വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്ക് മുന്നിലെ ചത്വരത്തില്‍ നടക്കാന്‍ പോകുന്ന ജപമാല പ്രാര്‍ത്ഥനയില്‍ നമുക്കൊരുമിച്ച് പങ്കെടുക്കാമെന്നും പാപ്പാ പറഞ്ഞു.
ഒക്ടോബര്‍ 11, 12 തീയതികളിലാണ് മരിയന്‍ ആദ്ധ്യാത്മികതയുടെ ജൂബിലി നടക്കുന്നത്.
1962 ഒക്ടോബര്‍ 11-ന് ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അറുപത്തിമൂന്നാമത് വാര്‍ഷികദിനമാണ് ഈ വര്‍ഷം ഒക്ടോബര്‍ 11-ന് ആചരിക്കുന്നത്.
സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച വൈകുന്നേരം കസ്‌തേല്‍ ഗാന്തോള്‍ഫോയില്‍നിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ അവസരത്തില്‍ ആയുധങ്ങള്‍ കൈവെടിയേണ്ടതിന്റെയും സമാധാനം പുനഃസ്ഥാപിക്കപ്പെടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചിരുന്നു.