ആല്‍ബാനോ തടാകത്തിലെ ചരിത്രപരമായ മരിയന്‍ പ്രദക്ഷണത്തില്‍ പങ്കെടുത്ത് ലെയോ പതിനാലാമന്‍ പാപ്പ

 
ALBANO

ഇറ്റലിയിലെ കാസില്‍ ഗാന്‍ഡോള്‍ഫോയിലുള്ള ആല്‍ബാനോ തടാകത്തില്‍ നടന്ന ചരിത്രപരമായ മരിയന്‍ പ്രദക്ഷണത്തില്‍ പങ്കുചേര്‍ന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. 

മാര്‍പാപ്പമാരുടെ വേനല്‍കാല വസതി നിലനില്‍ക്കുന്ന കാസില്‍ ഗാന്‍ഡോള്‍ഫോയുടെ 400 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ തടാകത്തിലൂടെ ബോട്ട് മാര്‍ഗം മരിയന്‍ പ്രദക്ഷണത്തിന്റെ ഭാഗമാകുന്നത്.

 'പരിശുദ്ധ തടാകത്തിന്റെ മാതാവിന്റെ' തിരുനാളിനോടനുബന്ധിച്ചായിരുന്നു ഈ അപൂര്‍വ ചടങ്ങ്.

തടാകക്കരയിലുള്ള 'മരിയ സാന്തിസിമ ഡെല്‍ ലാഗോ' ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷമാണ് പരിശുദ്ധ പിതാവ് പ്രദക്ഷണത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ബോട്ടില്‍ മാര്‍പാപ്പ തടാകത്തിലൂടെ സഞ്ചരിക്കുകയും വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്തു.


വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ ലോകസമാധാനത്തിനായി മാര്‍പാപ്പ ശക്തമായി ആഹ്വാനം ചെയ്തു. ''ദ്വേഷവും അക്രമവും, നാശവും മരണവും മാത്രമേ നല്‍കൂ. നമ്മുടെ ഹൃദയങ്ങളെ വെറുപ്പും ഭയവും കൊണ്ട് മലിനമാക്കാന്‍ അനുവദിക്കരുത്,'' മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. നീതിയും സ്വാതന്ത്ര്യവും മാനവമഹത്വവും സംരക്ഷിക്കാന്‍ ലോകനേതാക്കള്‍ മുന്‍കൈയെടുക്കണമെന്നും ലെയോ പതിനാലാമന്‍ പാപ്പ കൂട്ടിച്ചേര്‍ത്തു.

മുന്‍ഗാമികളായ വിശുദ്ധ പോള്‍ ആറാമന്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവര്‍ മുന്‍പ് ഈ തിരുനാളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും തടാകത്തിലൂടെ വെള്ളത്തില്‍ പ്രദിക്ഷണം നടത്തിയ ആദ്യ മാര്‍പാപ്പയായി ലെയോ പതിനാലാമന്‍ മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് തീര്‍ഥാടകരും പ്രദേശവാസികളുമാണ് ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ തടാകക്കരയില്‍ തടിച്ചുകൂടിയത്.

Tags

Share this story

From Around the Web