വത്തിക്കാനിലെ ആശയവിനിമയത്തിനുള്ള ഡിക്കസ്റ്ററിയിലെ അംഗങ്ങളുടെ കുടുംബസംഗമത്തില്‍ ലിയോ പതിനാലാമന്‍ പാപ്പാ പങ്കെടുക്കുകയും സന്ദേശം നല്‍കുകയും ചെയ്തു

വത്തിക്കാന്‍: വത്തിക്കാന്‍ ഉദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന ലിയോ പതിമൂന്നാമന്‍ കൊട്ടാരത്തിനു മുന്‍പില്‍ വച്ച് നടന്ന വത്തിക്കാനിലെ ആശയവിനിമയത്തിനുള്ള ഡിക്കസ്റ്ററിയിലെ അംഗങ്ങളുടെ കുടുംബസംഗമത്തില്‍ ലിയോ പതിനാലാമന്‍ പാപ്പാ പങ്കെടുക്കുകയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു. സന്ദേശത്തില്‍, പരിശുദ്ധ സിംഹാസനത്തിന്റെ ആശയവിനിമയ സംവിധാനത്തിന്റെ പ്രത്യേകതയും, വ്യതിരിക്തതയും പാപ്പാ ചൂണ്ടിക്കാട്ടി.
'സഭ കുടുംബമാണ്, കുടുംബങ്ങളുടെ കുടുംബമായതിനാല്‍ ' ആശയവിനിമയത്തിനുള്ള ഡിക്കസ്റ്ററിയിലെ അംഗങ്ങളുടെ കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതില്‍ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ അറിയിച്ചു.
സാമൂഹിക ആശയവിനിമയ മാര്‍ഗങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പായുടെ ഓര്‍മ്മകളെ ഓര്‍മ്മിപ്പിക്കുന്ന ഈ സ്ഥലത്ത് കണ്ടുമുട്ടുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു.
പല രാജ്യങ്ങളില്‍ നിന്നുള്ളവരും, പല ഭാഷകള്‍ സംസാരിക്കുന്നവരും, വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നവരും എന്ന നിലയില്‍ ഡിക്കസ്റ്ററിയിലെ അംഗങ്ങള്‍ വൈവിധ്യമാര്‍ന്നവരാണെങ്കിലും, ലോകമെമ്പാടും സദ് വാര്‍ത്ത പ്രചരിപ്പിക്കാന്‍ പാപ്പായെയും പരിശുദ്ധ സിംഹാസനത്തെയും സഹായിക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഏവര്‍ക്കും ഉള്ളതെന്നു പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ എടുത്തുപറഞ്ഞുകൊണ്ട് പാപ്പാ പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍, പരിശുദ്ധ സിംഹാസനത്തിനും, ലോകത്തിന്റെ അതിര്‍ത്തികള്‍ക്കും ഇടയില്‍ വലിയ ഒരു ശൃംഖല പണിതുയര്‍ത്തുവാന്‍ നടത്തിയ ഡിക്കസ്റ്ററിയുടെ പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിച്ചു.
സത്യം പങ്കിടാനും, കാണാനും, മനസ്സിലാക്കാനും സഹായിക്കുന്നതാണ് ഈ ശൃംഖലയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നുവെങ്കിലും, ആരും മറ്റൊരാളേക്കാള്‍ പ്രധാനപ്പെട്ടവരല്ല എന്നുള്ളത് ഓര്‍ക്കണമെന്നും പാപ്പാ അടിവരയിട്ടു.
ജോലിക്ക് പുറമേ ഒഴിവുസമയത്തിന്റെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്നു പറഞ്ഞ പാപ്പാ നമ്മുടെ ആശയവിനിമയത്തോടൊപ്പം പ്രാര്‍ത്ഥന ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി.
ലോകം അത് അറിയുന്നില്ലായിരിക്കാം അത് മനസ്സിലാക്കുന്നില്ലായിരിക്കാം പക്ഷെ നാം അത് അറിയുകയും ചെയ്യുവാന്‍ പരിശ്രമിക്കുകയും വേണമെന്നും പാപ്പാ എടുത്തു പറഞ്ഞു.