ദൈവവുമായുള്ള സൗഹൃദം വളര്‍ത്താനും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ
വത്തിക്കാന്‍സിറ്റി: അനുദിനജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ദൈവവുമായുള്ള ബന്ധം വളര്‍ത്തുന്നതിനായി പരിശ്രമിക്കാനുംദൈവവുമായി മക്കള്‍ക്കടുത്ത ബന്ധം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
ജനുവരി 14 ബുധനാഴ്ച വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചയില്‍, 'ദേയി വേര്‍ബും' എന്ന ദൈവിക വെളിപാടിനെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റിയുഷനെ ആധാരമാക്കി ദൈവത്തോടുള്ള ബന്ധത്തിലുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചതിന് പിന്നാലെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം ആവര്‍ത്തിച്ചത്.
ബുധനാഴ്ച്ചയിലെ പ്രധാന പ്രഭാഷണം നടത്തിയതിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത വേളയില്‍ ഫ്രഞ്ച് ഭാഷക്കാരെ അഭിവാദ്യം ചെയ്ത പാപ്പാ ആരാധനാകാലക്രമപ്രകാരം നാം ആരംഭിച്ചിരിക്കുന്ന സാധാരണവര്‍ഷം അഥവാ ആണ്ടുവട്ടക്കാലത്തില്‍ നമ്മുടെ അനുദിനജീവിതത്തിലും നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളിലും ദൈവവുമായുള്ള സൗഹൃദബന്ധം വളര്‍ത്തിയെടുക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.
ദൈവത്തിന്റെ വചനം നമ്മുടെ ജീവിതത്തില്‍ പ്രതിധ്വനിക്കാനും അവനുമായി ആധികാരികമായ ഒരു പുത്രബന്ധം കാത്തുസൂക്ഷിക്കാനും വേണ്ടി നമ്മുടെ ദിവസങ്ങളുടെ കേന്ദ്രമായി വ്യക്തിപരമായ പ്രാര്‍ത്ഥന കാത്തുസൂക്ഷിക്കാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഇറ്റാലിയന്‍ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത അവസരത്തില്‍, കഴിഞ്ഞ ഞായറാഴ്ച ആഘോഷിക്കപ്പെട്ട ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ അനുസ്മരിച്ച പാപ്പാ ഇത് നമ്മില്‍ നമ്മുടെ മാമ്മോദീസായുടെ ഓര്‍മ്മകള്‍ ഉണര്‍ത്തട്ടെയെന്ന് ആശംസിച്ചു.
ഈ ഓര്‍മ്മകള്‍ ദൈവപിതാവിന്റെ പ്രിയപുത്രനും നമ്മുടെ ജീവിതമാര്‍ഗ്ഗങ്ങളെ പ്രകാശിപ്പിക്കുന്നവനും നമ്മുടെ സഹോദരനുമായ ക്രിസ്തുവിനോട് ചേര്‍ന്നു നില്‍ക്കുന്നതിലുള്ള സന്തോഷം ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്താനുള്ള പ്രേരണ നല്‍കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.